പഞ്ചാബിന് പണികൊടുക്കാൻ കോലിയുടെ 'ഓട്ടം'; കയ്യോടെ പൊക്കി ഗവാസ്ക്കർ, കണ്ണടച്ച് അമ്പയർമാർ

Published : Jun 03, 2025, 10:15 PM IST
പഞ്ചാബിന് പണികൊടുക്കാൻ കോലിയുടെ 'ഓട്ടം'; കയ്യോടെ പൊക്കി ഗവാസ്ക്കർ, കണ്ണടച്ച് അമ്പയർമാർ

Synopsis

മത്സരത്തിന്റെ 12-ാം ഓവറിലായിരുന്നു സംഭവം

ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി ബാറ്റിങ്ങിനിടെ നടത്തിയ നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുൻ ഇന്ത്യൻ താരം സുനില്‍ ഗവാസ്ക്ക‍‍ര്‍. കലാശപ്പോരില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ സ്കോറിങ്ങ് വേഗത്തിലാക്കാൻ ഓപ്പണിങ്ങിനിറങ്ങിയ കോലിക്ക് സാധിച്ചിരുന്നില്ല. ബൗണ്ടറികള്‍ നേടാൻ കഴിയാതെ പോയതോടെ താരം കൂടുതല്‍ റണ്‍സും ഓടിയെടുക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് സംഭവം.

മത്സരത്തിന്റെ 12-ാം ഓവറിലായിരുന്നു കോലിക്കെതിരെ വിമര്‍ശനമുന്നയിക്കാൻ ഇടയായ കാരണമുണ്ടായത്. സ്പിന്നറായ യുസുവേന്ദ്ര ചഹലായിരുന്നു പന്തെറിഞ്ഞത്. പന്ത് ലോങ് ഓണിലേക്ക് തട്ടിയിട്ട കോലി ഉടൻ തന്നെ രണ്ട് റണ്‍സിനായി നോണ്‍ സ്ട്രൈക്കിലുണ്ടായിരുന്ന ലിയാം ലിവിങ്സ്റ്റണിന് നിര്‍ദേശം നല്‍കി. രണ്ട് റണ്‍സ് ഓടിയെടുക്കാനും ബെംഗളൂരു താരങ്ങള്‍ക്ക് കഴിഞ്ഞു. 

എന്നാല്‍ കമന്ററി ബോക്‌സിലുണ്ടായിരുന്ന ഗവാസ്ക്കര്‍ കോലി പിച്ചിലെ സ്റ്റമ്പ് ലൈനിലൂടെ ഓടുന്നത് ശ്രദ്ധിച്ചു. ഉടൻ തന്നെ അത് ചൂണ്ടിക്കാണിക്കുകയും ചെയ്തു. പിച്ചിലൂടെ ഓടുന്നത് പിച്ചിന്റെ സ്വഭാവം മാറുന്നതിന് കാരണമാകും. അതുകൊണ്ട് പലപ്പോഴും സമാന സംഭവങ്ങളില്‍ അമ്പയര്‍മാര്‍ ഇടപെടുകയും ബാറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യും. എന്നാല്‍, ഇവിടെ അത്തരമൊരു സംഭവം ഉണ്ടായിരുന്നില്ല, ഇതാണ് ഗവാസ്ക്കറെ ചൊടിപ്പിച്ചതും.

"കോലി മൈതാനത്തെ മികച്ച റണ്ണര്‍മാരിലൊരാളാണ്. പന്ത് ബാറ്റില്‍ കൊണ്ടപ്പോള്‍ തന്നെ രണ്ട് റണ്‍സ് നേടാമെന്ന് കോലിക്കറിയാമായിരുന്നു. അത് കോലി പറയുകയും ചെയ്തു. എന്നിട്ടാണ് പിച്ചിലേക്ക് കാല്‍വെച്ചോടിയത്. ഒരു അമ്പയര്‍മാരും കോലിയോട് ഇത് പറയില്ല. പിച്ചിലേക്ക് നേരെ ഓടുകയാണ് കോലി. പഞ്ചാബ് രണ്ടാമത് ബാറ്റ് ചെയ്യാനിരിക്കുകയാണ്," ഗവാസ്ക്കര്‍ പറഞ്ഞു.

ഫൈനലിലെ കോലിയുടെ ബാറ്റിങ് പ്രകടനത്തിലും വിമര്‍ശനം ഉയരുകയാണ്. കൂറ്റനടിക്ക് ശ്രമിക്കാത്തതാണ് ആരാധകരുടെ വിമര്‍ശനത്തിന് കാരണം. ആരാധകര്‍ മാത്രമല്ല കമന്ററി ബോക്സിലുണ്ടായിരുന്നു മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്‌ഡനും വിമര്‍ശനവുമായി എത്തി. സീസണിലുടനീളം 150 സ്ട്രൈക്ക് റേറ്റിലാണ് കോലി ബാറ്റ് ചെയ്തത്. എന്നാല്‍, ഫൈനലില്‍ കോലിയുടെ സ്ട്രൈക്ക് റേറ്റ് 122 മാത്രമായിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍