ഞാനാണ് ആ നിര്‍ദേശം മുന്നോട്ട് വച്ചത്; ഓസീസ് ടീമിനെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ബെയ്‌ലി

By Web TeamFirst Published Mar 26, 2020, 5:14 PM IST
Highlights

നിലവില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് ചോദിച്ചാല്‍, സ്റ്റീവ് സ്മിത്ത എന്നല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാവില്ല. 2015ലെ ഐസിസിയുടെ ഏകദിന ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് സ്മിത്ത് ശ്രദ്ധേയനായത്.

മെല്‍ബണ്‍: നിലവില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് ചോദിച്ചാല്‍, സ്റ്റീവ് സ്മിത്ത എന്നല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാവില്ല. 2015ലെ ഐസിസിയുടെ ഏകദിന ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് സ്മിത്ത് ശ്രദ്ധേയനായത്. ടൂര്‍ണമെന്റില്‍ എട്ടു കളികളില്‍ നിന്നും 67 ശരാശരിയില്‍ ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുടമക്കം 402 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്. ന്യൂസിലാന്‍ഡിനെതിരെ ഓസീസ് ഏഴു വിക്കറ്റിന്റെ ജയം കൊയ്ത ഫൈനലിലും 71 പന്തില്‍ 56 റണ്‍സോടെ താരം ടീമിന്റെ ജയത്തിനു ചുക്കാന്‍ പിടച്ചിരുന്നു.

സ്മിത്തിന്റെ മികച്ച പ്രകടനത്തിന് പിന്നില്‍ ഒരു രഹസ്യമുണ്ടായിരുന്നുവെന്നാണ മുന്‍ ഓസീസ് ടി20 നായകന്‍ ജോര്‍ജ് ബെയ്‌ലി പറയുന്നത്. സ്മിത്തിനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാനുള്ള തീരുമാനമാണ് ഓസീസിന് കിരീടം സമ്മാനിച്ചതെന്നാണ് ബെയ്‌ലി പറയുന്നത്. ഈ നിര്‍ദേശം മുന്നോട്ട് വച്ചത് ഞാനായിരുന്നുവെന്നും ബെയ്‌ലി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ഓസീസിനെ ലോക ചാംപ്യന്‍മാരാക്കുന്നതിനു ചുക്കാന്‍ പിടിച്ചത് സ്മിത്തായിരുന്നു. 

ടീം മാനേജ്‌മെന്റിനോട് ഞാന്‍ മുന്നോട്ടുവച്ച നിര്‍ദേശമാണ് ഫലം കണ്ടത്. 2015ലെ ലോകകപ്പിനു മുമ്പ് വരെ ഓസ്ട്രേലിയക്കു വേണ്ടി ബാറ്റിങില്‍ ലോവര്‍ മിഡില്‍ ഓര്‍ഡറിലാണ് സ്മിത്തിനെ കളിപ്പിച്ചിരുന്നത്. വലിയ ഇന്നിങ്സുകള്‍ പടുത്തുയര്‍ത്താനുള്ള ശേഷി സ്മിത്തിനുണ്ടെന്നും താരത്തെ ബാറ്റിങില്‍ മുന്നിലേക്ക് ഇറക്കണമെന്നും ഞാന്‍ നിര്‍ദേശിച്ചു.  ടീം മാനേജ്മെന്റ് ഈ നിര്‍ദേശം പരീക്ഷിച്ചപ്പോള്‍ വന്‍ വിജയമായി മാറുകയും ചെയ്തു. 

അന്ന് അങ്ങനെയൊരു നിര്‍ദേശം വച്ചില്ലായിരുന്നെങ്കിലും സ്മിത്ത് ഉയരങ്ങളില്‍ എത്തുമായിരുന്നു. അതിനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട്. സ്മിത്തിന് 50 ഓവറും ബാറ്റ് ചെയ്യാനുള്ള ശേഷിയുണ്ടെന്നുള്ളത് എനിക്ക് വ്യക്തമായിരുന്നു. ലോകകപ്പിലെ മിന്നുന്ന പ്രകടനത്തോടെ മൂന്നാം നമ്പര്‍ സ്ഥാനം സ്മിത്ത് തന്റെ പേരില്‍ ഉറപ്പിച്ചു.

click me!