കൊവിഡിന് വഴിയൊരുക്കിയത് ഭക്ഷണശീലങ്ങളെന്ന് അക്തര്‍

By Web TeamFirst Published Mar 26, 2020, 4:18 PM IST
Highlights

ജങ്ക് ഫുഡ് ഒഴിവാക്കി വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചിരുന്നെങ്കില്‍ ഇന്ന് നമുക്കെല്ലാം ആരോഗ്യത്തോടെ കഴിയാമായിരുന്നു. കൊറോണ പോലൊരു വൈറസും നമ്മുടെ പ്രതിരോധശേഷിയെ ബാധിക്കില്ലായിരുന്നു.

കറാച്ചി: കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ഭക്ഷണ രീതിയെ വിമര്‍ശിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം ഷൊയൈബ് അക്തര്‍. ജങ്ക് ഫുഡ്ഡും ഫിസി ഡ്രിങ്ക്സും കഴിച്ച് നമ്മള്‍ തന്നെയാണ് നമ്മുടെ പ്രതിരോധശേഷി ഇല്ലാതാക്കിയതെന്നും അതിന്റെ ഫലമാണ് കൊറോണ വൈറസിന്റെ രൂപത്തില്‍ നമ്മളിപ്പോള്‍ അനുഭവിക്കുന്നതെന്നും അക്തര്‍ പറഞ്ഞു. 

കൊവിഡ്-19നെ പ്രതിരോധിക്കണമെങ്കില്‍ എല്ലാവരും അവരുടെ ശ്വാസകോശം ആരോഗ്യത്തോടെ കാത്തുസൂക്ഷിച്ചെ മതിയാവൂ. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നമ്മള്‍ ശീലിച്ച ഭക്ഷണരീതിയാണ് നമ്മുടെ പ്രതിരോധശേഷി ഇല്ലാതാക്കിയത്. ജങ്ക് ഫുഡ് ഒഴിവാക്കി വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചിരുന്നെങ്കില്‍ ഇന്ന് നമുക്കെല്ലാം ആരോഗ്യത്തോടെ കഴിയാമായിരുന്നു. കൊറോണ പോലൊരു വൈറസും നമ്മുടെ പ്രതിരോധശേഷിയെ ബാധിക്കില്ലായിരുന്നു.

Also Read: വവ്വാല്‍, നായ ഇതെല്ലാം എങ്ങനെയാണ് ഭക്ഷിക്കുന്നത്? കൊറോണ വൈറസ് പകര്‍ന്നതില്‍ ചൈനയെ പഴിച്ച് ഷൊഹൈബ് അക്തര്‍

വാട്സ് ആപ്പിലൂടെ രോഗത്തെക്കുറിച്ച് തമാശകള്‍ പങ്കിടേണ്ട സമയമല്ലിത്. ഇന്ന് ഞാന്‍ കാറില്‍ പുറത്തിറങ്ങിയിരുന്നു. കാറിന്റെ വിന്‍ഡോ ഗ്ലാസുകളെല്ലാം ഉയര്‍ത്തിയാണ് ഞാന്‍ യാത്ര ചെയ്തത്. പരിചയക്കാരെ കണ്ടപ്പോള്‍ ഹസ്തദാനം ചെയ്യുകയോ ആലിംഗനം ചെയ്യുകയോ ചെയ്തില്ല. പെട്ടെന്ന് തന്നെ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ യാത്രക്കിടെ ഞാന്‍ കണ്ടത് നാലു പേര്‍ ചേര്‍ന്ന് ഒരു ബൈക്കില്‍ പിക്നിക്കിന് പോവുന്നതാണ്.  അവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച് യാത്ര പോവുന്നു. എന്തുകൊണ്ടാണ് രാജ്യത്തെ ഭക്ഷണശാലകളൊന്നും അടക്കാത്തതെന്നും അക്തര്‍ ചോദിച്ചു.

നേരത്തെ, ചൈനക്കാരുടെ ഭക്ഷണരീതിക്കെതിരെയും അക്തര്‍ നിലപാടെടുത്തിരുന്നു. പട്ടിയെയും വവ്വാലിനെയും കഴിക്കുന്ന ചൈനക്കാരുടെ ഭക്ഷണരീതിയാണ് കൊവിഡ് വരാന്‍ കാരണമെന്നായിരുന്നു അക്തര്‍ പറഞ്ഞത്.

click me!