
തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന സമയത്ത് 20 ഓവറും ഫീല്‍ഡില്‍ നില്‍ക്കുന്ന ഒരേയൊരു സെലിബ്രിറ്റി ക്യാപ്റ്റനെയുള്ളൂവെന്നും അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണെന്നും നടനും സിസിഎല്ലില്‍ കേരള സ്ട്രൈക്കേഴ്സ് താരവുമായ വിവേക് ഗോപന്‍. ഏതൊരു കാര്യം ചെയ്യുമ്പോഴും അതില്‍ 100 ശതമാനം നല്‍കുക എന്നതാണ് മോഹൻലാലിന്‍റെ രീതിയെന്നും വിവേക് ഗോപൻ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഗ്രൗണ്ടില്‍ പരിശീലനത്തിന് വരുമ്പോള്‍ പോലും മോഹൻലാലും ഞങ്ങളുടെ കൂടെയുണ്ടാകും. ബ്രേക്കെടുത്തശേഷം വീണ്ടും പരിശീലനത്തിനിറങ്ങുമ്പോള്‍ ലാലേട്ടന് വേണമെങ്കില്‍ വിശ്രമിക്കാം. പക്ഷെ അദ്ദേഹം അത് ചെയ്യില്ല, നമ്മുടെ കൂടെയിറങ്ങും എല്ലാറ്റിനും കൂടെ നില്‍ക്കും. നമ്മള്‍ എന്തൊക്കെ ചെയ്യുന്നോ അതുപോലെയൊക്കെ അദ്ദേഹവും ചെയ്യും. ലാലേട്ടാ ഒരു ഓവര്‍ എറിയണം എന്ന് പറഞ്ഞാല്‍ പിന്നെന്താ മോനെ, ബോളു തരൂ എന്ന് പറഞ്ഞ് ബൗള്‍ ചെയ്യും. അടുത്ത് ലാലേട്ടന്‍ ബാറ്റിംഗിന് ഇറങ്ങിക്കോളു എന്ന് പറഞ്ഞാല്‍ ഞാന്‍ ബാറ്റ് ചെയ്യണോ മോനെ, ചെയ്യാം എന്ന് പറഞ്ഞിറങ്ങും. ലാലേട്ടന്‍ എന്തും ചെയ്യും.
അതുപോലെ സിസിഎല്‍ മത്സരത്തിനിടയില്‍ ആണെങ്കില്‍ പോലും തെലുങ്കിലാണെങ്കില്‍ വെങ്കിടേഷ് സാറുണ്ട്, മുംബൈക്ക് സുനില്‍ ഷെട്ടി, കിച്ച സുദീപ്, ചെന്നൈക്ക് സൂര്യ സാറൊക്കെ ഉണ്ടായിരുന്നു. ഇവരൊക്കെ 20 ഓവര്‍ മത്സരത്തിനിടെ അഞ്ചോ പത്തോ ഓവറൊക്കെ ഗ്രൗണ്ടില്‍ നിന്ന് പുറത്തുപോയി വിശ്രമിക്കും. എന്നാല്‍ ഈ 20 ഓവറും സിസിഎല്ലില്‍ ഗ്രൗണ്ടിലിറങ്ങിയിട്ടുള്ള ഒറ്റ വ്യക്തി എന്ന് പറഞ്ഞാല്‍ അത് മോഹന്‍ലാല്‍ മാത്രമാണ്. വേറൊരു മനുഷ്യനും 100 ശതമാനം അര്‍പ്പണത്തോടെ അവിടെ നില്‍ക്കില്ല. അതും പരിശീലന മത്സരം കളിച്ചപ്പോഴൊക്കെ അദ്ദേഹം ഡൈവ് വരെ ചെയ്ത് ഫീല്‍ഡ് ചെയ്തിട്ടുണ്ട്.
ശാരീരികമായല്ല, മാനസികമായി അദ്ദേഹം എത്രമാത്രം തയാറെടുക്കുന്നു എന്നതാണ് പ്രധാനം. എനിക്ക് അത് പറയുമ്പോള്‍ രോമാഞ്ചം വരുന്നു. കാരണം ഒരു പ്രഫഷണല്‍ ഫീല്‍ഡര്‍ ഫീല്‍ഡ് ചെയ്യുന്നപോലെ ഡൈവ് ചെയ്ത് പന്ത് തടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകണ്ട് നമ്മളെല്ലാവരും അദ്ദേഹത്തിന് അടുത്തെത്തി അഭിനന്ദിച്ചാണ് പോകാറുള്ളത്. കാരണം അത്രമാത്രം ഡെഡിക്കേറ്റഡ് ആയിട്ടുള്ള മനുഷ്യനാണ് മോഹന്‍ലാലെന്നും വിവേക് ഗോപന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!