പാകിസ്ഥാന്‍ സെലക്ടര്‍ ആക്വിബ് ജാവേദ്, ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ 'ഫാസ്റ്റ് ബൗളര്‍മാരിലെ ഉസ്മാന്‍ താരിഖ്' എന്ന് വിശേഷിപ്പിച്ചു. പന്തെറിയുന്നതിന് തൊട്ടുമുമ്പ് ഉസ്മാന്‍ താരിഖ് വരുത്തുന്ന ചെറിയ ഇടവേള പാലെ ബുംറയുടെ ശൈലിയും സവിശേഷമാണെന്ന് അദ്ദേഹം പറഞ്ഞു.
കറാച്ചി: ഇന്ത്യന്‍ പേസ് ഇതിഹാസം ജസ്പ്രീത് ബുംറയെ 'ഫാസ്റ്റ് ബൗളര്‍മാരിലെ ഉസ്മാന്‍ താരിഖ്' എന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ സെലക്ടര്‍ ആക്വിബ് ജാവേദ്. ടി20 ലോകകപ്പ് കിരീടധാരണത്തിന് പിന്നാലെയാണ് ബുംറയുടെ ബൗളിംഗ് ശൈലിയെ സിംബാബ്വെ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ വ്യത്യസ്തമായ ആക്ഷനോട് ആക്വിബ് താരതമ്യം ചെയ്തത്. ടൂര്‍ണമെന്റില്‍ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം 14 വിക്കറ്റുകള്‍ വീഴ്ത്തി ബുംറ തിളങ്ങിയിരുന്നു.
ബുംറയുടെ അസാധാരണമായ ആക്ഷനും വേഗതയും ബാറ്റര്‍മാരുടെ താളം തെറ്റിക്കാനുള്ള കഴിവും ആധുനിക ക്രിക്കറ്റില്‍ അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നുവെന്ന് ആക്വിബ് ജാവേദ് അഭിപ്രായപ്പെട്ടു. പന്തെറിയുന്നതിന് തൊട്ടുമുമ്പ് ഉസ്മാന്‍ താരിഖ് വരുത്തുന്ന ചെറിയ ഇടവേള പാലെ ബുംറയുടെ ശൈലിയും സവിശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. ''ഈ ലോകകപ്പില്‍ ബുംറയെപ്പോലെ മറ്റൊരു ബൗളര്‍ ഇല്ല. അദ്ദേഹം ഒരു സാധാരണ ബൗളറല്ല, അദ്ദേഹത്തിന്റെ ആക്ഷന്‍ പോലും വ്യത്യസ്തമാണ്. ബാറ്റര്‍മാര്‍ക്ക് ഒരിക്കലും ബുംറയ്ക്കെതിരെ കൃത്യമായ താളം കണ്ടെത്താന്‍ കഴിയില്ല.'' ജാവേദ് മാധ്യമങ്ങളോട് പറഞ്ഞു. വസീം അക്രം, വഖാര്‍ യൂനിസ് തുടങ്ങിയ ഇതിഹാസങ്ങളുടെ നിഴല്‍ പോലും ഇന്നത്തെ ബൗളര്‍മാരില്‍ കാണാനില്ലെന്നും ബുംറ മാത്രമാണ് വേറിട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ബുംറയുടെ മാന്ത്രിക പ്രകടനം
ടി20 ലോകകപ്പിലുടനീളം ഇന്ത്യയുടെ കുന്തമുനയായിരുന്ന ബുംറ, നിര്‍ണ്ണായക നിമിഷങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 15 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ പ്രകടനം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച സ്‌പെല്ലുകളില്‍ ഒന്നാണ്. 96 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ ബുംറ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഈ ലോകകപ്പോടെ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടം ബുംറ സ്വന്തമാക്കി. ലസിത് മലിംഗ (38), ആന്റിക് നോര്‍ക്കിയ (38) എന്നിവരെ മറികടന്ന് ബുംറ ഒന്നാമതെത്തി. ടി20 ലോകകപ്പ് ഫൈനലില്‍ ഒരു പേസ് ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ബുംറ അഹമ്മദാബാദില്‍ കാഴ്ചവെച്ചത്. ഫൈനലില്‍ ഒരു ബൗണ്ടറി പോലും വഴങ്ങാതെയാണ് താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

