ഇന്ത്യ ഒരു സ്‌പിന്നറെ തീരുമാനിച്ചാല്‍ ആരാകും അത്? പ്രവചനവുമായി മൈക്കല്‍ ഹോള്‍ഡിംഗ്

By Web TeamFirst Published Jun 6, 2021, 3:33 PM IST
Highlights

ഇന്ത്യ ഒരു സ്‌പിന്നറെ കളിപ്പിക്കാന്‍ നിശ്ചയിച്ചാല്‍ അത് ആരാകും എന്ന് പറയുന്നു വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ്. 

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ പലരും പ്രവചിച്ചുതുടങ്ങി. സതാംപ്‌ടണിലെ സാഹചര്യങ്ങളില്‍ ഇന്ത്യ ‍എത്ര സ്‌പിന്നര്‍മാരെ കളിപ്പിക്കും എന്നതാണ് ഇതില്‍ ആശ്ചര്യം ജനിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. ഇന്ത്യ ഒരു സ്‌പിന്നറെ കളിപ്പിക്കാന്‍ നിശ്ചയിച്ചാല്‍ അത് ആരാകും എന്ന് പറയുന്നു വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ്. 

'തീര്‍ച്ചയായും സതാംപ്‌ടണിലെ സാഹചര്യങ്ങള്‍ മത്സരത്തില്‍ സ്വാധീനം ചൊലുത്തും. എന്നാല്‍ തെളിഞ്ഞ കാലാവസ്ഥ തുടര്‍ന്നാലും ഇന്ത്യക്കുള്ള വൈവിധ്യമാര്‍ന്ന ബൗളിംഗ് നിര ഗുണകരമാകും. തെളിഞ്ഞ ദിവസമാണെങ്കില്‍ രണ്ട് സ്‌പിന്നര്‍മാരെ കളിപ്പിക്കാവുന്നതാണ്. അതൊരു മുന്‍തൂക്കമാണ്. എന്നാല്‍ കാലാവസ്ഥ മങ്ങിയതാണെങ്കില്‍ ഇന്ത്യ ഒരു സ്‌പിന്നറെ കളിപ്പിക്കാനാണ് സാധ്യത. ബാറ്റ് കൊണ്ടും മികച്ച സംഭാവന നല്‍കാന്‍ കഴിയുന്ന രവിചന്ദ്ര അശ്വിനായിരിക്കും അത്. സതാംപ്‌ടണിലെ പിച്ച് സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്നതാണ്, അത് ഇന്ത്യ ഇഷ്‌ടപ്പെടും' എന്നും മൈക്കല്‍ ഹോള്‍ഡിംഗ് പറഞ്ഞു.  

ഇന്ത്യക്കെതിരായ ഫൈനലിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ച് തയ്യാറെടുപ്പുകള്‍ നടത്തുന്ന ന്യൂസിലന്‍ഡിന് മുന്‍തൂക്കമുണ്ട് എന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഹോള്‍ഡിംഗിന്‍റെ നിരീക്ഷണം. ബൗളിംഗ് നിരയിലെ വ്യത്യസ്തത ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുന്നു എന്നാണ് മുന്‍താരത്തിന്‍റെ വാക്കുകള്‍. സതാംപ്‌ടണിലെ ഏത് വെല്ലുവിളി നേരിടാനും ഇന്ത്യന്‍ ടീം സജ്ജമാണെന്നും ഹോള്‍ഡിംഗ് കൂട്ടിച്ചേര്‍ത്തു. 

സതാംപ്‌ടണില്‍ ജൂണ്‍ 18നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോര് ആരംഭിക്കുന്നത്. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി ടീം ഇന്ത്യ പരിശീലനം ആരംഭിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജയാണ് ആദ്യം പരിശീലനത്തിനിറങ്ങിയ താരങ്ങളിലൊരാള്‍. അതേസമയം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ച് കലാശപ്പോരിന് തയ്യാറെടുക്കുകയാണ് കെയ്‌ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസിലന്‍ഡ്. എന്നാല്‍ ഫൈനലിന് മുമ്പ് ഇന്ത്യക്ക് അന്താരാഷ്‌ട്ര മത്സരങ്ങളൊന്നുമില്ല. 

ഫൈനലില്‍ ഇന്ത്യയേക്കാള്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിനെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോം സാഹചര്യങ്ങളോട് സാമ്യതയുള്ള വേദിയില്‍ കലാശപ്പോര് നടക്കുന്നതാണ് ന്യൂസിലന്‍ഡിന് അനുകൂലമായി ലീ കാണുന്ന ഘടകം. സ്വിങ് ബോളുകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളോട് ന്യൂസിലന്‍ഡിന് കൂടുതല്‍ പരിചയമുണ്ട് എന്ന് പറയുന്ന ലീ, മികച്ച രീതിയില്‍ പന്തെറിയുന്ന ടീം വിജയിക്കും എന്നും പറഞ്ഞിരുന്നു. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

നിലവിലെ മികച്ച അഞ്ച് ടെസ്റ്റ് ബൗളര്‍മാര്‍; ഇയാന്‍ ചാപ്പലിന്‍റെ ടീമില്‍ മൂന്ന് ഇന്ത്യക്കാര്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: മുന്‍തൂക്കം ഇന്ത്യക്കെന്ന് വെംഗ്‌‌സര്‍ക്കാറും

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: നിര്‍ണായക നിര്‍ദേശങ്ങളുമായി റമീസ് രാജ, ടീം ഇന്ത്യയെ കുറിച്ച് പരാമര്‍ശം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!