ശ്രേയസിന് ശതകം; രാഹുലിനും കോലിക്കും ഫിഫ്റ്റി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

By Web TeamFirst Published Feb 5, 2020, 11:23 AM IST
Highlights

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നീലപ്പട 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 347 റണ്‍സെടുത്തു.

ഹാമില്‍ട്ടണ്‍: ക്ലാസ് കൊണ്ട് ശ്രേയസ് അയ്യരും കെ എല്‍ രാഹുലും വിരാട് കോലിയും വീണ്ടും ഞെട്ടിച്ചപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നീലപ്പട 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 347 റണ്‍സെടുത്തു. ശ്രേയസ് (103), രാഹുല്‍(88*), കോലി(51), എന്നിങ്ങനെയാണ് സ്‌കോര്‍. 

ഹാമില്‍ട്ടണില്‍ അരങ്ങേറ്റ ഏകദിനം കളിക്കുന്ന മായങ്ക് അഗര്‍വാളും പൃഥ്വി ഷായും കരുതലോടെയാണ് തുടങ്ങിയത്. പതുക്കെ ഗിയര്‍ മാറ്റിയ ഇരുവരും എട്ടാം ഓവറില്‍ 50 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. എന്നാല്‍ ഇതേ ഓവറിലെ അവസാന പന്തില്‍ ഷായെ ഗ്രാന്‍‌ഹോം വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്‍റെ കൈകളിലെത്തിച്ചു. 21 പന്തില്‍ 20 റണ്‍സാണ് കരിയറിലെ ആദ്യ ഏകദിനത്തില്‍ ഷായുടെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ മായങ്ക് അഗര്‍വാളിനെ(31) സൗത്തിയുടെ പന്തില്‍ ടോം ബ്ലെന്‍‌ഡല്‍ പിടികൂടി. 

കോലി- ശ്രേയസ്; മധ്യ ഓവറുകള്‍ സുരക്ഷിതം

പൃഥ്വി ഷായും മായങ്ക് അഗര്‍വാളും അടുത്തടുത്ത ഓവറുകളില്‍ പുറത്തായ ശേഷം ഇന്ത്യയെ മുന്നോട്ടുനയിക്കുകയിരുന്നു നായകന്‍ വിരാട് കോലിയും ശ്രേയസ് അയ്യരും. മധ്യഓവറുകളില്‍ കരുതലോടെ കളിച്ച ഇരുവരും മൂന്നാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 29-ാം ഓവറില്‍ ഇഷ് സോധിയുടെ പന്തില്‍ കോലി ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍, ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ശ്രേയസ് 66 പന്തില്‍ പിന്നാലെ ഏഴാം അര്‍ധ സെഞ്ചുറിയിലെത്തി. 

ശ്രേയസിന് സെഞ്ചുറി, രാഹുലിന് ഫിഫ്റ്റി

ടി20 പരമ്പരയിലെ മിന്നും ഫോമും സ്ഥിരതയും ആദ്യ ഏകദിനത്തിലും ഇരുവരും ആവര്‍ത്തിച്ചപ്പോള്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് പിടിപ്പത് പണിയായി. അടിച്ചുതകര്‍ത്ത് തുടങ്ങിയ രാഹുല്‍ 42 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയപ്പോള്‍ ശ്രേയസ് 101 പന്തില്‍ കന്നി ഏകദിന ശതകത്തിലെത്തി. 107 പന്തില്‍ 103 റണ്‍സെടുത്ത ശ്രേയസിനെ സൗത്തി 46-ാം ഓവറില്‍ പുറത്താക്കിയെങ്കിലും ഇന്ത്യ തളര്‍ന്നില്ല. രാഹുലും(64 പന്തില്‍ 88*) ജാദവും(15 പന്തില്‍ 26*) ചേര്‍ന്ന് ഇന്ത്യയെ 350ന് അടുത്തെത്തിച്ചു. 

click me!