44 വര്‍ഷത്തിനിടെ ആദ്യം; ഹാമില്‍ട്ടണില്‍ റെക്കോര്‍ഡിട്ട് മായങ്കും പൃഥ്വിയും

By Web TeamFirst Published Feb 5, 2020, 10:40 AM IST
Highlights

അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ ഇരുവരെയും ഓപ്പണര്‍മാരാക്കി അമ്പരപ്പിക്കുകയായിരുന്നു ഇന്ത്യന്‍ മാനേജ്‌മെന്‍റ്

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണിംഗില്‍ ആരാധകര്‍ കണ്ടത് പുതുമുഖങ്ങളെ. ടെസ്റ്റില്‍ നേരത്തെ അരങ്ങേറിയെങ്കിലും മായങ്ക് അഗര്‍വാളിന്‍റെയും പൃഥ്വി ഷായുടെയും ആദ്യ ഏകദിനമായിരുന്നു ഹാമില്‍ട്ടണിലേത്. അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ ഇരുവരെയും ഓപ്പണര്‍മാരാക്കി അമ്പരപ്പിക്കുകയായിരുന്നു ഇന്ത്യന്‍ മാനേജ്‌മെന്‍റ്.

ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു നാഴികക്കല്ലിലെത്തി മായങ്ക് അഗര്‍വാളും പൃഥ്വി ഷായും. 44 വര്‍ഷത്തിനിടെ ആദ്യമായാണ് രണ്ട് ഓപ്പണര്‍മാര്‍ ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറിയത്. 1976ല്‍ ക്രൈസ്റ്റ്‌ചര്‍ച്ച് ഏകദിനത്തില്‍ ദിലീപ് വെങ്‌സര്‍ക്കറും പാര്‍ഥസാരഥി ശര്‍മ്മയുമാണ് ഇതിനുമുന്‍പ് ഏകദിന അരങ്ങേറ്റത്തില്‍ ഓപ്പണര്‍മാരുടെ റോളിലെത്തിയത്. 

ഹാമില്‍ട്ടണില്‍ അരങ്ങേറ്റ മത്സരത്തില്‍ മായങ്കും ഷായും ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം നല്‍കി. ഇരുവരും 50 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. എട്ടാം ഓവറിലെ അവസാന പന്തില്‍ ഷായെ ഗ്രാന്‍‌ഹോം വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്‍റെ കൈകളിലെത്തിച്ചു. 21 പന്തില്‍ 20 റണ്‍സാണ് കരിയറിലെ ആദ്യ ഏകദിനത്തില്‍ ഷായുടെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ മായങ്ക് അഗര്‍വാളിനെ സൗത്തിയുടെ പന്തില്‍ ടോം ബ്ലെന്‍‌ഡല്‍ പിടികൂടി. മായങ്ക് 31 പന്തില്‍ 32 റണ്‍സെടുത്തു. 

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തോളിന് പരിക്കേറ്റതോടെയാണ് പൃഥ്വി ഷാ ടീമിലെത്തിയത്. വിലക്കിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവാണ് ഷായ്‌ക്ക് ന്യൂസിലന്‍ഡ് പരമ്പര. അതേസമയം രോഹിത് ശര്‍മ്മയ്‌ക്ക് അഞ്ചാം ടി20യില്‍ പരിക്കേറ്റതോടെയാണ് മായങ്ക് അഗര്‍വാളിന് വഴിതെളിഞ്ഞത്. ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കെ എല്‍ രാഹുലിന് മധ്യനിരയില്‍ അവസരം നല്‍കിയാണ് മായങ്കിനെ ടീം ഇന്ത്യ ഓപ്പണറാക്കിയത്. 
 

click me!