
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ വിജയത്തിനരികെ വിരാട് കോലി മടങ്ങിയപ്പോള്‍ ഇന്ത്യ ചെറിയ സമ്മര്‍ദ്ദത്തിലായിരുന്നു. 44 പന്തില്‍ 40 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 43ാം ഓവറിലെ നാലാം പന്തിലായിരുന്നു സാംപ കോലിയെ വീഴ്ത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു പിന്നീട് ക്രീസിലെത്തിയത്.
എന്നാല്‍ സാംപക്ക് ശേഷം പന്തെറിഞ്ഞ നഥാന്‍ എല്ലിസ് അടുത്ത ഓവറില്‍ 3 റണ്‍സ് മാത്രം നല്‍കി ഇന്ത്യയുടെ സമ്മര്‍ദ്ദം കൂട്ടി. പിന്നീട് പന്തെറിഞ്ഞ തന്‍വീര്‍ സംഗ ആദ്യ നാലു പന്തിലും റണ്‍സ് വഴങ്ങാതിരുന്നതോടെ ആാധകര്‍ ഒന്ന് പേടിച്ചു. അഞ്ചാം പന്ത് സിക്സിന് പറത്തിയ പാണ്ഡ്യ സമ്മര്‍ദ്ദം ഒന്ന് അയച്ചെങ്കിലും അപ്പോഴും എതിരാളികള്‍ ഓസ്ട്രേലിയ ആണെന്നത് ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടിയിരുന്നു. അവസാന 30 പന്തില്‍ 28 റണ്‍സായിരുന്നു ഇന്ത്യക്ക് അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്.
നഥാന്‍ എല്ലിസ് എറിഞ്ഞ 46-ാം ഓവറില്‍ ഒരു റണ്‍ മാത്രം നേടാനെ ഇന്ത്യക്കായുള്ളു. ഇതോടെ വിജയലക്ഷ്യം 24 പന്തില്‍ 27 ആയി. 47-ാം ഓവര്‍ എറിഞ്ഞ ആദം സാംപയുടെ ആദ്യ മൂന്ന് പന്തിലും സിംഗിള്‍ മാത്രമെടുക്കാനെ ഹാര്‍ദ്ദിക്കിനും രാഹുലിനും കഴിഞ്ഞുള്ളു. നാലാം പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്നതോടെ ആരാധകര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ നില്‍ക്കെ പാണ്ഡ്യ പവര്‍ കാട്ടി. സാംപയുടെ അഞ്ചും ആറും പന്തുകള്‍ സിക്സിന് പറത്തി ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. ഇതില്‍ സാംപയുടെ അഞ്ചാം പന്തില്‍ സ്ട്രൈറ്റ് ബൗണ്ടറിയിലേക്ക് പാണ്ഡ്യയടിച്ച സിക്സര്‍ ചെന്ന് വീണത് റോയല്‍ ബോക്സില്‍ കളി കണ്ടുകൊണ്ടിരുന്ന ഐസിസി ചെയര്‍മാൻ ജയ് ഷായുടെ തൊട്ടടുത്തായിരുന്നു.
ജയ് ഷായുടെ സമീപത്തുള്ളവര്‍ പന്ത് തലയില്‍ വീഴാതിരിക്കാന്‍ നോക്കിയപ്പോള്‍ റോയല്‍ ബോക്സിലെ ജനലുകളില്‍ ഇടിച്ച് താഴെ വീണ പന്ത് എടുത്ത് തിരികെ ഗ്രൗണ്ടിലേക്ക് എറിഞ്ഞു നല്‍കിയതാകട്ടെ ജയ് ഷാ തന്നെയായിരുന്നു. വിജയത്തിനരികെ വീണ്ടും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ പാണ്ഡ്യ പുറത്തായെങ്കിലും കെ എല്‍ രാഹുലിന്‍റെ സിക്സറിലൂടെ ഇന്ത്യ വിജയം പൂര്‍ത്തിയാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക