
ഹൈദരാബാദ്: മോശം ഫോമിലുള്ള വിരാട് കോലി(Virat Kohli) ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ശക്തനായി തിരിച്ചുവരുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍(Mohammad Azharuddin). കോലിയുടെ ബാറ്റിംഗ് ടെക്നിക്കില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും വലിയൊരു സ്കോര്‍ നേടിയാല്‍ വീണ്ടും പഴയ കോലിയെ കാണാനാകുമെന്നും ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അസ്ഹര്‍ പറഞ്ഞു.
അര്‍ധസെഞ്ചുറി നേടിയാലും കോലി പരാജയപ്പെട്ടുവെന്നാണ് ആളുകള്‍ പറയുന്നത്. ഇത്തരം അവസ്ഥകളിലൂടെ പല ക്രിക്കറ്റര്‍മാരും കടന്നുപോയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ഒരൊറ്റ സെഞ്ചുറി നേടിയാല്‍ മതി, കോലിക്ക് പഴയ ഫോമിലേക്ക് മടങ്ങിയെത്താനാകും. കാരണം, കോലിയുടെ ബാറ്റിംഗ് ടെക്നിക്കില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ല. ചില സമയം ഭാഗ്യം കൂടെ കനിയണമെന്നു മാത്രം. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടില്‍ വലിയൊരു സ്കോറോ സെഞ്ചുറിയോ നേടിയാല്‍ പിന്നീട് ആരാധകര്‍ക്ക് പഴയ കോലിയെ കാണാനാകും-അസ്ഹര്‍ വ്യക്തമാക്കി.
2019നുശേഷം ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടാന്‍ വിരാട് കോലിക്കായിട്ടില്ല. കഴിഞ്ഞ ഐപിഎല്ലിലും തിളങ്ങാന്‍ കോലിക്കായിരുന്നില്ല. രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ കോലിക്ക് നേടാനായത്. 16 മത്സരങ്ങളില്‍ 22.73 ശരാശരിയില്‍ 341 റണ്‍സാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ കോലി ഇത്തവണ ഐപിഎല്ലില്‍ നേടിയത്.
ധോണി ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ വിരമിക്കാനൊരുങ്ങി, മനസുമാറ്റിയത് സച്ചിന്‍, തുറന്നുപറഞ്ഞ് സെവാഗ്
ഐപിഎല്ലില്‍ കിരീടം നേടിയ ഗുജറാത്ത് ടീമിന്‍റെ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയ പ്രകടനത്തെയും അസ്ഹര്‍ പ്രശംസിച്ചു. എന്നാല്‍ സ്ഥിരത നിലനിര്‍ത്തുക എന്നതായിരിക്കും ഹാര്‍ദ്ദിക്കിന് മുന്നിലെ വലിയ വെല്ലുവിളിയെന്നും അസ്ഹര്‍ പറഞ്ഞു. ഓള്‍ റൗണ്ടര്‍ എന്ന നിലക്ക് ടീമിലെത്തിയാല്‍ എത്ര ഓവറുകള്‍ ഹാര്‍ദ്ദിക്കിന് എറിയാനാവുമെന്ന് ആര്‍ക്കും അറിയില്ല. എന്തായാലും ഓള്‍ റൗണ്ടറായതിനാല്‍ അദ്ദേഹം പന്തെറിഞ്ഞേ മതിയാവൂ എന്നും അസ്ഹര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!