
ദില്ലി: ഏകദിന സെഞ്ചുറികളില്‍ സച്ചിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി വിരാട് കോലിയ അഭിനന്ദിക്കുന്നില്ലെ എന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് നല്‍കിയ മറുപടി തെറ്റിപ്പോയെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ്. ബംഗ്ലാദേശിനെതിരായ മത്സരത്തിന്‍റെ തലേന്ന് വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോഴാണ് കുശാല്‍ മെന്‍ഡിസിനോട് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകൻ ചോദ്യം ഉന്നയിച്ചത്.
വിരാട് കോലി 49-ാം സെഞ്ചുറി അടിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ആദ്യം ചോദ്യം മനസിലാവാതിരുന്ന കുശാല്‍ മെന്‍ഡിസ് ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ചോദ്യം അവര്‍ത്തിച്ചതോടെ ഞാനെന്തിന് അഭിനന്ദിക്കണം എന്നായിരുന്നു ചിരിയോടെ കുശാല്‍ മെന്‍ഡിസിന്‍റെ മറുപടി.
എന്നാല്‍ അന്ന് താന്‍ നല്‍കിയ മറുപടി തെറ്റിപ്പോയെന്നും മാധ്യമപ്രവര്‍ത്തകന്‍ പെട്ടെന്ന് ചോദ്യം ചോദിച്ചപ്പോള്‍ ചോദ്യം മനസിലായില്ലെന്നും കുശാല്‍ മെന്‍ഡിസ് വിശദീകരിച്ചു. ഏകദിന ക്രിക്കറ്റില്‍ 49 സെഞ്ചുറികള്‍ നേടുക എന്നത് എളുപ്പമല്ലെന്നും അന്ന് അങ്ങനെ പ്രതികരിച്ചതില്‍ ഖേദിക്കുന്നുവെന്നും കുശാല്‍ മെന്‍ഡിസ് വിശദീകരിച്ചു.
ദക്ഷിണാഫ്രിക്കെതിരായ ലോകകപ്പ് മത്സരത്തില്‍ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തിലാണ് കോലി ഏകദിന സെഞ്ചുറികളില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പെമത്തിയത്. പിറന്നാള്‍ ദിനത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ കോലി കാഗിസോ റബാഡ എറിഞ്ഞ 49-ാം ഓവറിലാണ് സെഞ്ചുറിയുമായി സച്ചിനൊപ്പമെത്തിയത്. 119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി സെഞ്ചുറിയടിച്ചത്.
നേരത്തെ ഈ ലോകകപ്പില്‍ രണ്ട് തവണ സെഞ്ചുറിക്ക് അരികെ കോലി നേരത്തെ പുറത്തായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 85 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്‍പിയായ കോലി ബംഗ്ലാദേശിനെതിരെ 48-ാം ഏകദിന സെഞ്ചുറി കുറിച്ചു. ന്യൂസിലന്‍ഡിനെതിരെ 95 റണ്‍സില്‍ നില്‍ക്കെ വിജയ സിക്സര്‍ അടിക്കാനുള്ള ശ്രമത്തില്‍ പുറത്തായ കോലി ശ്രീലങ്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 88 റണ്‍സെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!