രഹാനെയുടെ പകരക്കാരന്‍, പുതിയ ടെസ്റ്റ് ഉപനായകന്‍; പേരുകളുമായി ഇയാന്‍ ചാപ്പല്‍

By Web TeamFirst Published Sep 12, 2021, 4:16 PM IST
Highlights

മൂന്ന് താരങ്ങള്‍ക്ക് രഹാനെയുടെ ബാറ്റിംഗ് സ്ഥാനം ഏറ്റെടുക്കാനുള്ള കഴിവുണ്ടെന്ന് പറയുകയാണ് ഓസീസ് മുന്‍ ക്യാപ്റ്റനും കമന്‍റേറ്ററുമായ ഇയാന്‍ ചാപ്പല്‍

സിഡ്‌നി: ഉപനായകനെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അജിങ്ക്യ രഹാനെയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങിയതാണ് രഹാനെയുടെ കസേരയ്‌ക്ക് ഇളക്കം തട്ടുന്നത്. അഞ്ചാം നമ്പറില്‍ രഹാനെയുടെ പകരക്കാരനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. മൂന്ന് താരങ്ങള്‍ക്ക് രഹാനെയുടെ ബാറ്റിംഗ് സ്ഥാനം ഏറ്റെടുക്കാനുള്ള കഴിവുണ്ടെന്ന് പറയുകയാണ് ഓസീസ് മുന്‍ ക്യാപ്റ്റനും കമന്‍റേറ്ററുമായ ഇയാന്‍ ചാപ്പല്‍. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ പേരാണ് ചാപ്പല്‍ പറയുന്നത്. ഇവരില്‍ പാണ്ഡ്യ മാത്രമാണ് ഇപ്പോള്‍ ടെസ്റ്റ് ടീമിന് പുറത്തുള്ളൂ. 

'രവീന്ദ്ര ജഡേജയും റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും രവിചന്ദ്ര അശ്വിനും അടങ്ങുന്ന മധ്യനിരയ്‌ക്ക് മികച്ച റണ്‍സ് നല്‍കാനാകും. ബാറ്റിംഗ് ക്രമം പരസ്‌പരം വച്ചുമാറാന്‍ കഴിയുന്ന താരങ്ങളാണിവര്‍. റിഷഭാണ് ഇവരിലെ മികച്ച ബാറ്റ്സ്‌മാന്‍. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ബാറ്റ് ചെയ്യാന്‍ കഴിയുന്ന പന്തിന് അഞ്ചാം നമ്പര്‍ അനായാസം കൈകാര്യം ചെയ്യാനാകും. നീണ്ട സമയം ഫീല്‍ഡ് ചെയ്‌തിട്ടാണ് വരുന്നതെങ്കില്‍ പന്തിനെ താഴേക്കിറക്കി ജഡേജയെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാം. പാണ്ഡ്യയും അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരമാണ്. മികച്ച സ്‌ട്രോക്ക്‌പ്ലേ കളിക്കാന്‍ കഴിയുന്നവരാണ് മൂവരും. രഹാനെയുടെ തന്ത്രങ്ങളും സ്‌പിന്നര്‍മാര്‍ക്കെതിരായ സ്ലിപ് ഫീല്‍ഡിംഗും മിസ് ചെയ്യുമെങ്കിലും രോഹിത് ശര്‍മ്മയ്‌ക്ക് ഉപനായകസ്ഥാനം ഏറ്റെടുക്കാനാകും' എന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു. 

മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ മാച്ച് വിന്നിംഗ് സെഞ്ചുറിക്ക് ശേഷം അജിങ്ക്യ രഹാനയുടെ ബാറ്റിംഗ് താളം നഷ്‌ടമായിരിക്കുകയാണ്. 2021ല്‍ കളിച്ച 11 ടെസ്റ്റുകളില്‍ 19.57 ശരാശരിയില്‍ 372 റണ്‍സ് മാത്രമാണ് താരം നേടിയത്. 19 ഇന്നിംഗ്‌സുകളില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമേ താരത്തിനുള്ളൂ. 

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ കളിച്ച നാല് ടെസ്റ്റുകളിലും രഹാനെയ്‌ക്ക് അവസരം നല്‍കിയെങ്കിലും ബാറ്റിംഗില്‍ നിരാശയായിരുന്നു ഫലം. ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 15.57 ശരാശരിയില്‍ 109 റണ്‍സ് മാത്രമാണ് നേടാനായത്. ഓവലിലെ നാലാം ടെസ്റ്റില്‍ അഞ്ചാം നമ്പറില്‍ രണ്ട് ഇന്നിംഗ്‌സുകളിലും രഹാനെയ്‌ക്ക് പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇറങ്ങിയത്. അവസാന 10 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ 27, 49, 15, 5, 1, 61, 18, 10, 14, 0 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോര്‍. 

ഓവലില്‍ രഹാനെ കളിച്ചത് ഇന്ത്യക്ക് വേണ്ടിയുള്ള അവസാന ടെസ്റ്റ് ഇന്നിംഗ്‌സ്: പാര്‍ത്ഥിവ് പട്ടേല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!