
ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടിൽ നിന്ന് പിന്‍മാറണമെങ്കില്‍ ഐസിസിക്ക് മുമ്പിൽ പുതിയ ഉപാധികള്‍ വെച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ചാൽ ബഹിഷ്‌കരണ ഭീഷണി പിന്‍വലിച്ച് ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തില്‍ കളിക്കാമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയുമായി നടത്തുന്ന ചര്‍ച്ചകളില്‍ വ്യക്തമാക്കിയത്.
ഐസിസി വരുമാന വിഹിതത്തിൽ വർധനവ് വരുത്തണമെന്നാണ് പാകിസ്ഥാന്‍റെ പ്രധാന ആവശ്യങ്ങളിലൊന്ന്. നിലവിൽ ഐസിസിയുടെ വാർഷിക വരുമാനത്തിൽ നിന്ന് 34.5 ദശലക്ഷം ഡോളറാണ് പാകിസ്ഥാന് ലഭിക്കുന്നത് (ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്ത്). ഇന്ത്യ-പാക് മത്സരത്തിലൂടെ ലഭിക്കുന്ന കോടികളുടെ ലാഭത്തിൽ തങ്ങൾക്ക് കൂടുതൽ വിഹിതം വേണമെന്നാണ് പാകിസ്ഥാന്‍റെ ആവശ്യം.
ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകൾ പുനരാരംഭിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യ-പാക് ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുകയാണ്. ഇത് പുനരാരംഭിക്കാൻ ഐസിസി ഇടപെടണമെന്നതാണ് രണ്ടാമത്തെ ആവശ്യം. എന്നാൽ ഇതിൽ ബിസിസിഐയേക്കാൾ ഇന്ത്യൻ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത് എന്നതിനാൽ ഇക്കാര്യത്തിൽ ഉറപ്പ് ലഭിക്കാൻ പ്രയാസമാണ്.
ടൂർണമെന്‍റുകളുടെ നടത്തിപ്പിലും ഭരണപരമായ തീരുമാനങ്ങളിലും ഐസിസിയിൽ കൂടുതൽ പ്രാധാന്യം വേണണെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ പാകിസ്ഥാനെ അനുനയിപ്പിക്കാന്‍ സിംഗപ്പൂർ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാൻ ഇമ്രാൻ ഖവാജ, ഒമാൻ ക്രിക്കറ്റ് മേധാവി പങ്കജ് ഖിംജി എന്നിവരുടെ മധ്യസ്ഥതയിൽ ഐസിസിയും പിസിബിയും തമ്മിൽ ചർച്ചകൾ നടത്തിവരികയാണ്. ഒരു ഒത്തുതീർപ്പ് ഉടൻ ഉണ്ടായേക്കുമെന്നും ഫെബ്രുവരി 15-ലെ മത്സരം ഉപേക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോകകപ്പില്‍ 15ന് നടക്കേണ്ട ഇന്ത്യ-പാക് മത്സരത്തിനായി പാകിസ്ഥാൻ എത്തിയില്ലെങ്കിലും തങ്ങൾ കൊളംബോയിൽ എത്തും എന്ന നിലപാടിലാണ് ഇന്ത്യൻ ടീം. പാകിസ്ഥാൻ വിട്ടുനിന്നാൽ ഇന്ത്യയ്ക്ക് വാക്കോവർ (രണ്ട് പോയിൻ്റ്) ലഭിക്കും. ഇത് പാകിസ്ഥാന്‍റെ സെമി സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ബിസിസിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല.
സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്‍റിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം കളിക്കില്ലെന്ന് പാകിസ്ഥാൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ ലോകക്രിക്കറ്റിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കപ്പെടുന്നത് ഐസിസിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഈ സാഹചര്യം മുതലെടുത്ത് തങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങൾ നേടിയെടുക്കാനാണ് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ശ്രമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!