ടി20 ലോകകപ്പ്: എം എസ് ധോണിയെക്കാൾ മികച്ച ഉപദേഷ്‌ടാവിനെ ടീമിന് കിട്ടാനില്ല; വാഴ്‌ത്തിപ്പാടി കെ എല്‍ രാഹുല്‍

By Web TeamFirst Published Oct 22, 2021, 10:25 AM IST
Highlights

ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്‍റെ ഏറ്റവും വലിയ മുതൽക്കൂട്ട് എം എസ് ധോണിയുടെ സാന്നിധ്യമാണെന്നാണ് ഓപ്പണിംഗ് ബാറ്റ്സ്‌മാൻ കെ എൽ രാഹുല്‍. 

ദുബായ്: ടി20 ലോകകപ്പിന്(T20 World Cup 2021) മുമ്പ് ടീം ഇന്ത്യയുടെ ഉപദേഷ്‌ടാവ് എം എസ് ധോണിയെ(MS Dhoni) വാനോളം പുകഴ്‌ത്തി കെ എൽ രാഹുൽ(KL Rahul). ധോണിയെക്കാൾ മികച്ചൊരു ഉപദേഷ്‌ടാവിനെ ഇന്ത്യൻ ടീമിന്(Team India) കിട്ടാനില്ല. ധോണിയുടെ തന്ത്രങ്ങളാകും ലോകകപ്പില്‍ ഇന്ത്യൻ ടീമിന്‍റെ ഏറ്റവും വലിയ കരുത്തെന്നും കെ എൽ രാഹുൽ പറഞ്ഞു.

'നായകനായിരുന്നപ്പോഴും തങ്ങൾക്കെല്ലാം വേണ്ട ഉപദേശം തന്നിരുന്നത് ധോണിയാണ്. ആ നിമിഷങ്ങൾ തിരിച്ചുവന്നിരിക്കുകയാണിപ്പോൾ. അതിന്‍റെ ആവേശം ഡ്രസിംഗ് റൂമിൽ പ്രകടമാണ്. മുൻതാരങ്ങളിൽ മറ്റാരെങ്കിലും ആയിരുന്നു ഉപദേഷ്‌ടാവായി എത്തിയിരുന്നതെങ്കിൽ ഇത്ര ആവേശം കളിക്കാർക്കിടയിൽ ഉണ്ടാകണമെന്നില്ല. പൂർണ സ്വാതന്ത്ര്യവും കിട്ടണമെന്നില്ല. രണ്ടാം ടി20 കിരീടം സ്വപ്നം കാണുന്ന ഇന്ത്യൻ ടീമിന് ധോണിയെക്കാൾ മികച്ചൊരു ഉപദേഷ്‌‌ടാവില്ലെന്നത് വ്യക്തമാണെ'ന്നും കെ എൽ രാഹുൽ അഭിപ്രായപ്പെട്ടു. 

ടി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തില്‍ വിധിയെഴുതുക ഒറ്റക്കാര്യം: മാത്യു ഹെയ്ഡന്‍

ഇന്ത്യന്‍ തുടക്കം പാകിസ്ഥാനെതിരെ 

ദുബായില്‍ ഞായറാഴ്‌ച പാകിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു. സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനും ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിനുമാണ് ഇന്ത്യ തോൽപ്പിച്ചത്. 

ടി20 ലോകകപ്പ്: യോഗ്യതാ റൗണ്ട് ക്ലൈമാക്‌സില്‍; സൂപ്പർ 12 ചിത്രം ഇന്ന് തെളിയും

ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ ഇരുവരും പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. ഈ മേധാവിത്വം തുടര്‍ന്ന് ഇക്കുറി മിന്നും തുടക്കമാണ് വിരാട് കോലിയും സംഘവും ലക്ഷ്യമിടുന്നത്. 

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

ടി20 ലോകകപ്പ്: 'ഇന്ത്യ ഹോട്ട് ഫേവറൈറ്റുകള്‍'; മുന്‍ നിലപാടില്‍ മലക്കംമറിഞ്ഞ് മൈക്കല്‍ വോണ്‍
 

click me!