
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ കേപ്ടൗണിലെ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഒരു ദിവസം 23 വിക്കറ്റ് വീണ മത്സരം ഇന്ത്യയിലായിരുന്നെങ്കില്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകം വിമര്‍ശനവുമായി ചാടിയിറങ്ങുമായിരുന്നുവെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
23 വിക്കറ്റ് വീണിട്ടും പിച്ച് മോശമാണെന്ന് ആരും പറയുന്നില്ല. ഇന്ത്യയിലെ സ്പിന്‍ പിച്ചിലാണ് 20 വിക്കറ്റ് വീണതെങ്കിലും ഇപ്പോള്‍ എന്തൊക്കെ ബഹളമാകുമായിരുന്നു. വിദേശമാധ്യമങ്ങള്‍ ആരോപിക്കുന്നത്, ഇന്ത്യ പിച്ചില്‍ കൃത്രിമം കാണിച്ചാണ് വിജയിക്കുന്നത് എന്നാണ്. എന്നാല്‍ ഇതേകാര്യം ദക്ഷിണാഫ്രിക്കയില്‍ നടന്നപ്പോള്‍ അവരെല്ലാം വായടച്ച് നിശബ്ദരായിരിക്കുകയാണ്.
2021ല്‍ ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ടെസ്റ്റിന് വേദിയായ അഹമ്മദാബാദിലെ പിച്ചിനോടാണ് കേപ്ടൗണ്‍ പിച്ചിന് സാമ്യം. അന്ന് പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് അധിക അനുകൂല്യം കിട്ടിയിരുന്നു. ടേണ്‍ ചെയ്യിക്കാനായി എറിയുമ്പോഴും നേരെ എറിയുമ്പോഴും അഹമ്മദാബാദില്‍ പന്ത് തിരിഞ്ഞിരുന്നു. ബാറ്റിംഗ് അതീവ ദുഷ്കരമാകുകയും ചെയ്തു.
ഇത്തരം പിച്ചുകളില്‍ ബാറ്റര്‍മാരുടെ കഴിവല്ല, ഭാഗ്യമാണ് പ്രധാനം. കേപ്ടൗണിലേതും സമാനമായ പിച്ചാണ്. ഇവിടെയും കഴിവിനെക്കാള്‍ വേണ്ടത് ഭാഗ്യമാണ്. ഇത്തരം പിച്ചുകളില്‍ കളിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് ഗുണം ചെയ്യില്ല. ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടത് കഴിവിന്‍റെ അടിസ്ഥാനത്തിലാണ്. ഭാഗ്യം കൊണ്ടല്ല. ഈ ടെസ്റ്റ് രണ്ട് ദിവസത്തില്‍ കൂടുതല്‍ നീളാനിടയില്ല. മൂന്നാം ദിനത്തിലേക്ക് ഈ കളി പോയാല്‍ അത്ഭുതമെന്നേ പറയാനാവൂ എന്നും ആകാശ് ചോപ്ര പറഞ്ഞു.
ആ വിക്കറ്റ് ആഘോഷിക്കേണ്ട, അവനെ ആദരവോടെ യാത്രയാക്കു; ദക്ഷിണാഫ്രിക്കയുടെ ഹൃദയം തൊട്ട് വിരാട് കോലി
കേപ്ടൗണ്‍ ടെസ്റ്റിന്‍റെ ആദ്യ ദിനം മാത്രം 23 വിക്കറ്റുകളാണ് നിലംപൊത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 55 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകള്‍ ഒറ്റ റണ്‍ പോലും കൂട്ടിച്ചേര്‍ക്കാതെയാണ് നഷ്ടമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!