
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ച ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ നടപടിയെ ചോദ്യം ചെയ്ത് ഇന്ത്യന്‍ താരം ഹനുമാ വിഹാരി. ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കാനായിരുന്നെങ്കില്‍ അവര്‍ രണ്ടുപേരെയും ഇന്ത്യയിലേക്ക് തിരിച്ചക്കാമായിരുന്നല്ലോ എന്ന് വിഹാരി ജിയോ സിനിമയിലെ ടോക് ഷോയില്‍ ചോദിച്ചു.
ഏകദിന പരമ്പരയില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തിയെന്നത് ശരിയാണ്. എന്നാല്‍ ലോകകപ്പ് അടുത്തെത്തിയ ഘട്ടത്തില്‍ കോലിയും രോഹിത്തും ഇന്ത്യക്കായി എല്ലാ മത്സരങ്ങളിലും കളിക്കുയായിരുന്നു വേണ്ടിയിരുന്നത്. ലോകകപ്പിന് ഏറ്റവും മികച്ച ടീം കോംബിനേഷന്‍ ഉറപ്പിക്കാന്‍ ഇതുവഴി കഴിയുമായിരുന്നു. എന്നാല്‍ പരിക്ക് കാരണമാണോ രോഹിത്തിനെയും കോലിയെയും കളിപ്പിക്കാതിരുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും അവസാന മത്സരത്തിലെങ്കിലും ഇരുവരും കളിക്കണമായിരുന്നു.
കോലിയും രോഹിത്തും ആദ്യ ഏകദിനത്തില്‍ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. അതില്‍ തന്നെ കോലി ബാറ്റിംഗിനിറങ്ങിയതുമില്ല. രോഹിത് ആകട്ടെ ഏഴാം നമ്പറിലാണ് ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ കളിച്ചശേഷം അടുത്ത രണ്ട് മത്സരങ്ങളിലും വിശ്രമം അനുവദിച്ചതിന് പിന്നിലെ ലോജിക് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല. അങ്ങനെ ചെയ്യനായിരുന്നെങ്കില്‍ അവര്‍ രണ്ടുപേരെയും നേരത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാമായിരുന്നു. ഇന്ത്യയിലെത്തി അവര്‍ക്ക് വിശ്രമിക്കാമായിരുന്നുവെന്നും ഹനുമാ വിഹാരി പറഞ്ഞു.
'അവന്‍ ടീമിലില്ലെങ്കില്‍ ലോകകപ്പില്‍ ഇന്ത്യ വെള്ളം കുടിക്കും'; തുറന്നു പറഞ്ഞ് മുഹമ്മദ് കൈഫ്
ഏകദിന ലോകകപ്പിന് മുമ്പ് പരീക്ഷണങ്ങള്‍ നടത്താനും വ്യത്യസ്ത കോംബിനേഷനുകള്‍ പരീക്ഷിക്കാനും ലഭിക്കുന്ന അവസാന അവസരമെന്ന നിലയിലാണ് രോഹിത്തിനും കോലിക്കും വിശ്രമം അനുവദിച്ചതെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വിശദീകരിച്ചിരുന്നു. ഏഷ്യാ കപ്പിലും ലോകകപ്പിലും പരീക്ഷണങ്ങള്‍ നടത്താനാവാത്തതിനാലാണ് വിന്‍ഡീസ് പരമ്പരയില്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നതെന്ന് മൂന്നാം ഏകദിനത്തിന് മുമ്പ് രവീന്ദ്ര ജഡേജയും പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം ബാറ്റിംഗ് ഓര്‍ഡറില്‍ നടത്തിയ അനാവശ്യ പരീക്ഷണങ്ങള്‍ക്കെതിരെ മുന്‍ സെലക്ടര്‍ സാബാ കരീമും നേരത്തെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക