ഗാലെ ടെസ്റ്റില്‍ ഇന്ത്യ വിജയപ്രതീക്ഷയില്‍. 372 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക നാലാം ദിനം കളി നിർത്തുമ്പോൾ 84/4 എന്ന നിലയിലാണ്. നേരത്തെ, റിഷഭ് പന്തിന്റെ (66) അര്‍ധസെഞ്ചുറിയുടെ മികവില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 193 റണ്‍സിന് പുറത്തായിരുന്നു.

ഗാലെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 372 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം. ഗാലെയില്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ നാലിന് നാലിന് 84 നിലയിലാണ് ആതിഥേയര്‍. ഒരു ദിവസവും ആറ് വിക്കറ്റും ശേഷിക്കെ 288 റണ്‍സാണ് ഇനി അവര്‍ക്ക് ജയിക്കാന്‍ വേണ്ടത്. ധനഞ്ജയ ഡി സില്‍വ (31), സോണല്‍ ദിനുഷ (25) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മാനവ് സുതര്‍ രണ്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നിഷാന്‍ മധുഷ്‌ക (6), ലാഹിരു ഉഡാര 16), പസിന്ദു സൂര്യഭണ്ഡാര (0), കാമിന്ദു മെന്‍ഡിസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. നേരത്തെ, 178 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്‌സിനായി ക്രീസിലിറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള്‍ ഔട്ടായി. 69 പന്തില്‍ 66 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 44 റണ്‍സുമായി രണ്ടാം ഇന്നിംഗ്‌സിലും തിളങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ 35 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാനായില്ല. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ 31 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ പ്രഭാത് ജയസൂര്യ 43 റണ്‍സിന് 3 വിക്കറ്റെടുത്തു. ലാഹിരു കുമാരക്കാണ് രണ്ട് വിക്കറ്റ്.

നാലാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജയ്സ്വാള്‍ പൂജ്യനായി മടങ്ങിയത്. ആദ്യ ഇന്നിംഗ്‌സിലും ജയ്‌സ്വാള്‍ വലിയ സ്‌കോര്‍ നേടാതെ പുറത്തായിരുന്നു. അതിവേഗം സ്‌കോറുയര്‍ത്തി ശ്രീലങ്കയെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന് അയക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഇതോടെ തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ടാം വിക്കറ്റില്‍ രാഹുലും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് 65 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കരകയറ്റി.

പ്രഭാത് ജയസൂര്യയെ സിക്‌സിന് പറത്താനുള്ള ശ്രമത്തില്‍ രാഹുല്‍ (35) മടങ്ങി. പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍(8) സ്വീപ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതോടെ ഇന്ത്യ 81-3 എന്ന സ്‌കോറില്‍ പതറി. റിഷഭ് പന്തും പടിക്കലും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയതിന് പിന്നാലെ കെഷാന്‍ നുവാന്ത പടിക്കലിനെ(44) വിക്കറ്റിന് മുന്നില്‍ കുടുക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി.പിന്നീടെത്തിയ ധ്രുവ് ജുറെലും റിഷഭ് പന്തും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 116ല്‍ എത്തിച്ചു. എന്നാല്‍ ലഞ്ചിന് പിന്നാലെ ധ്രുവ് ജുറെലിനെ(7) നഷ്ടായ ഇന്ത്യയെ രവീന്ദ്ര ജഡേജ-റിഷഭ് പന്ത് സഖ്യം 54 റണ്‍സ് കൂട്ടുകെട്ടിലൂടെ 174 റണ്‍സിലെത്തിച്ചു.

തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളം കുടിപിച്ച ലങ്കന്‍ പേസര്‍മാരുടെ തന്ത്രം ഒടുവില്‍ ഫലിച്ചു. സിക്‌സ് അടിച്ച് അര്‍ധസെഞ്ചുറി തികച്ച റിഷഭ് പന്തിനെ (66) ലാഹിരു കുമാര ഷോര്‍ട്ട് ബോളില്‍ മടക്കിയതിന് പിന്നാലെ രവീന്ദ്ര ജഡേജ(9), മാനവ് സുതാര്‍(9), കല്‍ദീപ് യാദവ്(5), പ്രസിദ്ധ് കൃഷ്ണ എന്നിവരും ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ വീണതോടെ 19 റണ്‍സിന് അവസാന 5 വിക്കറ്റകള്‍ നഷ്ടമാക്കിയ ഇന്ത്യ 193 റണ്‍സിന് പുറത്തായി.

YouTube video player