ടെസ്റ്റ് പരമ്പര: ടീം ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ഒരു വഴിയുണ്ടെന്ന് മിച്ചല്‍ ജോണ്‍സണ്‍

By Web TeamFirst Published Feb 6, 2023, 2:06 PM IST
Highlights

ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി തുടങ്ങുന്നത്

നാഗ്‌‌പൂര്‍: വാശിയേറിയ ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് ഒന്‍പതാം തിയതി നാഗ്‌പൂരില്‍ തുടക്കമാവുകയാണ്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ടീം ഇന്ത്യയെ എങ്ങനെ പ്രതിരോധത്തിലാക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. 

'പരമ്പരയുടെ തുടക്കത്തില്‍ ആദ്യ കുറച്ച് തവണ ഓസീസിന് ആദ്യം ബാറ്റ് ചെയ്യാനായാല്‍ മികച്ച ആദ്യ ഇന്നിംഗ്‌സ് സ്കോറുകള്‍ നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കാം. ഓസീസിന് നാല് സ്‌പിന്നര്‍മാരുണ്ട്. നേഥന്‍ ലിയോണിന്‍റെ ടെസ്റ്റ് റെക്കോര്‍ഡും പരിചയസമ്പത്തും ബഹുമാനിക്കേണ്ടതുണ്ട്. മറ്റൊരു സ്‌പിന്നറെയും ഇന്ത്യന്‍ താരങ്ങള്‍ ഭയക്കാനിടയില്ല. സ്‌പിന്നിനെ മികച്ച രീതിയില്‍ നേരിടുന്നവരാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. 2008ന് ശേഷം ആദ്യമായി നാഗ്‌‌പൂരില്‍ ഓസീസ് കളിക്കാന്‍ പോവുകയാണ്. ജേസന്‍ ക്രേസ അന്ന് 12 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. പുല്ലില്ലാത്ത വളരെ ഫ്ലാറ്റായ വിക്കറ്റാണ് പ്രതീക്ഷിക്കുന്നത്. പേസര്‍മാര്‍ക്ക് വലിയ പണിയാകും പന്തെറിയുക. അധിക ബൗണ്‍സില്‍ പന്തെറിയാന്‍ ലിയോണിന് കഴിയുന്നത് നാഗ്‌പൂരിലെ ആകാംക്ഷയാണ്' എന്നും മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു. 2008ലെ ടെസ്റ്റില്‍ ഇന്ത്യ 172 റണ്‍സിന് വിജയിച്ചിരുന്നു. അന്ന് ഒരു വിക്കറ്റ് മാത്രമാണ് ജോണ്‍സണ്‍ നേടിയത്.  

ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി തുടങ്ങുന്നത്. 17-ാം തിയതി ദില്ലിയിലും മാര്‍ച്ച് 1ന് ധരംശാലയിലും 9ന് അഹമ്മദാബാദിലും അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ നടക്കും. ആദ്യ ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ഇല്ലാത്തത് ഓസീസിന് തിരിച്ചടിയാണ്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കളിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്തം നിലനില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ ഓസീസ് ബാറ്റര്‍മാരുടെ പ്രകടനം നിര്‍ണായകമാകും. ഡേവിഡ് വാര്‍ണറും, സ്റ്റീവ് സ്‌മിത്തും, മാര്‍നസ് ലബുഷെയ്‌നും സ്‌പിന്നനെ നേരിടുന്നതില്‍ പരിചയസമ്പന്നരാണ്. മികച്ച ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലെത്തുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം എങ്കില്‍ 2004ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും ഉന്നമിടുന്നത്. 

എളുപ്പമാവില്ല, എന്നാലും... ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ച് ജയവര്‍ധനെ

click me!