ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി: സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ പാറ്റ് കമ്മിന്‍സ്

By Web TeamFirst Published Feb 4, 2023, 10:46 AM IST
Highlights

2020ലെ ബോര്‍ഡ‍ര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ പാറ്റ് കമ്മിന്‍സായിരുന്നു പരമ്പരയുടെ താരം

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ വമ്പന്‍ റെക്കോര്‍ഡിനരികെ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. തുടര്‍ച്ചയായ രണ്ടാംവട്ടവും പ്ലേയര്‍ ഓഫ് ദ് സീരിസാവാന്‍ തയ്യാറെടുക്കുകയാണ് കമ്മിന്‍സ്. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമേ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ തുടര്‍ച്ചയായി പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. റിക്കി പോണ്ടിംഗിന്‍റെ ഐതിഹാസിക റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള അവസരവും പരമ്പരയില്‍ കമ്മിന്‍സിനുണ്ട്. 

2020ലെ ബോര്‍ഡ‍ര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ പാറ്റ് കമ്മിന്‍സായിരുന്നു പരമ്പരയുടെ താരം. പരമ്പര ഓസീസ് 1-2ന് തോറ്റപ്പോഴും നാല് ടെസ്റ്റുകളില്‍ 21 വിക്കറ്റാണ് പാറ്റ് പിഴുതത്. 1998ലും 1999ലുമാണ് സച്ചിന്‍ മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരം നേടിയത്. മാത്രമല്ല, 2010ലും പുരസ്‌കാരം സച്ചിനായിരുന്നു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ പരമ്പരയുടെ താരമായത് സച്ചിനാണ്(3). എന്നാല്‍ ഇക്കുറി സ്‌പിന്‍ സൗഹാര്‍ദ പിച്ചുകളുള്ള ഇന്ത്യയിലാണ് മത്സരം എന്നതിനാല്‍ പാറ്റ് കമ്മിന്‍സിന് സച്ചിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തുക എളുപ്പമാവില്ല. 

1998, 1999 വര്‍ഷങ്ങളില്‍ സച്ചിനും 2001ല്‍ ഹര്‍ഭജന്‍ സിംഗും 2003ല്‍ രാഹുല്‍ ദ്രാവിഡും 2004ല്‍ ഡാമിയന്‍ മാര്‍ട്ടിനും 2007ല്‍ ബ്രെറ്റ് ലീയും 2008ല്‍ ഇശാന്ത് ശര്‍മ്മയും 2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 2011ല്‍ മൈക്കല്‍ ക്ലാര്‍ക്കും, 2013ല്‍ രവിചന്ദ്ര അശ്വിനും 2014ല്‍ സ്റ്റീവ് സ്‌മിത്തും 2017ല്‍ രവീന്ദ്ര ജഡേജയും 2018ല്‍ ചേതേശ്വര്‍ പൂജാരയും 2020ല്‍ പാറ്റ് കമ്മിന്‍സുമായിരുന്നു ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയുടെ താരങ്ങള്‍. ഇത്തവണ മറ്റൊരു റെക്കോര്‍ഡും പാറ്റിന് മുന്നിലുണ്ട്. ഇന്ത്യയില്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നേടിയിട്ടുള്ള ഏക ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ്. 2004ലായിരുന്നു ഇത്. ഇതിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഓസീസ് നായകനാവുകയാണ് കമ്മിന്‍സിന്‍റെ ലക്ഷ്യം. നായകനായി ഇതുവരെ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല കമ്മിന്‍സ്. 

ടെസ്റ്റ് ടീമിലിടമില്ല; പക്ഷേ ഇന്ത്യന്‍ ക്യാംപിലേക്ക് അപ്രതീക്ഷിത ക്ഷണം കിട്ടി യുവതാരങ്ങള്‍

click me!