'മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല'; കുല്‍ദീപിനെ കളിപ്പിക്കാത്തതില്‍ അമര്‍ഷം പുകയുന്നു; ആഞ്ഞടിച്ച് പരിശീലകന്‍

By Web TeamFirst Published Feb 11, 2021, 12:28 PM IST
Highlights

ഇപ്പോള്‍ കല്‍ദീപിന്‍റെ ബാല്യകാല പരിശീലകനും തന്‍റെ രൂക്ഷ വിമര്‍ശനം അറിയിച്ചിരിക്കുകയാണ്. 

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കാതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അക്‌സര്‍ പട്ടേല്‍ പരിക്കേറ്റ് കളിക്കാതിരുന്നപ്പോള്‍ പരിചയക്കൂടുതലുള്ള കുല്‍ദീപിനെ അകറ്റിനിര്‍ത്തി ഇടംകൈയന്‍ സ്‌പിന്നര്‍ ഷെഹ്‌ബാസ് നദീമിന് അവസരം നല്‍കുകയായിരുന്നു. ഇപ്പോള്‍ കല്‍ദീപിന്‍റെ ബാല്യകാല പരിശീലകനും തന്‍റെ രൂക്ഷ വിമര്‍ശനം അറിയിച്ചിരിക്കുകയാണ്. 

ഒളിയമ്പ് മാനേജ്‌മെന്‍റിനെതിരെ

'മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല' എന്നാണ് കുല്‍ദീപിനെ കുറിച്ച് ഇന്ത്യന്‍ മാനേജ്‌മെന്‍റിനെതിരെ ഒളയമ്പ് തൊടുത്തുവിട്ട് അദേഹത്തിന്‍റെ മുന്‍കാല പരിശീലകന്‍ കപില്‍ പാണ്ഡെ പറയുന്നത്. 'കുല്‍ദീപ് ടീമിന്‍റെ കൂടെ സ്ഥിരമായി യാത്ര ചെയ്യുകയാണ്. എന്നാല്‍ കളിക്കാന്‍ അവര്‍ അവസരം നല്‍കുന്നില്ല. മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്ന് പറയുന്ന പോലെയാണിത്. കുല്‍ദീപിനെ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല, അദേഹത്തിന്‍റെ നമ്പറുകള്‍ പരിഗണിക്കുന്നില്ല. ഒരു സാധാരണ ക്രിക്കറ്റര്‍ മാത്രമായാണ് കുല്‍ദീപിനെ നിങ്ങള്‍ പരിഗണിക്കുന്നത്' എന്നും പാണ്ഡെ പറഞ്ഞു. 

'ഒരു മത്സരത്തില്‍ ഫോമിലെത്തിയില്ലെങ്കില്‍ പോലും കുല്‍ദീപിനെ അവര്‍ മാറ്റിനിര്‍ത്തും. എന്നാല്‍ അതേസമയം മറ്റ് താരങ്ങള്‍ക്ക് ഏറെ അവസരം ലഭിക്കുന്നു. ടീമിലില്ലാത്ത, തയ്യാറെടുപ്പുകള്‍ നടത്താത്ത താരങ്ങള്‍ക്ക് പോലും അവസരം നല്‍കുന്നു. നായകന്‍റേയും പരിശീലകന്‍റേയും മഹത്വം എവിടെപ്പോയി. ടീമിനൊപ്പം സ്ഥിരമായി പരിശീലനം നടത്തുന്ന താരത്തിന് ഒരവസരം പോലും നല്‍കുന്നില്ല' എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 

ചെന്നൈ ടെസ്റ്റില്‍ നാടകീയത

രവീന്ദ്ര ജഡേജയ്‌ക്ക് പരിക്കേറ്റതോടെ ചെന്നൈ ടെസ്റ്റില്‍ രവിചന്ദ്ര അശ്വിനൊപ്പം കുല്‍ദീപ് യാദവിനെ കളിപ്പിക്കും എന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഏവരേയും ആശ്ചര്യപ്പെടുത്തി ഷഹ്‌ബാസ് നദീമിന് അവസരം നല്‍കി ടീം ഇന്ത്യ. ഇന്ത്യന്‍ സ്‌ക്വാഡില്‍ അംഗം പോലുമല്ലാതിരുന്ന നദീമിനെ അക്‌സര്‍ പട്ടേലിന് പരിക്കേറ്റതോടെയാണ് അവസാന നിമിഷം ടീമിലുള്‍പ്പെടുത്തിയത്. മത്സരം ഇന്ത്യ 227 റണ്‍സിന് തോറ്റപ്പോള്‍ നദീമിന് ഇന്ത്യന്‍ മാനേജ്‌മെന്‍റിന്‍റെ വിശ്വാസം കാക്കാന്‍ കഴിയാതെ പോയി. നാല് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും 233 റണ്‍സ് വഴങ്ങി.

ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ അവസാന പര്യടനത്തില്‍ ടീമിനൊപ്പമുണ്ടായിരുന്ന കുല്‍ദീപ് യാദവിന് ഒറ്റ മത്സരത്തില്‍ പോലും ടീം ഇന്ത്യ മാനേജ്‌മെന്‍റ് അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ അവസരം നല്‍കിയേക്കും എന്ന് പരിശീലകന്‍ രവി ശാസ്‌ത്രിയും നായകന്‍ അജിങ്ക്യ രഹാനെയും അന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ മലക്കംമറിഞ്ഞു. 

കുല്‍ദീപിനായി വാദിച്ച് പത്താനും ഗംഭീറും

'കുല്‍ദീപിന് കുറച്ച് നിര്‍ഭാഗ്യമുണ്ട്. ഇംഗ്ലണ്ടിനെതിരെ ശരിക്കും കളിപ്പിക്കേണ്ടിയിരുന്നത് കുല്‍ദീപിനെയായിരുന്നു. ഇടംകൈയന്‍ റിസ്റ്റ് സ്‌പിന്നര്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ഒരു മത്സരം പോലും കളിക്കാതെ താരം ടീമിനൊപ്പമുണ്ടായിരുന്നു(ഓസ്‌ട്രേലിയയില്‍). ഇംഗ്ലണ്ടിനെതിരെ രണ്ടാമത്തേയോ മൂന്നാമത്തേയോ ടെസ്റ്റില്‍ കളിപ്പിക്കാനായി കാത്തിരിക്കേണ്ടതില്ലായിരുന്നു. റിസ്റ്റ് സ്‌പിന്നര്‍മാര്‍ മത്സരം മാറ്റിമറിക്കുന്നത് നമ്മള്‍ പലകുറി കണ്ടിട്ടുണ്ട്' എന്നായിരുന്നു ഗംഭീറിന്‍റെ വാക്കുകള്‍.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന് മുന്‍താരം ഇര്‍ഫാന്‍ പത്താന്‍ ആവശ്യപ്പെട്ടിരുന്നു. 'ഇടംകൈയന്‍ റിസ്റ്റ് സ്‌പിന്നര്‍മാരെ നമുക്ക് എപ്പോഴും ലഭിക്കില്ല. ആദ്യ ടെസ്റ്റിലോ രണ്ടാം മത്സരത്തിലോ അവസരം ലഭിച്ചാല്‍ അവന്‍ മികച്ച പ്രകടനം പുറത്തെടുക്കും എന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരായ ചരിത്രം നോക്കൂ...ലെഗ് സ്‌പിന്നര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധ്യതയേറെയാണ്. കുല്‍ദീപ് കളിക്കുമ്പോള്‍ പ്രതീക്ഷിക്കുന്നതും അതാണ്' എന്നായിരുന്നു പത്താന്‍റെ പ്രതികരണം. 

അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം!

ഓസ്‌ട്രേലിയക്കെതിരെ 2019 ജനുവരിയില്‍ സിഡ്‌നി ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടും സൈഡ് ബഞ്ചിലായിരുന്നു കുല്‍ദീപ് യാദവിന്‍റെ സ്ഥാനം. വിദേശത്ത് ഇന്ത്യയുടെ നമ്പര്‍ വണ്‍ ചോയ്‌സ് സ്‌പിന്നര്‍ എന്നാണ് അന്ന് കുല്‍ദീപിനെ ടീം ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്‌ത്രി വിശേഷിപ്പിച്ചത്. എന്നാല്‍ അതിന് ശേഷം വിദേശത്തോ സ്വദേശത്തോ താരത്തെ കളിപ്പിക്കാന്‍ മാനേജ്‌മെന്‍റ് തയ്യാറായില്ല. ടീം ഇന്ത്യക്കായി ആറ് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരം 24 വിക്കറ്റ് നേടിയിട്ടുണ്ട്. 61 ഏകദിനങ്ങളിലും 20 ടി20കളിയും കളിച്ച പരിചയവും താരത്തിനുണ്ട്.  

click me!