
ഹൈദരാബാദ്: ഹൈദരാബാദില്‍ ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചപ്പോള്‍ മത്സരത്തിലെ താരം ഇരട്ട സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലായിരുന്നു. 49.2 ഓവറുകള്‍ ക്രീസില്‍ ചിലവഴിച്ച ഗില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാരെ 149 പന്തില്‍ 19 ഫോറിനും 9 സിക്‌സിനും ശിക്ഷിച്ച് 208 റണ്‍സുമായാണ് മടങ്ങിയത്. ഏകദിന ചരിത്രത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാം ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയ ഗില്ലിനെ ഏവരും വാഴ്‌ത്തുമ്പോള്‍ ശ്രദ്ധേയമായ പ്രശംസകളിലൊന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കറുടേതാണ്.
എം എസ് ധോണിയുമായാണ് ശുഭ്‌മാന്‍ ഗില്ലിന്‍റെ മികവിനെ സഞ്ജയ് മഞ്ജരേക്കര്‍ താരതമ്യം ചെയ്യുന്നത്. ധോണിയെ ആദ്യമായി കാണുമ്പോള്‍ അദേഹം സ്‌ട്രൈറ്റ് സിക്‌സുകളാണ് അധികവും നേടിയിരുന്നത്. ബിഗ് ഹിറ്റിംഗിന്‍റെ കാര്യത്തില്‍ സ്ഥിരത തനിക്കുണ്ടാകും എന്ന് ധോണി പറഞ്ഞിരുന്നു. ഗില്ലിനും ഇതേ കഴിവ് ലഭിച്ചിട്ടുണ്ട് എന്നാണ് സഞ്ജയ് മഞ്ജരേക്കറുടെ ട്വീറ്റ്.
ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യ 12 റണ്ണിന് വിജയിക്കുകയായിരുന്നു. 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ മിന്നല്‍ സെഞ്ചുറിക്കും(78 പന്തില്‍ 140) മിച്ചല്‍ സാന്‍റ്‌നറുടെ അര്‍ധസെഞ്ചുറിക്കും(57 റണ്‍സ്) ഇടയിലും 49.2 ഓവറില്‍ 337 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 10 ഓവറില്‍ 46 റണ്ണിന് നാല് വിക്കറ്റ് സ്വന്തമാക്കി. ബ്രേസ്‌വെല്ലും സാന്‍റ്‌നറും ഏഴാം വിക്കറ്റില്‍ 162 റണ്‍സ് ചേര്‍ത്തെങ്കിലും നാല് പന്ത് അകലെ നില്‍ക്കേ ബ്രേസ്‌വെല്ലിനെ എല്‍ബിയില്‍ കുടുക്കി ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു.
വ്യക്തിഗത സ്കോര്‍ 182ല്‍ നില്‍ക്കേ ലോക്കീ ഫെര്‍ഗ്യൂസനെ തുടര്‍ച്ചയായി മൂന്ന് സിക്‌സറിന് പറത്തിയാണ് ശുഭ്‌മാന്‍ ഗില്‍ 200 തികച്ചത്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് ശുഭ്‌മാന്‍ ഗില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(200), വീരേന്ദര്‍ സെവാഗ്(219), രോഹിത് ശര്‍മ്മ(208, 209, 264), ഇഷാന്‍ കിഷന്‍(210) എന്നിങ്ങനെയാണ് ഏകദിന ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍. ഹൈദരാബാദിലെ ഇരട്ട സെഞ്ചുറിയോടെ ഏകദിനത്തില്‍ 200 തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലെത്തി ഗില്‍. ഇരട്ട സെഞ്ചുറി നേടുമ്പോള്‍ 23 വയസും 132 ദിവസവുമാണ് ഗില്ലിന്‍റെ പ്രായം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!