Asianet News MalayalamAsianet News Malayalam

ഗില്ലാട്ടം, പിന്നാലെ തീതുപ്പി സിറാജ്; ബ്രേസ്‌വെല്ലിന്‍റെ മിന്നല്‍ സെഞ്ചുറി അതിജീവിച്ച് ഇന്ത്യക്ക് ജയം

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിന് ഇറങ്ങിയ കിവികള്‍ക്ക് ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ മുഹമ്മദ് സിറാജ് ആദ്യ പ്രഹരം നല്‍കിയിരുന്നു

India won by 12 runs in 1st odi against New Zealand amid Michael Bracewell super ton
Author
First Published Jan 18, 2023, 9:56 PM IST

ഹൈദരാബാദ്: ബ്രേവ് ബ്രേസ്‌വെല്‍ വിറപ്പിച്ചു, ഒടുവില്‍ ഇന്ത്യ വിജയിച്ചു. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ഇരട്ട സെഞ്ചുറി മികവില്‍ 350 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയിട്ടും 78 പന്തില്‍ 140 റണ്‍സ് നേടിയ മൈക്കല്‍ ബ്രേ‌സ്‌വെല്ലിന്‍റെ മുന്നില്‍ അവസാന നിമിഷം വരെ വിറച്ച ഇന്ത്യ നാല് പന്ത് ബാക്കിനില്‍ക്കേ 12 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. സ്‌കോര്‍: ഇന്ത്യ-349/8 (50), ന്യൂസിലന്‍ഡ്-337 (49.2). ഇന്ത്യക്കായി മുഹമ്മദ് സിറാജ് 10 ഓവറില്‍ 46 റണ്ണിന് നാല് വിക്കറ്റ് സ്വന്തമാക്കി. 131 റണ്‍സിന് ആറ് വിക്കറ്റ് വീണിട്ടും 337 റണ്‍സ് വരെ പൊരുതി എത്തുകയായിരുന്നു കിവികള്‍. ബ്രേസ്‌വെല്ലിന്‍റെ സെഞ്ചുറിക്ക് പുറമെ മിച്ചല്‍ സാന്‍റ്‌നര്‍ അര്‍ധസെഞ്ചുറി നേടിയതും ഇന്ത്യക്ക് തലവേദനയായി. ഇരുവരും ഏഴാം വിക്കറ്റില്‍ 162 റണ്‍സ് ചേര്‍ത്തു. 

ബ്രേസ്‌വെല്‍ വിറപ്പിച്ചു, പക്ഷേ...

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിന് ഇറങ്ങിയ കിവികള്‍ക്ക് ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ മുഹമ്മദ് സിറാജ് ആദ്യ പ്രഹരം നല്‍കി. 16 പന്തില്‍ 10 റണ്‍സെടുത്ത ദേവോണ്‍ കോണ്‍വേയെ കുല്‍ദീപ് യാദവ് പിടിച്ച് പുറത്താക്കുകയായിരുന്നു. സഹ ഓപ്പണര്‍ ഫിന്‍ അലന്‍റെ പോരാട്ടം അര്‍ധസെഞ്ചുറിയിലേക്ക് എത്തിയില്ല. 39 പന്തില്‍ 40 റണ്‍സെടുത്ത അലനെ ഷര്‍ദ്ദുല്‍ ഠാക്കൂറാണ് മടക്കിയത്. പകരക്കാരന്‍ ഫീല്‍ഡര്‍ ഷഹ്‌ബാസ് അഹമ്മദിനാണ് ക്യാച്ച്. പിന്നാലെ ഹെന്‍‌റി നിക്കോള്‍സ്(31 പന്തില്‍ 18), ഡാരില്‍ മിച്ചല്‍(12 പന്തില്‍ 9) എന്നിവരെ മടക്കി കുല്‍ദീപ് യാദവ് സന്ദര്‍ശകര്‍ക്ക് ഇരട്ട പ്രഹരം നല്‍കി. അഞ്ചാമനായി പുറത്തായ ഗ്ലെന്‍ ഫിലിപ്‌സിനെ(20 പന്തില്‍ 11) മുഹമ്മദ് ഷമി ബൗള്‍ഡാക്കുകയായിരുന്നു. 46 പന്തില്‍ 24 റണ്‍സെടുത്ത ടോം ലാഥമിനെ സിറാജ് 29-ാം ഓവറില്‍ പുറത്താക്കിയതോടെ കിവികള്‍ 131-6 എന്ന നിലയില്‍ തകര്‍ന്നു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ മൈക്കല്‍ ബ്രേസ്‌വെല്ലും മിച്ചല്‍ സാന്‍റ്‌നറും ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി. 41-ാം ഓവറില്‍ ഇരുവരും 250 കടത്തി. തകര്‍ത്തടിച്ച ബ്രേസ്‌‌വെല്‍ ഷമി എറിഞ്ഞ 43-ാം ഓവറിലെ രണ്ടാം പന്ത് സിക്‌സര്‍ പറത്തി സെഞ്ചുറി തികച്ചു. 57 പന്തിലാണ് താരത്തിന്‍റെ നൂറ് റണ്‍സ് പിറന്നത്. 46-ാം ഓവറില്‍ സിറാജാണ് 162 റണ്‍സ് നീണ്ട ഏഴാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. 45 പന്തില്‍ 57 റണ്‍സുമായി സാന്‍റ്‌നര്‍ സൂര്യയുടെ ക്യാച്ചില്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ ഹെന്‍‌റി ഷിപ്ലിയെ സിറാജ് ഗോള്‍ഡന്‍ ഡക്കാക്കി. എന്നാല്‍ അടിനിര്‍ത്താന്‍ ബ്രേസ്‌വെല്‍ തയ്യാറായില്ല. പാണ്ഡ്യയുടെ 49-ാം ഓവറില്‍ ലോക്കീ ഫെര്‍ഗ്യൂസന്‍(7 പന്തില്‍ 8) ഗില്ലിന്‍റെ ക്യാച്ചില്‍ വീണു. ഷര്‍ദുല്‍ പന്തെടുത്ത അവസാന ഓവറിലെ 20 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് സിക്‌സോടെ തുടങ്ങിയെങ്കിലും രണ്ടാം പന്തില്‍ ബ്രേസ്‌വെല്‍ വീണതോടെ കിവീസ് പോരാട്ടം അവസാനിച്ചു. 

നേരത്തെ, ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഓപ്പണര്‍ ശുഭ്‌‌മാന്‍ ഗില്ലിന്‍റെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 349 റണ്‍സ് നേടി. 145 പന്തിലായിരുന്നു ഗില്ലിന്‍റെ ഡബിള്‍. ഓപ്പണറായി ഇറങ്ങിയ ഗില്‍ 49.2 ഓവറും ക്രീസില്‍ നിന്ന ശേഷം 149 പന്തില്‍ 19 ഫോറും 9 സിക്‌സറും സഹിതം 208 റണ്‍സെടുത്താണ് മടങ്ങിയത്. നായകന്‍ രോഹിത് ശര്‍മ്മ(38 പന്തില്‍ 34), വിരാട് കോലി(10 പന്തില്‍ 8), ഇഷാന്‍ കിഷന്‍(14 പന്തില്‍ 5), സൂര്യകുമാര്‍ യാദവ്(26 പന്തില്‍ 31), ഹാര്‍ദിക് പാണ്ഡ്യ(38 പന്തില്‍ 28), വാഷിംഗ്‌ടണ്‍ സുന്ദര്‍(14 പന്തില്‍ 12), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(3 പന്തില്‍ 3), കുല്‍ദീപ് യാദവ്(6 പന്തില്‍ 5*), മുഹമ്മദ് ഷമി(2 പന്തില്‍ 2*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 

ഗില്ലാട്ടം തന്നെ ഗില്ലാട്ടം

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറിയുമായി നിര്‍ത്തിയിടത്ത് നിന്നാണ് ശുഭ്‌മാന്‍ ഗില്‍ ഹൈദരാബാദില്‍ തുടങ്ങിയത്.  87 പന്തില്‍ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറിയിലെത്തിയ ഗില്‍ 122 പന്തില്‍ സിക്‌സോടെ 150 റണ്‍സ് പൂര്‍ത്തിയാക്കി. ലോക്കീ ഫെര്‍ഗ്യൂസണിന്‍റെ 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും ഗാലറിയിലെത്തിച്ച് സ്റ്റൈലില്‍ ഗില്‍ 200 തികയ്ക്കുകയായിരുന്നു. ഇന്നിംഗ്‌സിലെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് പറക്കും ക്യാച്ചിലൂടെയാണ് ഗില്ലിനെ പുറത്താക്കിയത്. 

ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് ശുഭ്‌മാന്‍ ഗില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(200), വീരേന്ദര്‍ സെവാഗ്(219), രോഹിത് ശര്‍മ്മ(208, 209, 264), ഇഷാന്‍ കിഷന്‍(210) എന്നിങ്ങനെയാണ് ഏകദിന ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍. ഹൈദരാബാദിലെ ഇരട്ട സെഞ്ചുറിയോടെ ഏകദിനത്തില്‍ 200 തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലെത്തി ഗില്‍. ഇരട്ട സെഞ്ചുറി നേടുമ്പോള്‍ 23 വയസും 132 ദിവസവുമാണ് ഗില്ലിന്‍റെ പ്രായം. 24 വയസും 145 ദിവസവും പ്രായമുള്ളപ്പോള്‍ 200 നേടിയ ഇഷാന്‍ കിഷന്‍റെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡുണ്ടായിരുന്നത്. ഏകദിനത്തിൽ വേഗത്തിൽ 1000 റൺസിലെത്തുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും ഗില്‍ സ്വന്തമാക്കി. പത്തൊൻപതാം ഇന്നിംഗ്സിലാണ് ഗിൽ 1000 റൺസ് പൂർത്തിയാക്കിയത്.

ഈ അംപയര്‍മാര്‍ക്കെല്ലാം എന്തുപറ്റി? വീണ്ടും അംപയറിംഗ് മണ്ടത്തരം!
 

Follow Us:
Download App:
  • android
  • ios