IND vs NZ : വീണ്ടും ബാറ്റെടുത്ത് രാഹുല്‍ ദ്രാവിഡ്; ഇന്ത്യന്‍ ഇലവനിലേക്ക് തിരിച്ചുവിളിക്കണമെന്ന് ആരാധകര്‍

By Web TeamFirst Published Dec 3, 2021, 2:29 PM IST
Highlights

മുംബൈ ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് രാഹുല്‍ ദ്രാവിഡ് ബാറ്റിംഗ് പരിശീലനം നടത്തുന്ന ചിത്രം ഐസിസി പങ്കുവെച്ചത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) സീനിയര്‍ ടീമിന്‍റെ പൂര്‍ണ പരിശീലകനായി മികച്ച തുടക്കമാണ് നേടിയത്. ന്യൂസിലന്‍ഡിനെതിരെ ടി20 (IND vs NZ T20I Series 2021) പരമ്പര ദ്രാവിഡിന് കീഴില്‍ തൂത്തുവാരിയപ്പോള്‍ ടെസ്റ്റ് സീരിസും (IND vs NZ Test Series 2021) സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിന് (India vs New Zealand 2nd Test) മുമ്പ് ഐസിസി (ICC) ട്വീറ്റ് ചെയ്‌ത ഒരു ചിത്രം ശ്രദ്ധ നേടുകയാണ്. 

മുംബൈ ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് രാഹുല്‍ ദ്രാവിഡ് ബാറ്റിംഗ് പരിശീലനം നടത്തുന്ന ചിത്രം ഐസിസി പങ്കുവെച്ചത്. ദ്രാവിഡിനെ എവിടെ കളിപ്പിക്കും എന്ന ചോദ്യത്തോടെയായിരുന്നു ഐസിസിയുടെ ട്വീറ്റ്. പിന്നാലെ ചിത്രം വൈറലായി. വിരമിക്കല്‍ പിന്‍വലിച്ച് ദ്രാവിഡ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തണം എന്നാവശ്യപ്പെട്ട ആരാധകരുണ്ട്. മറ്റ് ചിലരാവട്ടെ ദ്രാവിഡിന്‍റെ പഴയ ഇന്നിംഗ്‌സുകളുടെ ചിത്രങ്ങള്‍ ഐസിസിയുടെ ട്വീറ്റിന് താഴെ പങ്കുവെച്ചു. 

ഇന്ത്യ-ന്യൂസിലന്‍ഡ് മുംബൈ ടെസ്റ്റ് മൈതാനത്തെ ഈര്‍പ്പം കാരണം വൈകിയാണ് തുടങ്ങിയത്. 11.30ന് മാത്രമാണ് വാംഖഡെയില്‍ ടോസ് ഇടാനായത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ അജിങ്ക്യ രഹാനെയും രവീന്ദ്ര ജഡേജയും ഇശാന്ത് ശര്‍മ്മയും ഇന്ത്യന്‍ നിരയില്‍ കളിക്കുന്നില്ല. കാണ്‍പൂരില്‍ കളിക്കാതിരുന്ന വിരാട് കോലി തിരിച്ചുവന്നപ്പോള്‍ ജയന്ത് യാദവും മുഹമ്മദ് സിറാജും ഒപ്പം ഇലവനിലെത്തി. 

Where should India slot Rahul Dravid in? 😉 | pic.twitter.com/NkdcjyIg85

— ICC (@ICC)

ന്യൂസിലന്‍ഡ് ടീമിലും മാറ്റമുണ്ട്. പരിക്കിനെ തുടര്‍ന്ന് കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ വാംഖഡെയില്‍ കളിക്കുന്നില്ല. വില്യംസണ് ഡാരില്‍ മിച്ചല്‍ പകരക്കാരനായപ്പോള്‍ ടോം ലാഥമാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് കാണ്‍പൂരില്‍ സമനിലയില്‍ അവസാനിച്ചിരുന്നു. മുംബൈ ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

IND vs NZ : ഇന്ത്യന്‍ ടീമില്‍ കൂട്ടപ്പരിക്ക്; ഞെട്ടല്‍ രേഖപ്പെടുത്തി വിവിഎസ് ലക്ഷ്‌മണ്‍, കോലിക്കെതിരെ ഒളിയമ്പ്

click me!