IPL : 'ചാഹലിനെ ലേലത്തില്‍ സ്വന്തമാക്കാനായേക്കില്ല', ആര്‍സിബിയില്‍ പകരക്കാരന്‍റെ പേരുമായി ആകാശ് ചോപ്ര

By Web TeamFirst Published Dec 3, 2021, 1:04 PM IST
Highlights

ഐപിഎല്ലില്‍ ആര്‍സിബിക്കായി 112 ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള യുസ്‌വേന്ദ്ര ചാഹല്‍ 139 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്

ബെംഗളൂരു: ടീമിന് നിലനിര്‍ത്താന്‍ കഴിയാതിരുന്ന സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ (Yuzvendra Chahal) സ്വന്തമാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Bangalore) കഴിഞ്ഞേക്കില്ലെന്ന് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര ( Aakash Chopra). പുതിയ ഫ്രാഞ്ചൈസികളായ ലഖ്‌നൗ, അഹമ്മദാബാദ് എന്നിവയ്‌ക്ക് ചാഹലിനെ സ്വന്തമാക്കാന്‍ അവസരമുണ്ട് എന്നതിനാലാണിത്. ആര്‍സിബിയില്‍ (RCB) ചാഹലിന് പകരക്കാരനാവാന്‍ കഴിയുന്ന സ്‌പിന്നറുടെ പേര് ചോപ്ര പറയുന്നുണ്ട്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം. 

'ആര്‍സിബിക്ക് റാഷിദ് ഖാനെ സ്വന്തമാക്കാന്‍ കഴിഞ്ഞേക്കില്ല. റാഷിദിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. പകരം രാഹുല്‍ ചഹാറിനായി ശ്രമിക്കുന്നതാണ് ഉചിതം. ലെഗ് സ്‌പിന്നര്‍മാരല്ലാതെ ആരും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പ്രയോജനപ്പെടില്ല. രവി ബിഷ്‌ണോയിയും ആര്‍സിബിക്ക് പരിഗണിക്കാവുന്ന താരമാണ്. എന്നാല്‍ രാഹുല്‍ ചഹാറിനായി ബാംഗ്ലൂര്‍ പണം മുടക്കുമെന്നാണ് തോന്നത്. ചാഹലിന്‍റെ പേര് ലേലത്തില്‍ എത്തിയേക്കില്ല' എന്നുമാണ് ചോപ്രയുടെ നിരീക്ഷണം. 

ചാഹല്‍ ആര്‍സിബിയുടെ സൂപ്പര്‍താരം 

ഐപിഎല്ലില്‍ ആര്‍സിബിക്കായി 112 ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള യുസ്‌വേന്ദ്ര ചാഹല്‍ 139 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. ഐപിഎല്‍ 2021ന്‍റെ യുഎഇയില്‍ ഘട്ടത്തില്‍ എട്ട് മത്സരങ്ങളില്‍ 13.1 ശരാശരിയില്‍ 14 വിക്കറ്റുകള്‍ വീഴ്‌ത്തി. 6.13 മാത്രമായിരുന്നു ഇക്കോണമി റേറ്റ്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചാഹലിനെ നിലനിര്‍ത്താന്‍ ആര്‍സിബിക്കായില്ല. മുന്‍ നായകന്‍ വിരാട് കോലി(15 കോടി), ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌‌വെല്‍(11 കോടി), ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്(7 കോടി) എന്നിവരെയാണ് മെഗാ താരലേലത്തിന് മുമ്പ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. 

പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി പരമാവധി നാല് കളിക്കാരെയാണ് ഓരോ ടീമിനും നിലനിര്‍ത്താനായത്. കളിക്കാരെ നിലനിര്‍ത്തിയശേഷം ഏറ്റവും കൂടുതല്‍ തുക കൈവശമുള്ള ടീം പഞ്ചാബ് കിംഗ്സാണ്. 72 കോടി രൂപ പഞ്ചാബിന് ലേലത്തില്‍ മുടക്കാം. ഏറ്റവും കുറവ് തുക കൈവശമുള്ളത് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്. 47.50 കോടി രൂപയാണ് ഡല്‍ഹിക്ക് ലേലത്തില്‍ ചെലവഴിക്കാനാവുക. 

മറ്റു ടീമുകളുടെ കൈവശമുള്ള തുക

ചെന്നൈ സൂപ്പര്‍ കിംഗ്സ്(48 കോടി), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(48 കോടി), മുംബൈ ഇന്ത്യന്‍സ്(48 കോടി), രാജസ്ഥാന്‍ റോയല്‍സ്(62 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(57 കോടി), സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(68 കോടി) എന്നിങ്ങനെയാണ്.

IND vs NZ : ഇന്ത്യന്‍ ടീമില്‍ കൂട്ടപ്പരിക്ക്; ഞെട്ടല്‍ രേഖപ്പെടുത്തി വിവിഎസ് ലക്ഷ്‌മണ്‍, കോലിക്കെതിരെ ഒളിയമ്പ്
 

click me!