
കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ(India vs New Zealand) ടി20 പരമ്പര 3-0ന് ടീം ഇന്ത്യ നേടിയെങ്കിലും ബാറ്റിംഗ് നിരയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് കിവീസ് മുന്‍ നായകന്‍ ഡാനിയേല്‍ വെട്ടോറി. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ(Rishabh Pant) ധാരണക്കുറവും താളമില്ലായ്‌മയും ടീം ഇന്ത്യക്ക്(Team India) മുന്നറിയിപ്പ് നല്‍കുന്നു എന്നാണ് വെട്ടോറി(Daniel Vettori) പറയുന്നത്. പരമ്പരയില്‍ 17*, 12*, 4 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ സ്‌കോര്‍ കാര്‍ഡ്.
'ടി20 ക്രിക്കറ്റിന്‍റെ താളം റിഷഭ് പന്തിന് പിടികിട്ടിയിട്ടില്ല. എന്താണ് ചുമതല എന്നതിനെപ്പറ്റി അയാള്‍ക്ക് ധാരണക്കുറവുണ്ട്. ചിലപ്പോള്‍ അമിത ജാഗ്രത കാട്ടുന്നു. മറ്റ് ചിലപ്പോള്‍ അശ്രദ്ധനായിരിക്കും. ബാറ്റിംഗില്‍ ഒഴുക്ക് പ്രകടമാകുന്നില്ല. ടി20യിലെ മഹാന്‍മാരായ ബാറ്റ്സ്‌മാന്‍മാരെ നോക്കിയാല്‍ ഒഴുക്കും താളവുമാണ് പ്രധാനം എന്ന് മനസിലാക്കാം. എന്നാല്‍ റിഷഭ് പന്തിന് അത് ഇതുവരെ കൈവരിക്കാനായിട്ടില്ല.
താളം കണ്ടെത്തുക റിഷഭ് പന്തിന്‍റെ ചുമതലയാണ്. റിഷഭിന് താളം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ ടീം മറ്റ് താരങ്ങളിലേക്ക് തിരിയും. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയാന്‍ കഴിയുന്ന ഇഷാന്‍ കിഷനും കെ എല്‍ രാഹുലും ടീമിലുണ്ട്. ഫോമിലെത്താന്‍ പന്തിന് ടീം ഇന്ത്യ അവസരം നല്‍കുമെന്നാണ് പ്രതീക്ഷ' എന്നും വെട്ടോറി കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര രോഹിത് ശര്‍മ്മയ്‌ക്ക് കീഴില്‍ ടീം ഇന്ത്യ തൂത്തുവാരിയിരുന്നു. ജയ്‌പൂരില്‍ അഞ്ച് വിക്കറ്റിനും റാഞ്ചിയില്‍ ഏഴ് വിക്കറ്റിനും കൊല്‍ക്കത്തയില്‍ 73 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. മുഴുവന്‍സമയ ടി20 നായകനായി രോഹിത്തിന്‍റെയും പരിശീലകനായി ദ്രാവിഡിന്‍റേയും കന്നി പരമ്പരയായിരുന്നു ഇത്.
ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന മൂന്നാം ടി20യിൽ 73 റൺസിന് ഇന്ത്യ വിജയിച്ചു. ഇന്ത്യയുടെ 184 റൺസ് പിന്തുടർന്ന കിവീസിന് 111 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍: ഇന്ത്യ-184/7 (20), ന്യൂസിലന്‍ഡ്-111 (17.2). 31 പന്തില്‍ 56 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും മൂന്ന് ഓവറില്‍ വെറും 9 റണ്‍സിന് 3 വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലുമാണ് ഇന്ത്യയെ ജയിപ്പിച്ചത്. അക്‌സര്‍ കളിയിലെയും രോഹിത് പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!