രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ന്യൂസിലൻഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയിരുന്നു ടീം ഇന്ത്യ

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ(India vs New Zealand) ടി20 പരമ്പരയില്‍ 3-0ന്‍റെ വിജയത്തോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ രോഹിത് ശര്‍മ്മ-രാഹുല്‍ ദ്രാവിഡ്(Rohit Sharma, Rahul Dravid) യുഗത്തിന് തുടക്കമായിരിക്കുകയാണ്. മുഴുവന്‍സമയ ടി20 നായകനായി രോഹിത്തിന്‍റെയും പരിശീലകനായി ദ്രാവിഡിന്‍റേയും കന്നി പരമ്പരയായിരുന്നു ഇത്. പരമ്പര ജയത്തില്‍ രോഹിത് ശര്‍മ്മയെ വാഴ്‌ത്തിപ്പാടി മുന്‍താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര(Aakash Chopra) രംഗത്തെത്തി. 

ക്രിക്കറ്റിന്‍റെ സ്‌പന്ദനം വളരെ കുറച്ച് ക്യാപ്റ്റന്‍മാരേ രോഹിത്തിനേക്കാള്‍ നന്നായി മനസിലാക്കിയിട്ടുള്ളൂ എന്നാണ് ആകാശ് ചോപ്രയുടെ ട്വീറ്റ്. ജയ്‌പൂരില്‍ അഞ്ച് വിക്കറ്റിനും റാഞ്ചിയില്‍ ഏഴ് വിക്കറ്റിനും കൊല്‍ക്കത്തയില്‍ 73 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. ബാറ്റിംഗിനൊപ്പം ക്യാപ്റ്റന്‍സി കൊണ്ടും രോഹിത് മത്സരങ്ങളില്‍ നിറഞ്ഞുനിന്നു. 

മൂന്ന് മിന്നും ജയം 

രോഹിത് ശര്‍മ്മയ്‌ക്കും രാഹുല്‍ ദ്രാവിഡിനും കീഴില്‍ ന്യൂസിലൻഡിനെതിരായ ടി20 പരമ്പര തൂത്തുവാരുകയായിരുന്നു ടീം ഇന്ത്യ. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന മൂന്നാം ടി20യിൽ 73 റൺസിന് ഇന്ത്യ വിജയിച്ചു. ഇന്ത്യയുടെ 184 റൺസ് പിന്തുടർന്ന കിവീസിന് 111 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍: ഇന്ത്യ-184/7 (20), ന്യൂസിലന്‍ഡ്-111 (17.2). 

രോഹിത് ശര്‍മ്മ 31 പന്തില്‍ 56 റണ്‍സുമായി ഒരിക്കല്‍ക്കൂടി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ തുടക്കം കസറി. കെ എല്‍ രാഹുലിന് പകരമെത്തിയ ഇഷാന്‍ കിഷന്‍ 21 പന്തില്‍ 29 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍(20 പന്തില്‍ 25), വെങ്കടേഷ് അയ്യര്‍(15 പന്തില്‍ 20) എന്നിവര്‍ക്ക് പിന്നാലെ അവസാന ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേല്‍(11 പന്തില്‍ 18), ദീപക് ചഹാര്‍(8 പന്തില്‍ 21) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മിച്ചല്‍ സാന്‍റ്‌നര്‍ മൂന്നും ബോള്‍ട്ടും മില്‍നെയും ഫെര്‍ഗൂസണും സോധിയും ഓരോ വിക്കറ്റും വീഴ്‌ത്തി. 

ന്യൂസിലന്‍ഡിന്‍റെ മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനല്ലാതെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഗുപ്റ്റില്‍ 36 പന്തില്‍ 51 റണ്‍സെടുത്തു. മാര്‍ക് ചാപ്‌മാനും ഗ്ലെന്‍ ഫിലിപ്‌സും പൂജ്യത്തിനും ടിം സീഫെര്‍ട്ട് 17നും ജയിംസ് നീഷം മൂന്നിനും പുറത്തായി. മൂന്ന് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലാണ് കിവികളെ ഒതുക്കിയത്. ഹര്‍ഷല്‍ പട്ടേല്‍ രണ്ടും യുസ്‌വേന്ദ്ര ചാഹലും ദീപക് ചഹാറും വെങ്കിടേഷ് അയ്യരും ഓരോ വിക്കറ്റും നേടി. 

INDvNZ| 'വരും മത്സരങ്ങളില്‍ അവന് വലിയ ഉത്തരവാദിത്തങ്ങളുണ്ടാവും'; വെങ്കടേഷ് അയ്യരെ പുകഴ്ത്തി രോഹിത് ശര്‍മ