
ദില്ലി: യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (IND vs SA) ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലിനെയാണ് (KL Rahul) ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് രാഹുലിനെ പരമ്പരയില്‍ നിന്നൊഴിവാക്കി. റിഷഭ് പന്താണ് (Rishabh Pant) പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. രാഹുലിനൊപ്പം കുല്‍ദീപ് യാദവിനും പരിശീലനത്തിനിടെ പരിക്കേറ്റിരുന്നു. ഡല്‍ഹി കാപിറ്റല്‍സ് താരത്തിനും പരമ്പര നഷ്ടമാവും. യൂസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ മറ്റു സ്പിന്നര്‍മാര്‍.
കുല്‍ദീപിനും രാഹുലിനും പകരക്കാരനെ ഇതുവരെ പ്രഖ്യപിച്ചിട്ടില്ല. ഇതിനിടെ, രാജസ്ഥാന്‍ റോയല്‍സ് താരം ആര്‍ അശ്വിനെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചോദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അശ്വിന്‍ ടി20 ടീമില്‍ വേണമായിരുന്നുവെന്നാണ് കൈഫ് പറയുന്നത്. ''അശ്വിന്‍ ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ നിരാശ തോന്നുന്നുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പില്‍ അശ്വിനുണ്ടായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോം വളരെ മികച്ചതുമാണ്. ഒരു ലെഗ് സ്പിന്നറെ ഒഴിവാക്കി അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. പവര്‍ പ്ലേ സമയത്ത് മനോഹരമായി പന്തെറിയുക മാത്രമല്ല നന്നായി ബാറ്റ് ചെയ്യാനും അശ്വിന് സാധിക്കും.'' കൈഫ് വിലയിരുത്തി.
'രാഹുലിന്റെ അഭാവം ഇന്ത്യന്‍ ടീമിനെ ദുര്‍ബലമാക്കി'; വിലയിരുത്തലുമായി മുന്‍ ഇന്ത്യന്‍ താരം
ഇന്ത്യന്‍ യുവതാരങ്ങളുടെ തെളിയിക്കാന്‍ ഒരുപാടുണ്ടെന്നും കൈഫ് വ്യക്തമാക്കി. ''ശക്തരായ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് ഏറെ തെളിയിക്കാനുണ്ടാവും. ദക്ഷിണാഫ്രിക്കന്‍ നിരയിലെ മിക്കവരും ഈ സീസണില്‍ ഐപിഎല്ലില്‍ കളിച്ചത്. അവര്‍ മികച്ച ഫോമിലാണ്. ഒരുപാട് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കളിച്ചു. മികച്ച ഫോമിലുമാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ എങ്ങനെ കളിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ടി20 ലോകകപ്പിന് എങ്ങനെ ടീമിനെയൊരുക്കണമെന്ന് വരുന്ന പരമ്പരകള്‍ തീരുമാനിക്കും.'' കൈഫ് പറഞ്ഞുനിര്‍ത്തി.
തുടയിലേറ്റ പരിക്കിനെ തുടര്‍ന്നാണ് രാഹുലിന് പരമ്പര നഷ്ടമായത്. നെറ്റ്‌സില്‍ പരിശീലനത്തിനിടെ ബാറ്റ് ചെയ്യുമ്പോഴാണ് കുല്‍പീദിപിന് പരിക്കേല്‍ക്കുന്നത്. പരിക്കുമൂലം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഇന്ത്യയുടെ പരിശീലന സെഷനുകളില്‍ രാഹുല്‍ പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച നടന്ന പരിശീലന സെഷനില്‍ സ്പിന്നര്‍മാര്‍ക്കെതിരെ മാത്രമായിരുന്നു രാഹുല്‍ ബാറ്റ് ചെയ്തത്. രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനൊപ്പം റുതുരാജ് ഗെയ്ക്വാദ് ഓപ്പണറായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലോക റെക്കോര്‍ഡ് ജയത്തോടെ മുംബൈ രഞ്ജി ട്രോഫി സെമിയില്‍; കര്‍ണാടക പുറത്ത്
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റിഷഭ് പന്ത് നയിച്ചിട്ടുണ്ട്. റിഷഭ് പന്തിന് കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ പ്ലേ ഓഫിലെത്തിക്കാനായെങ്കിലും ഈ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് സ്ഥാനം നഷ്ടമായി. ഈ വര്‍ഷമാദ്യം രാഹുലിന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പക്കിറങ്ങിയ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ തിളങ്ങാനായാല്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമി സ്ഥാനത്ത് രാഹുലിനെക്കാള്‍ ഒരു ചുവട് മുന്നിലെത്താന്‍ റിഷഭ് പന്തിനാവും.