IND vs SA : കരുതുംപോലെ വഖാര്‍ യൂനിസ് അല്ല; തന്‍റെ മാതൃക ആരൊക്കെയെന്ന് വ്യക്തമാക്കി ഉമ്രാന്‍ മാലിക്

Published : Jun 06, 2022, 02:05 PM ISTUpdated : Jun 08, 2022, 11:38 AM IST
IND vs SA : കരുതുംപോലെ വഖാര്‍ യൂനിസ് അല്ല; തന്‍റെ മാതൃക ആരൊക്കെയെന്ന് വ്യക്തമാക്കി ഉമ്രാന്‍ മാലിക്

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഉമ്രാന്‍ മാലിക് ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്

ദില്ലി: ഐപിഎല്ലില്‍(IPL 2022) അതിവേഗം കൊണ്ട് ഞെട്ടിച്ച പേസര്‍ ഉമ്രാന്‍ മാലിക്കിനെ(Umran Malik) പ്രശംസിച്ച് നിരവധി മുന്‍താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഉമ്രാന്‍റെ പേസാണ് എല്ലാവരേയും ആകര്‍ഷിച്ചത്. ഉമ്രാന് പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ വഖാര്‍ യൂനിസുമായി(Waqar Younis) സാമ്യമുണ്ട് എന്നായിരുന്നു ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീയുടെ(Brett Lee) നിരീക്ഷണം. എന്നാല്‍ വഖാര്‍ യൂനിസ് അല്ല മറ്റ് ചില താരങ്ങളാണ് തന്‍റെ മാതൃകകള്‍ എന്ന് ഉമ്രാന്‍ പറയുന്നു. 

'ഞാന്‍ വഖാര്‍ യൂനിസിനെ ഫോളോ ചെയ്‌തിട്ടില്ല. എനിക്ക് സ്വതസിദ്ധമായ ഒരു ആക്ഷനുണ്ട്. എന്‍റെ മാതൃകാ താരങ്ങള്‍ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമാണ്. ഇവരെയാണ് ഞാന്‍ പിന്തുടരുന്നത്. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ എനിക്ക് അവസരം കിട്ടി. അഞ്ച് മത്സരങ്ങളും ജയിക്കുകയാണ് ലക്ഷ്യം. നല്ല പ്രകടനം പുറത്തെടുക്കുകയും ടീമിന്‍റെ വിജയശില്‍പിയാവുകയുമാണ് മനസിലുള്ളത്' എന്നും ഉമ്രാന്‍ മാലിക് ഇന്ത്യന്‍ എക്‌സ്‌പ്രസ് ഐഡിയ എക്‌സ്ചേഞ്ചില്‍ പറഞ്ഞു. 

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഉമ്രാന്‍ മാലിക് ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 14 കളികളില്‍  9.03 ഇക്കോണമിയില്‍ 22 വിക്കറ്റുമായി ഉമ്രാന്‍ തിളങ്ങിയിരുന്നു. പതിനഞ്ചാം സീസണിലെ വേഗമേറിയ രണ്ടാമത്തെ പന്ത്( 157 കിലോമീറ്റര്‍) ഉമ്രാന്‍റെ പേരിലായിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്രാനെ പുകഴ്‌ത്തി ബ്രെറ്റ് ലീ രംഗത്തെത്തിയത്. 'ഞാന്‍ ഉമ്രാന്‍റെ വലിയ ആരാധകനാണ്. എതിരാളികളെ വീഴ്‌ത്താനുള്ള പേസ് അയാള്‍ക്കുണ്ട്. മികച്ച പേസറാണ്. മുമ്പുണ്ടായിരുന്ന പല പേസര്‍മാരെയും പോലെയാണ് ഉമ്രാന്‍റെ ഓട്ടം. വഖാര്‍ യൂനിസിന്‍റെ പേരാണ് മനസിലേക്ക് ഓര്‍മ്മ വരുന്നത്' എന്നുമായിരുന്നു ലീയുടെ വാക്കുകള്‍. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഉമ്രാന്‍ മാലിക്കിന്‍റെ കന്നി വരവിനൊപ്പം ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിന്‍റെ മടങ്ങിവരവും ആകര്‍ഷകം.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

IND vs SA : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20; ടീമിനെ പ്രവചിച്ച് രവി ശാസ്‌ത്രി, സര്‍പ്രൈസ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം
മുഷ്താഖ് അലി ട്രോഫിയിയില്‍ ഹാട്രിക്കുമായി ഇന്ത്യൻ ഓള്‍ റൗണ്ടര്‍, എന്നിട്ടും ആന്ധ്രക്ക് തോല്‍വി