കെ എല്‍ രാഹുലും റുതുരാജ് ഗെയ്‌ക്‌വാദും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം എന്നാണ് രവി ശാസ്‌ത്രിയുടെ നിലപാട്
ദില്ലി: ഐപിഎല്‍(IPL 2022) ആവേശം കഴിഞ്ഞു, ഇനി ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയാണ്(IND vs SA T20Is) ആരാധകര്‍ക്ക് ത്രില്ല് സമ്മാനിക്കാനെത്തുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്‌ക്ക് ജൂണ്‍ 9ന് ദില്ലിയിലാണ് തുടക്കമാവുക. ഐപിഎല്‍ കഴിഞ്ഞുള്ള ആദ്യ പരമ്പരയാണ് എന്നതിനാല്‍ മത്സരത്തിലെ ടീം ഇന്ത്യയുടെ(Team India പ്ലേയിംഗ് ഇലവന്‍ വലിയ ആകാംക്ഷയാണ്. ഇന്ത്യയുടെ ഇലവന്‍ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി(Ravi Shastri).
കെ എല്‍ രാഹുലും റുതുരാജ് ഗെയ്‌ക്‌വാദും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം എന്നാണ് രവി ശാസ്‌ത്രിയുടെ നിലപാട്. ഇഷാന്‍ കിഷനാണ് മൂന്നാം നമ്പറില്‍. ശ്രേയസ് അയ്യരും റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഏഴാം നമ്പറില്‍ സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെയാണ് ശാസ്‌ത്രി കാണുന്നത്. യുസ്‌വേന്ദ്ര ചാഹലാകണം അക്‌സറിന്‍റെ സ്‌പിന്‍ പങ്കാളി എന്നും ശാസ്‌ത്രി പറയുന്നു. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക് എന്നിവരിലൊരാളെ പേസറായി കളിപ്പിക്കണം എന്നും ശാസ്‌ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഷോയില്‍ പറഞ്ഞു. ഐപിഎല്ലില്‍ ആര്‍സിബിക്കായി ഫിനിഷറുടെ റോളില്‍ തിളങ്ങിയ ദിനേശ് കാര്‍ത്തിക്കിന് ശാസ്‌ത്രിയുടെ ഇലവനില്‍ ഇടമില്ല എന്നത് ശ്രദ്ധേയമാണ്.
ശാസ്‌ത്രിയുടെ സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്/ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിന്‍റെ മടങ്ങിവരവും ആകര്‍ഷകം. ഐപിഎല്ലില്‍ മോശം ഫോമില്‍ കളിച്ച ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പരിക്കിന്‍റെ പിടിയിലുള്ള സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.
Rafael Nadal : ഫ്രഞ്ച് ഓപ്പണ്‍ റാഫയ്‌ക്ക് സ്വന്തം; നദാലിന് 14-ാം കിരീടത്തില്‍ മുത്തം
