IND vs SL : ലോകകപ്പ് സ്‌ക്വാഡിലെത്തും, പ്ലേയിംഗ് ഇലവനില്‍ കാണില്ല; ശ്രേയസ് അയ്യരെ കുറിച്ച് ഡികെയുടെ പ്രവചനം

By Web TeamFirst Published Feb 27, 2022, 3:30 PM IST
Highlights

ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ അയ്യര്‍ക്ക് കഴിഞ്ഞ രണ്ട് ഇന്നിംഗ്‌സുകളിലെ പ്രകടനം മതിയാകുമെന്ന് ദിനേശ് കാര്‍ത്തിക്

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ (IND vs SL T20I Series) വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുമ്പോഴും ശ്രേയസ് അയ്യര്‍ക്ക് (Shreyas Iyer) ലോകകപ്പില്‍ (ICC Men's T20 World Cup 2022) പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാനാവില്ലെന്ന് സീനിയര്‍ വിക്കറ്റ് കീപ്പറും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക് (Dinesh Karthik). എന്നാല്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ അയ്യര്‍ക്ക് കഴിഞ്ഞ രണ്ട് ഇന്നിംഗ്‌സുകളിലെ പ്രകടനം മതിയാകുമെന്നും കാര്‍ത്തിക് പറഞ്ഞു. 

'ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാനായേക്കില്ല എന്ന കാര്യം ശ്രേയസ് അയ്യര്‍ക്ക് ഉള്ളിന്‍റെയുള്ളില്‍ അറിയാമായിരിക്കണം. എന്നാല്‍ ലോകകപ്പിനുള്ള സംഘത്തില്‍ ടിക്കറ്റ് ഉറപ്പിക്കുകയാണ് ആദ്യ കടമ്പ. ലങ്കയ്‌ക്കെതിരായ പ്രകടനങ്ങള്‍ കൊണ്ട് അയ്യര്‍ ലോകകപ്പ് സ്‌ക്വാഡിലുണ്ടാകുമെന്നോ അതിനായുള്ള മത്സരത്തിലുണ്ടാകുമെന്നോ ഉറപ്പാണ്. കുറച്ചുകാലങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കുന്ന നാലഞ്ച് താരങ്ങള്‍ ഉറപ്പായും ലോകകപ്പ് ടീമിലുണ്ടാകും. വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നീ താരങ്ങളെ ഞാന്‍ തെരഞ്ഞെടുക്കും. 

ടീമിലേക്ക് വരുന്ന പുതിയ താരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതും ടീം ഇന്ത്യക്കായി കളിക്കാന്‍ യോഗ്യരാണ് എന്ന് തെളിയിക്കുന്നതും പുതിയ പരിശീലകനും (രാഹുല്‍ ദ്രാവിഡ്) ക്യാപ്റ്റനും (രോഹിത് ശര്‍മ്മ) ശുഭ സൂചനയാണ്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീം മികച്ച കുതിപ്പാണ് ഇതുവരെ നടത്തിയത്. വിസ്‌മയമാണ് പ്രകടനം. കൂടുതല്‍ മത്സരങ്ങള്‍ വരാനിരിക്കുന്നു, ഐപിഎല്ലും ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനവുമുണ്ട്. ശ്രേയസ് അയ്യര്‍ ഗംഭീരമായി ബാറ്റ് ചെയ്‌തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പുതിയ നായകനായതിനാല്‍ ആരാധകരുടെ മനസില്‍ ഇതൊരു പുഞ്ചിരി വിടര്‍ത്തും' എന്നും ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. 

ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് (131 റണ്‍സ്) രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ശ്രേയസ് അയ്യര്‍. കഴിഞ്ഞ രണ്ട് ടി20കളിലും 28 പന്തില്‍ 57*, 44 പന്തില്‍ 74* എന്നിങ്ങനെയാണ് ശ്രേയസിന്‍റെ സ്‌കോര്‍. 150ലേറെ സ്‌ട്രൈക്ക് റേറ്റിലായിരുന്നു രണ്ട് ഇന്നിംഗ്‌സുകളും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20 ഇന്ന് ധരംശാലയില്‍ നടക്കും. മത്സരത്തില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുറപ്പാണ്. 

Ishan Kishan injury updates : ആശ്വാസം, ഇഷാന്‍ കിഷന്‍ ആശുപത്രി വിട്ടു; കളിക്കുന്ന കാര്യം സംശയത്തില്‍, പകരമാര്?

click me!