ഹിമാചല്‍പ്രദേശിലെ കാംഗ്രയിലുള്ള ആശുപത്രിയിലാണ് ഇഷാനെ പ്രവേശിപ്പിച്ചിരുന്നത്
ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യ്‌ക്കിടെ (IND vs SL 2nd T20I) പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) ആശുപത്രി വിട്ടു. താരം ബിസിസിഐ (BCCI) മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തില്‍ തുടരും. ഇന്ന് നടക്കുന്ന മൂന്നാം ടി20യില്‍ (IND vs SL 3rd T20I) കിഷന്‍ കളിക്കുന്ന കാര്യം ഇതോടെ സംശയത്തിലായി. ഇഷാന് ടീം ഇന്ത്യ (Team India) ഇന്ന് വിശ്രമം നല്‍കിയേക്കും എന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.
ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ലങ്കന്‍ പേസര്‍ ലഹിരു കുമാര എറിഞ്ഞ നാലാം ഓവറില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് ഇഷാന്‍റെ ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. ഉടനടി മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ചെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഇഷാന്‍ ബാറ്റിംഗ് പുനരാരംഭിച്ചതോടെ ടീമുകള്‍ക്കും ആരാധകര്‍ക്കും ആശ്വാസമായിരുന്നു. 15 പന്തില്‍ രണ്ട് ഫോറുകളോടെ 16 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ പിന്നാലെ ലഹിരുവിന്‍റെ തന്നെ പന്തില്‍ പുറത്തായി. ഇതിന് ശേഷമാണ് താരത്തെ വിദഗ്‌ധ പരിശോധനക്കായി ആശുപത്രിയിലേക്ക് അയച്ചത്. ഹിമാചല്‍പ്രദേശിലെ കാംഗ്രയിലുള്ള ആശുപത്രിയിലാണ് ഇഷാനെ പ്രവേശിപ്പിച്ചിരുന്നത്. താരത്തെ സിടി സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു.
ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റെയും രവീന്ദ്ര ജഡേജയുടെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ രണ്ടാം ടി20യില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കിയിരുന്നു. ഏഴ് വിക്കറ്റും 17 പന്തുകളും ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യയുടെ ജയം. സ്കോര്‍: ശ്രീലങ്ക- 20 ഓവറില്‍ 183-5, ഇന്ത്യ-17.1ഓവറില്‍ 186-3. ശ്രേയസ് അയ്യര്‍ 44 പന്തില്‍ 74* ഉം രവീന്ദ്ര ജഡേജ 18 പന്തില്‍ 45* ഉം സഞ്ജു സാംസണ്‍ 25 പന്തില്‍ 39 ഉം റണ്‍സെടുത്തു. നായകന്‍ രോഹിത് ശര്‍മ്മ ഒരു റണ്ണില്‍ പുറത്തായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് അര്‍ധസെഞ്ചുറി കുറിച്ച ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി.
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20 ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിന് ധരംശാലയില്‍ ആരംഭിക്കും. ജയിച്ചാല്‍ രോഹിത്തിനും സംഘത്തിനും വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്ക് പിന്നാലെ ലങ്കയ്‌ക്കെതിരേയും ടി20 പരമ്പര തൂത്തുവാരാം. പരമ്പര ഇതിനകം സ്വന്തമാക്കിയതിനാല്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇഷാന്‍ കിഷന് പകരക്കാരനും വന്നേക്കും. ഇന്നലെ തകര്‍ത്തടിച്ച മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും കളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ആശ്വാസ ജയമാണ് ശ്രീലങ്ക ലക്ഷ്യം വയ്‌ക്കുന്നത്.
Ishan Kishan hospitalised : പന്ത് തലയില്‍ കൊണ്ട ഇഷാന്‍ കിഷന്‍ ആശുപത്രിയില്‍; ആശങ്ക
