
ട്രിനിഡാഡ്: ക്വീന്‍സ് പാര്‍ക്ക് ഓവലിലെ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 183 റണ്‍സിന്‍റെ നിര്‍ണായക ലീഡുമായി ടീം ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 438 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് നാലാം ദിനം ആദ്യ സെഷനില്‍ 255 റണ്‍സില്‍ പുറത്താവുകയായിരുന്നു. 229-5 സ്കോറില്‍ നാലാം ദിനം ക്രീസിലെത്തിയ കരിബീയന്‍ ടീമിന് ഇന്ന് 29 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായി. അഞ്ച് വിക്കറ്റുമായി പേസര്‍ മുഹമ്മദ് സിറാജാണ് വിന്‍ഡീസിനെ എറിഞ്ഞിട്ടത്.
229-5 എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ് നാലാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. അലിക് അഥാനസേ 111 പന്തില്‍ 37 ഉം ജേസന്‍ ഹോള്‍ഡര്‍ 39 പന്തില്‍ 11 ഉം റണ്‍സുമായായിരുന്നു ക്രീസില്‍. നാലാം ദിനം കളി തുടങ്ങി ആദ്യ ഓവറില്‍ തന്നെ അലിക്കിനെ അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാര്‍ പുറത്താക്കി. 115 പന്തില്‍ 37 റണ്‍സുമായി അലിക് അഥാനസേ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജേസന്‍ ഹോള്‍ഡറിനെ(44 പന്തില്‍ 15) മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍റെ കൈകളില്‍ എത്തിച്ചു. ഒരോവറിന്‍റെ ഇടവേളയില്‍ അല്‍സാരി ജോസഫും മടങ്ങി. 12 പന്തില്‍ 4 റണ്‍സ് നേടിയ ജോസഫിന്‍റെ വിക്കറ്റും സിറാജിനായിരുന്നു. കെമാര്‍ റോച്ചിനെയും(13 പന്തില്‍ 4), ഷാന്നന്‍ ഗബ്രിയേലിനേയും(0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയതോടെ സിറാജ് അഞ്ച് വിക്കറ്റ് തികച്ചപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്‌സ് 115.4 ഓവറില്‍ 255 എന്ന സ്കോറില്‍ അവസാനിച്ചു. 12 പന്തില്‍ ഏഴ് റണ്‍സുമായി ജൊമെല്‍ വാരിക്കെന്‍ പുറത്താകാതെ നിന്നു.
ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്(75), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍(33), കിര്‍ക് മക്കെന്‍സി(32), ജെറമൈന്‍ ബ്ലാക്ക്‌വുഡ്(20), ജോഷ്വാ ഡാ സില്‍സ(10) എന്നിവരുടെ വിക്കറ്റുകള്‍ മൂന്നാം ദിനം വിന്‍ഡീസിന് നഷ്ടമായിരുന്നു. ഇന്ത്യക്കായി പേസര്‍ മുഹമ്മദ് സിറാജ് 23.4 ഓവറില്‍ 60 റണ്‍സിന് അഞ്ച് വിക്കറ്റ് പേരിലാക്കി. അരങ്ങേറ്റ പേസര്‍ മുകേഷ് കുമാര്‍ രണ്ടും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജ രണ്ടും രവിചന്ദ്രന്‍ അശ്വിന്‍ ഒന്നും വിക്കറ്റ് നേടി.
Read more: ലോകകപ്പില്‍ പ്രധാന വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍; ഇടം നേടാന്‍ സഞ്ജു സാംസണ് കനത്ത വെല്ലുവിളികള്‍