
കാന്‍റർബറി: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ എ അതിശക്തമായ നിലയില്‍. ഇരട്ട സെഞ്ചുറിക്കരികെ മലയാളി താരം കരുണ്‍ നായരും സെഞ്ചുറി നോട്ടമിട്ട് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരെലും ക്രീസില്‍ നില്‍ക്കേ ഇന്ത്യ എ 90 ഓവറില്‍ 409-3 എന്ന സ്കോറിലാണ്. കരുണ്‍ 246 പന്തില്‍ 186* റണ്‍സും, ധ്രുവ് ജൂരെല്‍ 104 പന്തില്‍ 82* റണ്‍സുമായി നാളെ ബാറ്റിംഗ് പുനരാരംഭിക്കും. ഇരുവരും നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ പുറത്താവാതെ 177 റണ്‍സ് നേടിക്കഴിഞ്ഞു. നേരത്തെ 119 പന്തില്‍ 92 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്‍റെ പ്രകടനവും ഇന്ത്യ എയ്ക്ക് കരുത്തായി.
സെന്‍റ് ലോറന്‍സ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എയ്ക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആറാം ഓവറില്‍ ക്യാപ്റ്റനും ഓപ്പണറുമായ അഭിമന്യൂ ഈശ്വരന്‍ പുറത്തായി. 17 പന്തുകളില്‍ 8 റണ്‍സ് നേടിയ അഭിമന്യൂവിനെ ജോഷ് ഹള്‍ എല്‍ബിയില്‍ മടക്കുകയായിരുന്നു. സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനും അധിക നേരം ക്രീസില്‍ നില്‍ക്കാനായില്ല. 55 പന്തില്‍ 24 റണ്‍സെടുത്ത ജയ്‌സ്വാളിനെ എഡ്ഡീ ജാക്ക് 17-ാം ഓവറില്‍ പറഞ്ഞയച്ചു. എന്നാല്‍ ഇതിന് ശേഷം മൂന്നാം വിക്കറ്റില്‍ 181 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ച് കരുണ്‍ നായരും സര്‍ഫറാസ് ഖാനും ഇന്ത്യ എയെ കരകയറ്റി. സെഞ്ചുറിക്കരികെ സര്‍ഫറാസിന്‍റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തി. 119 പന്തില്‍ ഏകദിന ശൈലിയില്‍ 92 റണ്‍സെടുത്ത സര്‍ഫറാസിന്‍റെ വിക്കറ്റും ജോഷ് ഹള്ളിനായിരുന്നു. ഇതിന് ശേഷം ക്രീസിലൊന്നിച്ച കരുണ്‍ നായര്‍- ധ്രുവ് ജൂരെല്‍ സഖ്യം 177 റണ്‍സ് കൂട്ടുകെട്ടുമായി കുതിക്കുകയാണ്. രണ്ടാംദിനം ആദ്യ സെഷനില്‍ കരുണിന്‍റെ ഡബിള്‍ സെഞ്ചുറിയും ജൂരെലിന്‍റെ ശതകവും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അഭിമന്യൂ ഈശ്വരന്‍ നയിക്കുന്ന ഇന്ത്യ എ ടീമില്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണുള്ളത്. ഹര്‍ഷ് ദുബെയാണ് ടീമിലെ ഏക സ്പിന്നര്‍. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ടീമിലുണ്ട്. ധ്രുവ് ജൂരെലാണ് ടീമിലെ വിക്കറ്റ് കീപ്പര്‍.
ഇന്ത്യ എ പ്ലേയിംഗ് ഇലവന്‍: അഭിമന്യൂ ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ താക്കൂര്‍, ഹര്‍ഷ് ദുബെ, അന്‍ഷുല്‍ കാംബോജ്, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!