
ലീഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മറ്റന്നാള്‍ തുടക്കമാകാനിരിക്കെ ലീഡ്സിലെ പിച്ച് ആരെ തുണക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇന്ത്യൻ യുവനിരക്ക് പിടിച്ചു നില്‍ക്കാനാവുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. എന്നാല്‍ ലീഡ്സില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യൻ ടീമിന് ആശ്വാസം നല്‍കുന്നതാണ്. ലീഡ്സിലെ പിച്ച് ബാറ്റിംഗിനെ തുണക്കുന്നതായിരിക്കുമെന്നാണ് ലീഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ തലവനായ റിച്ചാര്‍ഡ് റോബിന്‍സണ്‍ പറയുന്നത്.
ടെസ്റ്റിന്‍റെ ആദ്യ ദിനം പിച്ച് പേസര്‍മാരെ തുണക്കുമെങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായി വരണ്ട കാലാവസ്ഥയായതിനാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമാകും. സാധാരണഗതിയില്‍ ഒരു പരമ്പരയുടെ മധ്യത്തിലാണ് ലീഡ്സില്‍ ടെസ്റ്റ് മത്സരം നടക്കാറുള്ളത്. എന്നാല്‍ ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം തന്നെ ലീഡ്സിലാണ് നടക്കുന്നത്. ഇംഗ്ലണ്ട് ടീമിന്‍റെ ബാസ്ബോള്‍ ശൈലിക്ക് അനുകൂലമാകുന്ന ബാറ്റിംഗ് പിച്ചാണ് ലീഡ്സിലേതെന്നും ബാറ്റര്‍മാര്‍ക്ക് പന്തിന്‍റെ ലൈനില്‍ ബാറ്റ് ചെയ്യാനാവുമെന്നും റോബിന്‍സണ്‍ പറഞ്ഞു.
ലീഡ്സിലെ പിച്ച് ബാറ്റിംഗിനെ തുണക്കുമെന്നത് പരിചയസമ്പത്ത് കുറഞ്ഞ ഇന്ത്യൻ ബാറ്റിംഗ് നിരക്കും ആശ്വാസകരമാണ്. രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചശേഷം ആദ്യ ടെസ്റ്റ് പരമ്പരക്കാണ് ഇന്ത്യ ഇറങ്ങുന്നത്. തിങ്കളാഴ്ച ട്രെയിന്‍ മാര്‍ഗം കെന്‍റില്‍ നിന്ന് ലീഡ്സിലെത്തിയ ഇന്ത്യൻ ടീം പരിശീലനം തുടങ്ങിയിരുന്നു. ലീഡ്സില്‍ ഇന്ത്യ 2021ലാണ് അവസാനം കളിച്ചത്. അന്ന് ഇംഗ്ലണ്ടിനോട് ഇന്നിംഗ്സ് തോല്‍വി വഴങ്ങിയ ഇന്ത്യ 2002ല്‍ വമ്പൻ ജയം നേടിയിരുന്നു.
ഇന്ത്യക്കെതിരെ അഞ്ച് മത്സര പരമ്പരയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. 20ന് ലീഡ്സില്‍ ആദ്യ ടെസ്റ്റും ജൂലൈ രണ്ടിന് എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റും 10ന് ലോര്‍ഡ്സില്‍ മൂന്നാം ടെസ്റ്റും 23ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാലാം ടെസ്റ്റും 31ന് കെന്‍സിംഗ്ടണ്‍ ഓവലില്‍ പരമ്പരയിലെ അവസാന ടെസ്റ്റും തുടങ്ങും. 1971ലും 1986ലും 2007ലും ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ട്. മൂന്ന് തവണയും പുതിയ നായകന്‍മാര്‍ക്ക് കീഴിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത്. 1971ല്‍ അജിത് വഡേക്കറും 1986ല്‍ കപില്‍ ദേവും 2007ല്‍ രാഹുല്‍ ദ്രാവിഡുമാണ് ഇന്ത്യയെ പരമ്പര നേട്ടത്തിലേക്ക് നയിച്ചത്. ഇത്തവണ ശുഭ്മാന്‍ ഗില്ലെന്ന പുതിയ നായകന് കീഴിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദപ് സിംഗ്, കുൽദീപ് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക