സിഡ്‌നിയില്‍ പാണ്ഡ്യ പവര്‍; ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്

By Web TeamFirst Published Dec 6, 2020, 5:38 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. സിഡ്‌നിയില്‍ നടന്ന രണ്ടാം ടി20 ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. അവസാന ഓവറില്‍ ഡാനിയേല്‍ സാംസിനെതിരെ രണ്ട് സിക്‌സര്‍ പായിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 

52 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ മത്സരത്തില്‍ നിര്‍ണായകമായത് 22 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സാണ്. ശ്രേയസ് അയ്യര്‍ക്കൊപ്പം (5 പന്തില്‍ പുറത്താവാതെ 12) നേടിയ 46 റണ്‍സാണ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചത്. വിരാട് കോലി (24 പന്തില്‍ 40), ധവാന്‍ (36 പന്തില്‍ 52), കെ എല്‍ രാഹുല്‍ (22 പന്തില്‍ 30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ (10 പന്തില്‍ 15) ഒരിക്കല്‍കൂടി മികച്ച തുടക്കം നല്‍കിയ ശേഷം പുറത്തായി. 

മികച്ച തുടാക്കമാണ് രാഹുല്‍- ധവാന്‍ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ധവാനെ മടക്കി ആന്‍ഡ്രൂ ടൈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടെത്തിയ കോലിയും തകര്‍പ്പനടികളുമായി ഗ്രൗണ്ട് കീഴടക്കി. ധവാനൊപ്പം 39 റണ്‍സാണ് കോലി ചേര്‍ത്തത്. ഇതിനിടെ ധവാന് ആഡം സാംപയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. തുടര്‍ന്ന് സഞ്ജു ക്രീസിലേക്ക്. തുടര്‍ച്ചയായി സിക്‌സും ഫോറും നേടിയ സഞ്ജു ആത്മവിശ്വാസം കാണിച്ചു. എന്നാല്‍ അധികനേരം ക്രീസില്‍ നില്‍ക്കായില്ല. 

റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സഞ്ജു മടങ്ങി. മിച്ചല്‍ സ്വെപ്‌സണെ ലോംഗ് ഓഫിലൂടെ സിക്‌സടിക്കാനുള്ള ശ്രമത്തില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച് നല്‍കി. പിന്നാലെ കോലിയും പവലിയനില്‍ തിരിച്ചെത്തി. കോലിയാവട്ടെ ഡാനിയേല്‍ സാംസിന്റെ പന്തില്‍ മാത്യു വെയ്ഡിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കോലി മടങ്ങുമ്പോള്‍ 23 പന്തില്‍ 45 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രിസിലുള്ളത് പാണ്ഡ്യ- ശ്രേയസ് സഖ്യം. മത്സരം കൈവിടുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ടൈയുടെ 19ാം ഓവറില്‍ തുടരെ രണ്ട് ബൗണ്ടറികള്‍ പായിച്ച് പാണ്ഡ്യ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. അടുത്ത ഓവര്‍ എറിയാനെത്തിയത് സാംസ്. രണ്ടാമത്തേയും നാലാമത്തേയും പന്ത് സിക്‌സ് പായിച്ച് പാണ്ഡ്യ ജയം സമ്മാനിച്ചു. പാണ്ഡ്യ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. 

നേരത്തെ നിയുക്ത ക്യാപ്റ്റന്‍ മാത്യു വെയ്ഡ് മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. ചാഹറിന്റെ ആദ്യ ഓവറില്‍ 13 റണ്‍സാണ് പിറന്നത്. രണ്ടാം ഓവറില്‍ സുന്ദറെ ഇറക്കി സ്പിന്‍ പരീക്ഷണം നടത്തിയപ്പോഴും വെയ്ഡ് അടി തുടര്‍ന്നു. മൂന്നാം ഓവറില്‍ താക്കൂര്‍ എട്ടില്‍ ചുരുക്കിയെങ്കിലും അടുത്ത ഓവറില്‍ സുന്ദറെ വീണ്ടും ശിക്ഷിച്ചു(15 റണ്‍സ്). റണ്‍നിരക്ക് കുറയ്ക്കാന്‍ അഞ്ചാം ഓവറില്‍ കോലി നടരാജനെ വിളിച്ചപ്പോള്‍ ഡീപ് മിഡ് വിക്കറ്റില്‍ അയ്യരുടെ ക്യാച്ചില്‍ ഡാര്‍സി ഷോര്‍ട്ട് പുറത്താവുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഓസ്ട്രേലിയ 47 റണ്‍സ് ചേര്‍ത്തു.

വെയ്ഡ് 25 പന്തില്‍ അമ്പത് തികച്ചു. എന്നാല്‍ എട്ടാം ഓവറിലെ അവസാന പന്തില്‍ വെയ്ഡ് നാടകീയമായി പുറത്തായി. വെയ്ഡിന്റെ ക്യാച്ച് കോലി നിലത്തിട്ടെങ്കിലും റണ്ണൗട്ടാക്കുകയായിരുന്നു. 32 പന്തില്‍ 58 റണ്‍സെടുത്തു ഓസീസ് നായകന്‍. സ്മിത്തും മാക്സ്വെല്ലും ക്രീസില്‍ നില്‍ക്കേ 10 ഓവറില്‍ 91 റണ്‍സുണ്ടായിരുന്നു ഓസീസിന്. നന്നായി തുടങ്ങി മാക്സ്വെല്ലിനെ 13-ാം ഓവറില്‍ സുന്ദറിന്റെ കൈകളിലെത്തിച്ച് താക്കൂര്‍ അടുത്ത ബ്രേക്ക്ത്രൂ നല്‍കി. 13 പന്തില്‍ 22 റണ്‍സാണ് മാക്സിയുടെ സമ്പാദ്യം. 

എന്നാല്‍ ഹെന്റിക്കിസിനെ കൂട്ടുപിടിച്ച് സ്മിത്ത് ഓസീസിനെ 16-ാം ഓവറില്‍ 150 കടത്തി. എങ്കിലും അര്‍ധ സെഞ്ചുറി തികയ്ക്കാന്‍ സ്മിത്തിനെ ഇന്ത്യ അനുവദിച്ചില്ല. മുന്‍ ഓവറുകളില്‍ നന്നായി അടിവാങ്ങിയ ചാഹല്‍ 46ല്‍ നില്‍ക്കേ സ്മിത്തിനെ പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. തന്റെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ഹെന്റിക്കസിനെ നട്ടു, രാഹുലിന്റെ കൈകളില്‍ ഭദ്രമാക്കി. പക്ഷേ അവസാന ഓവറില്‍ ചാഹറിനെ 17 റണ്‍സടിച്ച് സ്റ്റോയിനിസും സാംസും ഓസീസിനെ 190 കടത്തി.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ടി നടരാജന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. നാല് ഓവറുകള്‍ പൂര്‍ത്തിയാക്കിയ നടരാജന്‍ 20 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകള്‍ നേടി. ഷാര്‍ദുല്‍ താക്കൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകളുണ്ട്. ചാഹല്‍ നാല് ഓവറില്‍ 51 റണ്‍സ് നല്‍കി. നാല് ഓവറില്‍ 48 റണ്‍സ് വിട്ടുനല്‍കിയ ദീപക് ചാഹറിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.

click me!