ഓസീസിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; എങ്കിലും തുടക്കം മോശമായില്ല

Published : Dec 06, 2020, 04:17 PM IST
ഓസീസിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; എങ്കിലും തുടക്കം മോശമായില്ല

Synopsis

ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രാഹുല്‍ മടങ്ങിയത്. 22 പന്തില്‍ 30 റണ്‍സ് നേടിയ രാഹുല്‍ രണ്ട് ഫോറും ഒരു സിക്‌സും നേടി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടിയിരുന്നു. പിന്നാലെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുലിന്റെ (30) വിക്കറ്റാണ് നഷ്ടമായത്. ആന്‍ഡ്ര്യൂ ടൈക്കാണ് വിക്കറ്റ്. ശിഖര്‍ ധവാന്‍ (30), വിരാട് കോലി (2) എന്നിവരാണ് ക്രീസില്‍.

ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രാഹുല്‍ മടങ്ങിയത്. 22 പന്തില്‍ 30 റണ്‍സ് നേടിയ രാഹുല്‍ രണ്ട് ഫോറും ഒരു സിക്‌സും നേടി. ടൈയുടെ പന്തില്‍ മിച്ചല്‍ സ്വെപ്‌സണ് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. നേരത്തെ മാത്യു വെയ്ഡ് (32 പന്തില്‍ 58), സ്റ്റീവന്‍ സ്മിത്ത് (38 പന്തില്‍ 46) എന്നിവരുടെ പ്രകടനമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മോയ്‌സസ് ഹെന്റിക്കസ് (18 പന്തില്‍ 26), ഗ്ലെന്‍ മാക്‌സ്‌വെല്‍ (13 പന്തില്‍ 22) എന്നിവരും ഭേദ്ദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

നേരത്തെ നിയുക്ത ക്യാപ്റ്റന്‍ മാത്യു വെയ്ഡ് മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. ചാഹറിന്റെ ആദ്യ ഓവറില്‍ 13 റണ്‍സാണ് പിറന്നത്. രണ്ടാം ഓവറില്‍ സുന്ദറെ ഇറക്കി സ്പിന്‍ പരീക്ഷണം നടത്തിയപ്പോഴും വെയ്ഡ് അടി തുടര്‍ന്നു. മൂന്നാം ഓവറില്‍ താക്കൂര്‍ എട്ടില്‍ ചുരുക്കിയെങ്കിലും അടുത്ത ഓവറില്‍ സുന്ദറെ വീണ്ടും ശിക്ഷിച്ചു(15 റണ്‍സ്). റണ്‍നിരക്ക് കുറയ്ക്കാന്‍ അഞ്ചാം ഓവറില്‍ കോലി നടരാജനെ വിളിച്ചപ്പോള്‍ ഡീപ് മിഡ് വിക്കറ്റില്‍ അയ്യരുടെ ക്യാച്ചില്‍ ഡാര്‍സി ഷോര്‍ട്ട് പുറത്താവുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഓസ്ട്രേലിയ 47 റണ്‍സ് ചേര്‍ത്തു.

വെയ്ഡ് 25 പന്തില്‍ അമ്പത് തികച്ചു. എന്നാല്‍ എട്ടാം ഓവറിലെ അവസാന പന്തില്‍ വെയ്ഡ് നാടകീയമായി പുറത്തായി. വെയ്ഡിന്റെ ക്യാച്ച് കോലി നിലത്തിട്ടെങ്കിലും റണ്ണൗട്ടാക്കുകയായിരുന്നു. 32 പന്തില്‍ 58 റണ്‍സെടുത്തു ഓസീസ് നായകന്‍. സ്മിത്തും മാക്സ്വെല്ലും ക്രീസില്‍ നില്‍ക്കേ 10 ഓവറില്‍ 91 റണ്‍സുണ്ടായിരുന്നു ഓസീസിന്. നന്നായി തുടങ്ങി മാക്സ്വെല്ലിനെ 13-ാം ഓവറില്‍ സുന്ദറിന്റെ കൈകളിലെത്തിച്ച് താക്കൂര്‍ അടുത്ത ബ്രേക്ക്ത്രൂ നല്‍കി. 13 പന്തില്‍ 22 റണ്‍സാണ് മാക്സിയുടെ സമ്പാദ്യം. 

എന്നാല്‍ ഹെന്റിക്കിസിനെ കൂട്ടുപിടിച്ച് സ്മിത്ത് ഓസീസിനെ 16-ാം ഓവറില്‍ 150 കടത്തി. എങ്കിലും അര്‍ധ സെഞ്ചുറി തികയ്ക്കാന്‍ സ്മിത്തിനെ ഇന്ത്യ അനുവദിച്ചില്ല. മുന്‍ ഓവറുകളില്‍ നന്നായി അടിവാങ്ങിയ ചാഹല്‍ 46ല്‍ നില്‍ക്കേ സ്മിത്തിനെ പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. തന്റെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ഹെന്റിക്കസിനെ നട്ടു, രാഹുലിന്റെ കൈകളില്‍ ഭദ്രമാക്കി. പക്ഷേ അവസാന ഓവറില്‍ ചാഹറിനെ 17 റണ്‍സടിച്ച് സ്റ്റോയിനിസും സാംസും ഓസീസിനെ 190 കടത്തി.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ടി നടരാജന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. നാല് ഓവറുകള്‍ പൂര്‍ത്തിയാക്കിയ നടരാജന്‍ 20 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകള്‍ നേടി. ഷാര്‍ദുല്‍ താക്കൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകളുണ്ട്. ചാഹല്‍ നാല് ഓവറില്‍ 51 റണ്‍സ് നല്‍കി. നാല് ഓവറില്‍ 48 റണ്‍സ് വിട്ടുനല്‍കിയ ദീപക് ചാഹറിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.

മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മനീഷ് പാണ്ഡെയ്ക്ക് പകരം ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയ്ക്ക് പകരം യൂസ്വേന്ദ്ര ചാഹലും മുഹമ്മദ് ഷമിക്ക് പകരം ഷാര്‍ദുല്‍ താക്കൂറും ടീമിലെത്തി. ഓസീസും മൂന്ന് മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം മാര്‍ക്കസ് സ്റ്റോയിനിസും മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ആന്‍ഡ്രൂ ടൈയു ജോഷ് ഹേസല്‍വുഡിന് പകരം ഡാനിയേല്‍ സാംസും ടീമിലെത്തി. ഫിഞ്ചി് പകരം മാത്യു വെയ്ഡാണ് ഓസീസിനെ നയിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍