സെഞ്ചുറിയുമായി ഹിറ്റ്മാൻ, ചേസ് മാസ്റ്ററായി കിംഗ് കോലി, ഓസീനെ വീഴത്തി ഇന്ത്യക്ക് ആശ്വാസ ജയം

Published : Oct 25, 2025, 03:56 PM IST
Rohit Sharma-Virat Kohli

Synopsis

63 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രോഹിത് 105 പന്തില്‍ 33-ാം ഏകദിന സെഞ്ചുറിയിലെത്തി.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്‍റെ ഇന്ത്യക്ക് ആധികാരിക ജയം. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മയുടെ അപരാജിത സെഞ്ചുറിയുടെയും വിരാട് കോലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്. രോഹിത് 125പന്തില്‍ 121 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോലി 81 പന്തില്‍ 74 റണ്‍സെടുത്ത് വിജയത്തില്‍ രോഹിത്തിന് കൂട്ടായി. 24 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു(2-1). സ്കോര്‍ ഓസ്ട്രേലിയ 46.4 ഓവറില്‍ 236ന് ഓള്‍ ഔട്ട്, ഇന്ത്യ 38.3 ഓവറില്‍ 237-1.

വിന്‍റേജ് രോഹിത്, കിംഗ് കോലി

237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയെ ഒരിക്കല്‍ കൂടി ചുമലിലേറ്റിയത് രോഹിത് ശര്‍മയും വിരാട് കോലിയുമായിരുന്നു. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 169 പന്തില്‍ ഇരുവും ചേര്‍ന്ന് 168 റണ്‍സടിച്ചാണ് ഇന്ത്യയെ വിജയവര കടത്തിയത്. 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 69 റണ്‍സടിച്ച് നല്ല തുടക്കമാണ് നല്‍കിയത്. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ രോഹിത് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. 

സ്റ്റാര്‍ക്കിന്‍റെ രണ്ടാം ഓവറിലും ബൗണ്ടറി നേടിയ രോഹിത് ഹേസല്‍വുഡിനെ കരുതലോടെയാണ് നേരിട്ടത്. ആദ്യ രണ്ടോവറില്‍ ഹേസല്‍വുഡ് ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. സ്റ്റാര്‍ക്കിന്‍റെ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 11 റണ്‍സാണ് രോഹിത് നേടിയത്. പിന്നാലെ നഥാന്‍ എല്ലിസിന്‍റെ ഓവറില്‍ ഇന്ത്യ 13 റണ്‍സ് നേടിയതോടെ ആദ്യ അഞ്ചോവറില്‍ 35 റണ്‍സെടുത്തു. 

 

നഥാന്‍ എല്ലിസ് എറിഞ്ഞ എട്ടാം ഓവറിലും രണ്ട് ബൗണ്ടറി നേടിയ രോഹിത് ടോപ് ഗിയറിലായി. ഹേസല്‍വുഡ് എറിഞ്ഞ ഒമ്പതാം ഓവറില്‍ ഇന്ത്യ 10 റണ്‍സടിച്ച് 50 കടന്നു. കൂപ്പര്‍ കൊണോലിയെ സിക്സിന് പറത്തി പ്രതീക്ഷ നല്‍കിയ ഗില്‍ പക്ഷെ അടുത്ത ഓവറില്‍ ഹേസല്‍വുഡിന് മുന്നില്‍ വീണു. 26 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയ ഗില്‍ 24 റണ്‍സാണ് നേടിയത്.

പിന്നീട് ക്രീസിലെത്തിയ വിരാട് കോലി ആദ്യ പന്തില്‍ തന്നെ സിംഗിളെടുത്തു. ആദ്യ രണ്ട് കളികളിലും ഡക്കായ കോലിയുടെ ആദ്യ റണ്ണിനെ കൈയടികളോടെയാണ് ആരാധകര്‍ വരവേറ്റത്. ആദം സാംപയെ ബൗണ്ടറി കടത്തി ആദ്യ ബൗണ്ടറി നേടിയ കോലി ഹേസല്‍വുഡിനെതിരെയും ബൗണ്ടറി നേടി ഫോമിലായി. പിന്നാലെ സാംപയെ സിക്സിന് പറത്തിയ രോഹിത് സ്റ്റാര്‍ക്കിനെ സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തിയ കോലിയും ചേര്‍ന്ന് ഇന്ത്യയെ 16-ാം ഓവറില്‍ 100 കടത്തി. 63 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രോഹിത് 105 പന്തില്‍ 33-ാം ഏകദിന സെഞ്ചുറിയിലെത്തി.

 

54 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വിരാട് കോലിക്കൊപ്പം 168 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തിയ രോഹിത് ഇന്ത്യയെ ആധികാരിക ജയത്തിലേക്ക് നയിച്ചു. ഏകദിനങ്ങളില്‍ 75-ാം അര്‍ധസെഞ്ചുറി കുറിച്ച കോലിയാകട്ടെ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയെ മറികടന്ന് ഏകദിന റണ്‍വേട്ടയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 13 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് രോഹിത്തിന്‍റെ ഇന്നിംഗ്സ്. ഏഴ് ബൗണ്ടറികളാണ് കോലിയുടെ ഇന്നിംഗ്സിലുള്ളത്.

 

എറിഞ്ഞിട്ട് ഹര്‍ഷിത്

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 46.4 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 56 റണ്‍സെടുത്ത മാറ്റ് റെൻഷാ ആണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ഓസീസിനായി ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ് 41ഉം ട്രാവിസ് ഹെഡ് 29ഉം റണ്‍സെടുത്തു. 34-ാം ഓവറില്‍ 183-3 എന്ന മികച്ച നിലയിലായിരുന്ന ഓസീസിന്‍റെ അവസാന ഏഴ് വിക്കറ്റുകള്‍ 53 റണസിനിടെ എറിഞ്ഞിട്ടാണ് ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തിയത്. ഇന്ത്യക്കായി ഹര്‍ഷിത് റാണ നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദർ രണ്ട് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മികച്ച തുടക്കത്തിനായി എല്ലായ്പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല', തോല്‍വിക്കൊടുവില്‍ തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം