
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ദിനം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 153 റണ്‍സിന് അവസാനിപ്പിച്ച് 124 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിൽ കൂട്ടത്തകര്‍ച്ചയിലാണ്. 22 റണ്‍സടെ വാഷിംഗ്ടണ്‍ സുന്ദറും 12 റണ്‍സോടെ രവീന്ദ്ര ജഡേജയും ക്രീസില്‍.
സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ യശസ്വി ജയ്സ്വാളിനെയും(0) ഒരു റണ്ണുള്ളപ്പോള്‍ കെ എല്‍ രാഹുലിനെയും(1) നഷ്ടമായ ഇന്ത്യക്ക് ലഞ്ചിനുശേഷം ധ്രുവ് ജുറെലിന്‍റെയും റിഷഭ് പന്തിന്‍റെയും വിക്കറ്റുകളും നഷ്ടമായി. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്‍സനും സൈമണ്‍ ഹാര്‍മറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനി 73 റണ്‍സ് കൂടി വേണം.
124 റണ്‍സിന്‍റെ ചെറിയ വിജയലക്ഷ്യം പോലും കൊല്‍ക്കത്തയില്‍ ഇന്ത്യക്ക് എത്രമാത്രം ബുദ്ധിമുട്ടാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു യാന്‍സന്‍റെ നാലോവര്‍ സ്പെല്‍. അസാധാരണ ബൗണ്‍സ് കൗണ്ട് ഇന്ത്യൻ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ച യാന്‍സന് മുന്നില്‍ പലപ്പോഴും ഭാഗ്യം ഇന്ത്യയെ തുണച്ചു. ആദ്യ ഓവറിലെ നാലാം പന്തില്‍ ജയ്സ്വാളിനെ വിക്കറ്റിന് പിന്നില്‍ വിക്കറ്റ് കീപ്പര്‍ വെരിയെന്നെയുടെ കൈകളിലെത്തിച്ചാണ് യാന്‍സന്‍ ഇന്ത്യയെ ആദ്യം ഞെട്ടിച്ചത്. മറുവശത്ത് സ്പിന്നര്‍മാരെക്കൊണ്ട് ന്യൂബോള്‍ എറിയിച്ച ടെംബാ ബാവുമ സമ്മര്‍ദ്ദം നിലനിര്‍ത്തി.
തന്‍റെ രണ്ടാം ഓവറില്‍ അസാധാരണമായി കുത്തിയുയര്‍ന്ന പന്തില്‍ കെ എല്‍ രാഹുലിനെ കൂടി വെരിയെന്നെയുടെ കൈകളിലേക്ക് പറഞ്ഞയച്ച യാന്‍സന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തലാക്കി. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ബാറ്റിംഗിനില്ലാത്തതിനാല്‍ രാഹുല്‍ പുറത്തായതോടെ ധ്രുവ് ജുറെലാണ് ക്രീസിലെത്തിയത്. ജുറെലും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 10 റണ്‍സിലെത്തിച്ച് ആദ്യ സെഷന്‍ അവസാനിപ്പിച്ചു.
ലഞ്ചിനുശേഷം സൈമണ്‍ ഹാര്‍മറുടെ പന്തില്‍ സിക്സിന് ശ്രമിച്ച ധ്രുവ് ജുറെലിനെ(13) കോര്‍ബിന്‍ ബോഷ് ബൗണ്ടറിയില്‍ പിടികൂടിയപ്പോൾ തുടക്കം മുതല്‍ സ്പിന്നിനെതിരെ പതറിയ റിഷഭ് പന്ത്(2) ഒടുവില്‍ സൈമൺ ഹാര്‍മര്‍ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. നേരത്തെ 93-7 എന്ന സ്കോറില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 153 റൺസിന് ഓള്‍ ഔട്ടാവുകയായിരുന്നു. 55 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ടെംബാ ബാവുമ മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. എട്ടാം വിക്കറ്റില്‍ ബാവുമക്കൊപ്പം പിടിച്ചു നിന്ന കോര്‍ബിന്‍ ബോഷ് 25 റണ്‍സെടുത്ത് ഇന്ത്യക്ക് ഭീഷണിയായെങ്കിലും ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് തകര്‍ത്തതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!