ശ്രേയസിന് പകരം ആര്? ഗില്‍ കളിക്കില്ല, സഞ്ജു വീണ്ടും ഏകദിന ടീമിലെത്തുമോ? ഏകദിന പരമ്പരയ്ക്കുള്ള സാധ്യതാ ടീം

Published : Nov 22, 2025, 07:58 PM IST
Sanju Samson and Ruturaj Gaikwad

Synopsis

ശ്രേയസിന് പകരക്കാരനായും ഓപ്പണിംഗ് സ്ഥാനത്തേക്കും പുതിയ താരങ്ങളെ പരിഗണിക്കുമ്പോൾ സഞ്ജു സാംസണിന്റെ സാധ്യതകൾ വിരളമാണ്. 

മുബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ ടീമില്‍ എന്തൊക്കെ സര്‍പ്രൈസുകളാകും ഉണ്ടാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രത്യേകിച്ച് വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കളിക്കാത്ത സാഹചര്യത്തില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ താരങ്ങള്‍ക്ക് സീനിയര്‍ ടീമില്‍ ഇടം കിട്ടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

ഗില്‍ കളിച്ചില്ലെങ്കില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി പകരം ആരെത്തുമെന്നുള്ളത് പ്രധാന ചോദ്യമാണ്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എക്കായി തിളങ്ങിയ റുതുരാജ് ഗെയ്ക്വാദിനും യസസ്വി ജയ്‌സ്വാളിനുമാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. ഇടം കൈയന്‍ ബാറ്ററാണെന്നത് ജയ്‌സ്വാളിന് അധിക ആനുകൂല്യമാണെങ്കിലും റുതുരാജിന്റെ മിന്നും പ്രകടനം അവഗണിക്കാനാവില്ല. മൂന്നാം നമ്പറില്‍ കോലി സ്ഥാനം ഉറപ്പിക്കുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം ആരെത്തുമെന്നതും കാത്തിരുന്ന് കാണണം.

തിലക് വര്‍മ, റിഷഭ് പന്ത് എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്ക എക്കെതിതിരെ മികവ് കാട്ടാനായില്ലെന്നത് തിലകിന് തിരിച്ചടിയാണ്. പന്ത് ആവട്ടെ ദീര്‍ഘകാലമയായി ഏകദിന ടീമിലില്ല. മറ്റൊരു സാധ്യത ധ്രുവ് ജുറലിനാണ്. മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത വിരളമാണ്. ഗില്‍ കളിച്ചില്ലെങ്കില്‍ പകരം ക്യാപ്റ്റനാകുമെന്ന് കരുതുന്ന കെ എല്‍ രാഹുല്‍ അഞ്ചാമതെത്തുമ്പോള്‍ പരിക്കുമാറി തിരിച്ചെത്തുന്ന ഹാര്‍ദ്ദിക്കിനെ ടീമിലേക്ക് പരിഗണിക്കാനിടയില്ല. അക്‌സര്‍ പട്ടേല്‍ ആറാമതും നതീഷ് കുമാര്‍ റെഡ്ഡി ഏഴാമതും എത്തുന്ന ബാറ്റിംഗ് ഓര്‍ഡറില്‍ വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും ടീമിലെത്തിയേക്കുമെന്നാണ് കരുതുന്നത്.

ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന ടീമിലേക്ക് പരിഗണിക്കുമോ എന്ന കാര്യം സംശയമാണ്. ജസ്പ്രിത് ബുമ്രക്ക് വിശ്രമം അനുവദിച്ചാല്‍ പേസര്‍മാരായി ഹര്‍ഷിത് റാണയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാകും ടീമിലെത്തുക.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍ / റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, റിഷഭ് പന്ത്, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്.

PREV
Read more Articles on
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം