
മുംബൈ: അടുത്ത മാസം ആദ്യം വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും ഏഷ്യാ കപ്പില്‍ കളിക്കുന്നതിനായി ദുബായിലായതിനാല്‍ ഓൺലൈനായിട്ടായിരിക്കും സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുകയെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിന് ശേഷം സെലക്ഷന്‍ കമ്മിറ്റിയില്‍ ആര്‍ പി സിംഗിനെയും പ്രഗ്യാന്‍ ഓജയെയും ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര രണ്ട് മലയാളി താരങ്ങള്‍ക്ക് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച മലയാളി താരം കരുണ്‍ നായര്‍ക്കും ഓസ്ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ദേവ്ദത്ത് പടിക്കലിനും. കരുണ്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമോ എന്നാണ് കണ്ടറിയേണ്ടത്. അതേസമയം, ദേവ്ദത്ത് പടിക്കലാകട്ടെ ഓസ്ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ 150 റണ്‍സടിച്ച് ടെസ്റ്റ് ടീമിലേക്ക് ശക്തമായ അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടില്‍ കളിച്ച സായ് സുദര്‍ശനെ ടീമിലേക്ക് പരിഗണിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുമോ എന്നതും ആകാംക്ഷയാണ്. ഓസ്ട്രേലിയ എക്കെതിരെ ശ്രേയസ് നിരാശപ്പെടുത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും ടീമില്‍ സ്ഥാനം നിലിനിര്‍ത്തുമെന്നാണ് കരുതുന്നത്. ഏഷ്യാ കപ്പ് ടീമിലിടം കിട്ടാതിരുന്ന യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തും. ജസ്പ്രീത് ബുമ്രയും വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുമെന്നാണ് കരുതുന്നത്. ആകാശ് ദീപായിരിക്കും മൂന്നാം പേസറായി ടീമിലെത്തുക.
സ്പിന്നര്‍മാരായി കുല്‍ദീപ് യാവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലെത്തുമ്പോള്‍ അക്സര്‍ പട്ടേലിനെ തിരിച്ചുവിളിക്കാനും സാധ്യതയുണ്ട്. ആര്‍ അശ്വിന്‍ വിരമിച്ചശേഷം ആദ്യമായി ഹോം സീരീസിന് ഇറങ്ങുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരാകും ഓഫ് സ്പിന്നറായി ഇടം നേടുക എന്നതും ആകാംക്ഷയാണ്. ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കുക. ഒക്ടോബര്‍ 10 മുതല്‍ ഡല്‍ഹിയിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക