മലയാളി താരത്തിന്റെ വെടിക്കെട്ടും ഓസീസിനെ തുണച്ചില്ല; ആദ്യ യൂത്ത് ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

Published : Sep 21, 2025, 03:59 PM IST
India U19 Star Vaibhav Suryavanshi Batting

Synopsis

മലയാളി താരം ജോൺ ജെയിംസ് ഓസീസിനായി പുറത്താവാതെ 77 റൺസ് നേടിയെങ്കിലും, അഭിഗ്യാൻ കുണ്ടു (87*), വേദാന്ത് ത്രിവേദി (61*) എന്നിവരുടെ മികവിൽ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. 

ബ്രിന്‍ബേന്‍: ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് ഏഴ് വിക്കറ്റ് ജയം. ബ്രിസ്‌ബേനില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. മലയാളിയായ ജോണ്‍ ജെയിംസ് (68 പന്തില്‍ പുറത്താവാതെ 77) മികച്ച പ്രകടനം പുറത്തെടുത്തു. വയനാട്, പുല്‍പള്ളിയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ജോമേഷ് - സ്മിത ദമ്പതികളുടെ മകനാണ് ജോണ്‍. ഇന്ത്യക്ക് വേണ്ടി ഹെനില്‍ പട്ടേല്‍ മൂന്നും കിഷന്‍ കുമാര്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഭിഗ്യാന്‍ കുണ്ടു (87), വേദാന്ദ് ത്രിവേദി (61) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷി (22 പന്തില്‍ 38) മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കയിത്. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെയ്‌ക്കൊപ്പം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. സൂര്യവന്‍ഷി പുറത്ത്. തൊട്ടടുത്ത ഓവറില്‍ ആയുഷ് മാത്രെയും (6) മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ വിഹാന്‍ മല്‍ഹോത്രയ്ക്ക് തിളങ്ങാന്‍ സാധിച്ചതുമില്ല. ഇതോടെ മൂന്നിന് 75 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ ത്രിവേദി - കുണ്ടു സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 152 റണ്‍സ് കൂട്ടിചേര്‍ത്തു. 74 പന്തുകള്‍ നേരിട്ട കുണ്ടു അഞ്ച് സിക്‌സും എട്ട് ഫോറും നേടി. ത്രിവേദി 69 പന്തുകളാണ് നേരിട്ടത്. ഇതില്‍ എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടും.

ഓസീസ് നിരയില്‍ ജോണിന് പുറമെ ടോം ഹോഗന്‍ (41), സ്റ്റീവന്‍ ഹോഗന്‍ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മോശം തുടക്കമായിരുന്നു ഓസ്‌ട്രേലിയക്ക്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരെ ഓസീസിന് നഷ്ടമായി. അലക്‌സ് ടര്‍ണര്‍, സിമോണ്‍ ബഡ്ജ് എന്നിവര്‍ക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. ഇരുവരേയും കിഷന്‍ കുമാര്‍ പുറത്താക്കി. പിന്നാലെ വില്‍ മലജ്‌സുക് (17), യഷ് ദേശ്മുഖ് (0) എന്നിവരും മടങ്ങി. ഹെനില്‍ പട്ടേലിനായിരുന്നു രണ്ട് വിക്കറ്റുകളും. ഇതോടെ നാലിന് 35 എന്ന നിലയിലായി ഓസീസ്. തുര്‍ന്ന് സ്റ്റീവന്‍ - ടോം സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

എന്നാല്‍ നാല് വിക്കറ്റുകള്‍ ഓസീസിന് പെട്ടന്ന് നഷ്ടമായി. ഇരുവര്‍ക്കും പുറമെ ആര്യന്‍ ശര്‍മ (10), ഹെയ്ഡന്‍ ഷില്ലര്‍ (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ബെന്‍ ഗോര്‍ഡന്‍ (16) റണ്ണൗട്ടാവുകയും ചെയ്തു. എന്നാല്‍ ജോണ്‍ നടത്തിയ പ്രകടനം ഓസീസ് സ്‌കോര്‍ 200 കടത്തി. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജോണിന്റെ പ്രകടനം. ചാര്‍ളസ് ലച്ച്മുണ്ട് (1) പുറത്താവാതെ നിന്നു. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഓസീസ്: സൈമണ്‍ ബഡ്ജ് (വിക്കറ്റ് കീപ്പര്‍), അലക്‌സ് ടര്‍ണര്‍, സ്റ്റീവന്‍ ഹോഗന്‍, വില്‍ മലാജ്ചുക് (ക്യാപ്റ്റന്‍), യാഷ് ദേശ്മുഖ്, ഹെയ്ഡന്‍ ഷില്ലര്‍, ടോം ഹോഗന്‍, ആര്യന്‍ ശര്‍മ്മ, ജോണ്‍ ജെയിംസ്, ബെന്‍ ഗോര്‍ഡന്‍, ചാള്‍സ് ലാച്ച്മുണ്ട്.

ഇന്ത്യ: വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, നമന്‍ പുഷ്പക്, ഹെനില്‍ പട്ടേല്‍, കിഷന്‍ കുമാര്‍.

PREV
Read more Articles on
click me!

Recommended Stories

ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്
ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍