ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിനിടെ ഹർഷിത് റാണയുടെ കാൽമുട്ടിനേറ്റ പരിക്ക് അവസാന നിമിഷം സിറാജിന് ലോകകപ്പ് ടീമിലേക്ക് വഴി തുറന്നത്.

മുംബൈ: സൂര്യ ഭായ് വരാൻ പറഞ്ഞു, അപ്പോൾ പിന്നെ വരാതിരിക്കാൻ പറ്റുമോ. 2026 ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് പിന്നാലെ ചിരിച്ചുകൊണ്ട് മുഹമ്മദ് സിറാജ് പറഞ്ഞ വാക്കുകളാണിത്. ഹർഷിത് റാണയ്ക്കും ജസ്പ്രീത് ബുംറയ്ക്കും പരിക്കേറ്റതോടെ അവസാന നിമിഷം ടീമിലെത്തിയ സിറാജ്, വാങ്കഡെയിൽ അമേരിക്കക്കെതിരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ വിജയശിൽപിയായി മാറി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2024ലെ ലോകപ്പ് നേടിയ ടീമിലുണ്ടായിരുന്ന സിറാജിന് ഇത്തവണത്തെ ലോകകപ്പ് ടീമിൽ ഇടമുണ്ടായിരുന്നില്ല. എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിനിടെ ഹർഷിത് റാണയുടെ കാൽമുട്ടിനേറ്റ പരിക്ക് അവസാന നിമിഷം സിറാജിന് ലോകകപ്പ് ടീമിലേക്ക് വഴി തുറന്നു. ജസ്പ്രീത് ബുമ്രക്ക് പനിയായതിനാല്‍ കളിക്കാനിറങ്ങാതിരുന്നത് പ്ലേയിംഗ് ഇലവനിലും സിറാജിന് ഇടം നല്‍കി.

റയൽ മാഡ്രിഡിന്‍റെ ഫുട്ബോൾ മത്സരം നേരിട്ട് കാണാൻ സ്പെയിനിലേക്ക് ടിക്കറ്റെടുത്ത് ബാഗ് പാക്ക് ചെയ്തിരുന്നതായിരുന്നു താനെന്ന് സിറാജ് മത്സരശേഷം പറഞ്ഞു. അപ്രതീക്ഷിതമായാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ ഫോണ്‍ വന്നത്. എന്നെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തുവെന്ന് സൂര്യ ഭായ് പറഞ്ഞപ്പോള്‍ എനിക്കത് വിശ്വസിക്കാനായില്ല. സൂര്യ തമാശ പറയുകയാണെന്നാണ് താരം ആദ്യം കരുതിയത്. എന്നാലത് സത്യമാണെന്ന് ഉറപ്പിക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടിവന്നു. സൂര്യ ഭായ് ടീമിലേക്ക് വരാൻ പറഞ്ഞു, ഞാൻ എത്തി. സത്യം പറഞ്ഞാല്‍ ഐപിഎല്ലിന് ശേഷം ഞാൻ സൂര്യയെ കണ്ടിരുന്നില്ല. ഈ ലോകകപ്പ് കളിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. എന്നാൽ ദൈവം എഴുതിവെച്ചത് മാറ്റാൻ ആർക്കും കഴിയില്ല. ടീമിലെത്താൻ കഴിഞ്ഞതിലും നല്ല പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിലും ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നായിരുന്നു സിറാജിന്‍റെ വാക്കുകള്‍.

View post on Instagram

ബുമ്രയുടെയും ഹര്‍ഷിതിന്‍റെയും അഭാവത്തിൽ അമേിക്കക്കെതിരെ ഇന്ത്യൻ പേസ് പടയെ നയിച്ച സിറാജ് 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. 2024-ൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം സിറാജ് കളിക്കുന്ന ആദ്യ അന്താരാഷ്ട്ര ടി20 മത്സരമായിരുന്നു ഇത്. സിറാജിന്റെ (3/29) കരുത്തിൽ യുഎസ്എയെ 132 റൺസിൽ ഒതുക്കി ഇന്ത്യ 29 റൺസിന്റെ ജയം ആഘോഷിച്ചു.

ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഫെബ്രുവരി 12-ന് ഡൽഹിയിൽ നമീബിയയ്‌ക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ സിറാജിന് സ്ഥാനം നഷ്ടമായേക്കാം. പരിക്കിൽ നിന്ന് മുക്തനായി ജസ്പ്രീത് ബുമ്ര തിരിച്ചെത്തുകയാണെങ്കിൽ സിറാജ് വീണ്ടും ബെഞ്ചിലേക്ക് മാറേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക