മത്സരത്തിൽ അഞ്ചാം ഓവർ മുതൽ പത്താം ഓവർ വരെയുള്ള തുടർച്ചയായ 27 പന്തുകളിൽ ഒരു ബൗണ്ടറി പോലും നേടാൻ ഇന്ത്യൻ ബാറ്റർമാർക്ക് കഴിഞ്ഞില്ലെന്നത് ഇന്ത്യ അനുഭവിച്ച സമ്മര്‍ദ്ദത്തിന് തെളിവാണ്.

മുംബൈ: ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ അമേരിക്കക്കെതിരെ ജയിച്ചു തുടങ്ങിയെങ്കിലും ബാറ്റിംഗിൽ മോശം റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. ബാറ്റിംഗ് പറുദീസയെന്ന് പേരുരേട്ട വാങ്കഡെ സ്റ്റേഡിയത്തിൽ ദുര്‍ബലരായ എതിരാളികള്‍ക്ക് മുന്നില്‍ ഇന്ത്യൻ ബാറ്റിംഗ് നിര മുമ്പെങ്ങുമില്ലാത്ത വിധം പതറുന്ന കാഴ്ചയാണ് ഇന്നലെ ആരാധകർ കണ്ടത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യൻ ഇന്നിംഗ്സില്‍ അഞ്ചാം ഓവർ മുതൽ പത്താം ഓവർ വരെയുള്ള തുടർച്ചയായ 27 പന്തുകളിൽ ഒരു ബൗണ്ടറി പോലും നേടാൻ ഇന്ത്യൻ ബാറ്റർമാർക്ക് കഴിഞ്ഞില്ലെന്നത് ഇന്ത്യ അനുഭവിച്ച സമ്മര്‍ദ്ദത്തിന് തെളിവാണ്. വാങ്കഡെയില്‍ ഇന്ത്യ നേരിട്ട ഏറ്റവും മോശം ‘ബൗണ്ടറി വരൾച്ച’യാണിത്.

പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ 4 വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. പവര്‍ പ്ലേയില്‍ നാലു വിക്കറ്റ് നഷ്ടമാക്കി നേടിയ 46 റണ്‍സ് ടി20 ചരിത്രത്തില്‍ പവര്‍ പ്ലേയില്‍ ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറുമാണ്. പതിമൂന്ന് ഓവര്‍ പിന്നിടുമ്പോൾ 77-6 എന്ന നിലയില്‍‍ പതറുകയായിരുന്നു ഇന്ത്യ. ടി20 ക്രിക്കറ്റില്‍ പതിമൂന്ന് ഓവറുകള്‍ക്ക് ശേഷമുള്ള ഇന്ത്യയുടെ നാലാമത്തെ ഏറ്റവും മോശം പ്രകടനമാണിത്. ഇന്ത്യൻ ബാറ്റിംഗ് നിരയില്‍ 4 പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവും (84*), തിലക് വർമ്മയും (25) മാത്രമാണ് ബാറ്റിംഗ് നിരയില്‍ അമേരിക്കയുടെ ആക്രമണത്തെ ചെറുത്തുനിന്നത്.

ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചയെ മുൻ താരം ആർ. അശ്വിൻ എക്സ് പോസ്റ്റില്‍ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നമ്മൾ എത്ര വലിയ കുഴിയിലാണ് വീണിരിക്കുന്നത് എന്ന് നോക്കൂ, എന്നായിരുന്നു അശ്വിന്‍റെ പ്രതികരണം. ഐപിഎല്ലിൽ കാണുന്ന വാംഖഡെ പിച്ചിൽ നിന്നും വ്യത്യസ്തമായിരുന്നു ഇതെന്നും ഇന്ത്യൻ ബാറ്റർമാരുടെ പ്ലാനിംഗും ശൈലിയും പാളിയെന്നും അശ്വിന്‍ കുറിച്ചു.

Scroll to load tweet…

വിജയിച്ചു എന്നതുകൊണ്ട് മാത്രം പിഴവുകൾ മറച്ചുവെക്കാനാവില്ലെന്ന് മത്സരശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഞങ്ങൾ ഇതിലും നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. കുറച്ചുകൂടി ബുദ്ധിപൂർവ്വം കളിക്കേണ്ടിയിരുന്നു. ജയിച്ച മത്സരങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക