കോലിയുടെ അഭാവത്തില്‍ രഹാനെ ഗംഭീരമായി നയിക്കും, ഒരു കാര്യം ശ്രദ്ധിക്കണം: ഹര്‍ഭജന്‍

By Web TeamFirst Published Nov 21, 2020, 7:35 PM IST
Highlights

കോലിയുടെ നായകനും ബാറ്റ്സ്‌മാനും എന്ന നിലയില്‍ അഭാവം ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെ ബാധിക്കും എന്നും ഭാജി. 

മുംബൈ: ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റിന് ശേഷം നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങും. കോലി മടങ്ങുമ്പോള്‍ ഉപനായകന്‍ അജിങ്ക്യ രഹാനെ ക്യാപ്റ്റനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റ് ടീമിനെ നന്നായി നയിക്കാന്‍ രഹാനെക്ക് കഴിയും എന്ന് പറയുന്നു ഹര്‍ഭജന്‍ സിംഗ്. എന്നാല്‍ കോലിയുടെ മാതൃകയില്‍ റണ്‍സ് കണ്ടെത്താനും രഹാനെയ്‌ക്ക് കഴിയണം എന്ന് അദേഹം വ്യക്തമാക്കി. 

രഹാനെ ശൈലി മാറ്റരുത്

'ഒരു പരമ്പരയില്‍ പൂര്‍ണമായും ഇതുവരെ ക്യാപ്റ്റനായിട്ടില്ല എന്നതിനാല്‍ അജിങ്ക്യ രഹാനെയെ സംബന്ധിച്ച് ഇതൊരു വലിയ വെല്ലുവിളിയാണ്. എന്നാല്‍ അദേഹം ശാന്തനായ നായകനാണ്. അമിത വൈകാരികതയില്ല. വിരാട് കോലിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ശൈലി. രഹാനെയ്‌ക്ക് പുതിയ അനുഭവമാകും പരമ്പര. രഹാനെയ്‌ക്ക് എല്ലാ ആശംസകളും നേരുകയാണ്. കോലിയെ പോലെ ടീമിനെ മുന്നോട്ട് നയിക്കുന്നതിനൊപ്പം ഏറെ റണ്‍സ് രഹാനെ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു. 

പരമ്പരക്കായി രഹാനെ ശൈലി മാറ്റേണ്ട കാര്യമില്ല. ഓസ്‌ട്രേലിയയെ കീഴ്‌പെടുത്താന്‍ കോലിയില്‍ നിന്ന് എന്തെങ്കിലും കടംകൊള്ളേണ്ടത് അത്യവശ്യമാണ് എന്ന് തോന്നുന്നില്ല. സ്വന്തം ശൈലിയില്‍ നിന്നുകൊണ്ടാണ് ടീമിലെ മികവ് കണ്ടെത്തേണ്ടത്' എന്നും ഭാജി പറഞ്ഞു. 

കോലിയെ മിസ് ചെയ്യും

'നായകനും ബാറ്റ്സ്‌മാനും എന്ന നിലയില്‍ കോലിയുടെ അഭാവം ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെ ബാധിക്കും. ബാറ്റ്സ്മാനായി ഓസ്‌ട്രേലിയയില്‍ വിസ്‌മയ റെക്കോര്‍ഡാണ് കോലിക്കുള്ളത്. ഓസ്‌ട്രേലിയയില്‍ ഏതൊരു താരവും കൊതിക്കുന്ന പ്രകടനമാണത്. ക്യാപ്റ്റന്‍ എന്ന നിലയിലുള്ള പരിചയസമ്പത്ത്, മത്സരാവേശം, മുന്നില്‍ നിന്ന് നയിക്കാനുള്ള പാടവം, ഫീല്‍ഡിംഗ്, ശരീരഭാഷ, ജയിക്കാനുള്ള ത്വര എന്നിവയെല്ലാം ടീം മിസ് ചെയ്യും' എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 

'മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വലിയ ഭീഷണി'; കോലിപ്പടയ്‌ക്ക് മുന്നറിയിപ്പുമായി ഗാവസ്‌കര്‍

click me!