
കാന്‍ബറ: ഓസ്‌ട്രേലിയ - ഇന്ത്യ ഒന്നാം ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കാന്‍ബറ, മനുക ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 9.4 ഓവറില്‍ ഒന്നിന് 97 എന്ന നിലയില്‍ നില്‍ക്കെയാണ് രണ്ടാമതും മഴയെത്തിയത്. എന്നാല്‍ തോരാമഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (24 പന്തില്‍ 39), ശുഭ്മാന്‍ ഗില്‍ (20 പന്തില്‍ 37) എന്നിവരായിരുന്നു ക്രീസില്‍. അഭിഷേക് ശര്‍മയുടെ (14 പന്തില്‍ 19) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നതാന്‍ എല്ലിസിലാണ് വിക്കറ്റ്. നേരത്തെ അഞ്ചാം ഓവറിന് ശേഷം മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു.
ജോഷ് ഹേസല്‍വുഡിന്റെ ആദ്യ ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി അഭിഷേക് ശര്‍മയാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. സേവിയര്‍ ബാര്‍ട്ലെറ്റ് എറിഞ്ഞ രണ്ടാം ഓവറില്‍ അഭിഷേക് രണ്ട് ബൗണ്ടറി കൂടി നേടി. ഹേസല്‍വുഡെറിഞ്ഞ മൂന്നാം ഓവറില്‍ ഗില്ലും അഭിഷേകും ഓരോ ബൗണ്ടറി വീതം നേടി തുടക്കം കളറാക്കി. ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ നഥാന്‍ എല്ലിസ് എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ ഗില്‍ അടുത്ത പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ടു. തൊട്ടു പിന്നാലെ എല്ലിസിനെ സ്‌ട്രൈറ്റ് ബൗണ്ടറി കടത്തി ഗില്‍ കരുത്തുകാട്ടി.
എന്നാല്‍ സ്ലോ ബോളില്‍ അഭിഷേകിനെ മിഡോഫില്‍ ടിം ഡേവിഡിന്റെ കൈയിലെത്തിച്ച് എല്ലിസ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. തൊട്ടടുത്ത ഓവറില്‍ ജോഷ് ഹേസല്‍വുഡിന് മുന്നില്‍ ആദ്യം പതറിയെങ്കിലും മൂന്നാം പന്ത് സിക്‌സിന് പറത്തി സൂര്യകുമാര്‍ യാദവ് ഓസീസിനെ ഞെട്ടിച്ചു. പിന്നാലെ മഴമൂലം കളി നിര്‍ത്തിച്ചു. മത്സരം പുനരാരംഭിച്ചതിന് ശേഷം ഗില്‍-സൂര്യ സഖ്യം ആക്രമണം ഏറ്റെടുത്തു. ഇരുവരും മഴയ്ക്ക് തൊട്ടുമുമ്പ് 62 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു.
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തെരഞ്ഞടുക്കുകയായിരുന്നു. താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജിതേഷ് ശര്‍മയും അര്‍ഷ്ദീപ് സിംഗും പുറത്തായി. രണ്ടാം പകുതിയില്‍ സ്ലോ ആകുമെന്ന് കരുതുന്ന പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും അക്‌സര്‍ പട്ടേലുമാണ് ഇന്ത്യയുടെ സ്പിന്‍ നിരയിലുള്ളത്. ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ ശിവം ദുബെ മൂന്നാം പേസറുടെ റോള്‍ നിര്‍വഹിക്കുമ്പോള്‍ അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരാണ് സഞ്ജുവിനെ കൂടാതെ ബാറ്റിംഗ് നിരയിലുള്ളത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഓസ്‌ട്രേലിയ: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു കുഹ്നെമാന്‍, ജോഷ് ഹേസല്‍വുഡ്.
ഇന്ത്യ: അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.