പിങ്ക് പന്തില്‍ ചരിത്രത്തിലേക്ക് പന്തെറിയാന്‍ ഇശാന്ത്; കാത്തിരിക്കുന്നത് എലൈറ്റ് ക്ലബിലിടം

By Web TeamFirst Published Feb 23, 2021, 8:55 AM IST
Highlights

നൂറാം ടെസ്റ്റിനിറങ്ങുമ്പോൾ ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടത്തിലെത്തും ഇശാന്ത് ശർമ്മ.

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശർമ്മ. നാളെ ഇംഗ്ലണ്ടിനെതിരെ ഇശാന്ത് ഇറങ്ങുന്നത് കരിയറിലെ നൂറാം ടെസ്റ്റിനാണ്. ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമെന്ന നാഴികക്കല്ലിലെത്തും ഇതോടെ ഇശാന്ത് ശർമ്മ. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേതൃത്വം കൊടുക്കുന്ന എലൈറ്റ് പട്ടികയിലാണ് ഇശാന്ത് ഇടംപിടിക്കുക.  

2007 മെയ് 25ന് ധാക്കയിൽ തുടങ്ങിയ ഇശാന്ത് ശ‍‍ർമ്മയുടെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിന് നാളെ നൂറിന്റെ തിളക്കമാകും. ഇംഗ്ലണ്ടിനെതിരെ മൊട്ടേറയിൽ ഇറങ്ങുമ്പോൾ കപിൽ ദേവിന് ശേഷം നൂറ് ടെസ്റ്റിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എന്ന നേട്ടം ഇശാന്തിന് സ്വന്തം. നിലവിൽ രാജ്യാന്തര ക്രിക്കറ്റിൽ തുടരുന്നവരിൽ ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും മാത്രമാണ് നൂറിലേറെ ടെസ്റ്റിൽ കളിച്ചിട്ടുള്ള ഫാസ്റ്റ് ബൗളർമാർ. ഇതുകൊണ്ടുതന്നെ ഒരു ഇന്ത്യൻ പേസർ ടെസ്റ്റിൽ നൂറിന്റെ നിറവിൽ എത്തുന്നതിന് ഇരട്ടി തിളക്കം.

മഹത്തായ ഇന്നിങ്‌സ്, പക്ഷേ നാല് ദിവസം വൈകി; ഓസീസിനെ പഞ്ഞിക്കിട്ട കിവീസ് താരം കോണ്‍വെയോട് അശ്വിന്‍

ആധുനിക ക്രിക്കറ്റിൽ ഇടവേളകളില്ലാതെ മത്സരങ്ങളായതോടെ 100 ടെസ്റ്റ് കളിക്കുന്ന അവസാന ഇന്ത്യൻ ഫാസ്റ്റ് ബൗളറാവും ഇശാന്ത് ശർമ്മയെന്ന് കരുതുന്നവർ ഏറെ. 50 ടെസ്റ്റിൽ കളിച്ചിട്ടുള്ള മുപ്പതുകാരനായ മുഹമ്മദ് ഷമിയാണ് ഇശാന്തിന് പിന്നിലുള്ള ഇന്ത്യൻ പേസർ. 33കാരനായ ഉമേഷ് യാദവ് നാൽപത്തിയെട്ടും 27കാരനായ ജസ്പ്രീത് ബുംറ പതിനെട്ടും ടെസ്റ്റുകളിലാണ് പന്തെറിഞ്ഞത്. 99 ടെസ്റ്റിൽ 302 വിക്കറ്റാണ് ഇശാന്തിന്റെ സമ്പാദ്യം.

പരമ്പരയ്‌ക്കിടെ മറ്റൊരു നേട്ടവും

കപിൽ ദേവിനും സഹീർ ഖാനും ശേഷം ടെസ്റ്റില്‍ 300 വിക്കറ്റ് ക്ലബിലെത്തുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളറെന്ന നേട്ടവും ഇശാന്തിന് സ്വന്തം. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഡാനിയേല്‍ ലോറന്‍സിനെ പുറത്താക്കിയാണ് ഇശാന്ത് മുന്നൂറ് വിക്കറ്റ് തികച്ചത്. 

ആദ്യ ഓസ്ട്രേലിയൻ പര്യടനത്തിൽ റിക്കി പോണ്ടിംഗിനെ വിറപ്പിച്ചാണ് ഇശാന്ത് ശർമ്മ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായത്. ആദ്യ 79 ടെസ്റ്റിൽ 226 വിക്കറ്റ് വീഴ്ത്തിയ ഡൽഹിതാരം അവസാന 20 ടെസ്റ്റിൽ സ്വന്തമാക്കിയത് 76 വിക്കറ്റ്. ബുംറയുടേയും ഷമിയുടേയും പിന്തുണയ്‌ക്കൊപ്പം വിരാട് കോലിയുടെ ആക്രമണോത്സുക നേതൃത്വവും ഇശാന്തിന്റെ കരിയറിൽ നിർണായകമായി. 2014ൽ ഇംഗ്ലണ്ടിനെതിരെ 74 റൺസിന് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഇംഗ്ലണ്ടിനെതിരായ പിങ്ക് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത

പരുക്ക് ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് മുപ്പത്തിരണ്ടുകാരനായ ഇശാന്തിന്റെ പ്രയാണം. വ്യക്തിഗത നേട്ടങ്ങളെക്കാൾ എപ്പോഴും ടീമിന്റെ വിജയത്തിനാണ് പ്രാധാന്യമെന്ന് ഇശാന്ത് ശർമ്മ പറയുന്നു.

എലൈറ്റ് ക്ലബിലേക്ക് ഇശാന്ത് ശര്‍മ്മ

ടെസ്റ്റിൽ സച്ചിൻ ടെൻഡുൽക്കറാണ്(200) ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം. 163 ടെസ്റ്റുമായി രാഹുൽ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. വി വി എസ് ലക്ഷ്‌മൺ 134 ടെസ്റ്റുമായി മൂന്നാം സ്ഥാനത്ത്. അനിൽ കുംബ്ലെ, കപിൽ ദേവ്, സുനിൽ ഗാവസ്‌കർ, ദിലീപ് വെംഗ്സാർക്കർ, സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ്, വിരേന്ദർ സെവാഗ് എന്നിവരാണ് നൂറ് ടെസ്റ്റ് കളിച്ചിട്ടുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. 99 ടെസ്റ്റുമായി മുഹമ്മദ് അസ്ഹറുദ്ദീനൊപ്പമാണിപ്പോൾ ഇശാന്ത് ശർമ്മയുടെ സ്ഥാനം. 

മൊട്ടേറ ഒരുങ്ങി; മൂന്നാം ടെസ്റ്റ് നാളെ മുതല്‍, ഇരു ടീമിനും നിര്‍ണായകം! മാറ്റങ്ങള്‍ക്ക് ടീം ഇന്ത്യ

click me!