Asianet News MalayalamAsianet News Malayalam

ആറ് വിക്കറ്റ് നഷ്‌ടം; ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിയര്‍ക്കുന്നു

അവസാന ദിനത്തിന്‍റെ ആദ്യ സെഷനില്‍ ജിമ്മി ആന്‍ഡേഴ്‌സണിന്‍റെ ഇന്‍-സ്വിങറുകളാണ് ഇന്ത്യക്ക് കെണിയൊരുക്കിയത്. 

India vs England 1st Test Chennai Team India lose 6 wicktes
Author
Chennai, First Published Feb 9, 2021, 11:46 AM IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ പ്രതിരോധത്തില്‍. അവസാനദിനം ഒന്‍പത് വിക്കറ്റുകള്‍ കയ്യിലിരിക്കേ 381 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 144-6 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. മൂന്ന് വിക്കറ്റുമായി ആന്‍ഡേഴ്‌സണും രണ്ട് വിക്കറ്റുമായി ലീച്ചും ഒരാളെ പുറത്താക്കി ബെസ്സും ഇന്ത്യയെ വരിഞ്ഞുമുറുക്കുകയായിരുന്നു. വിരാട് കോലിയും (45*), ആര്‍ അശ്വിനും (2*) ക്രീസില്‍ നില്‍ക്കേ ഇന്ത്യക്ക് ജയിക്കാന്‍ 276 റണ്‍സ് കൂടി വേണം. 

ജിമ്മി കൊടുങ്കാറ്റ്

ചെപ്പോക്കില്‍ 420 റണ്‍സാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ വിജയലക്ഷ്യം. ഓപ്പണർ രോഹിത് ശർമ്മയെ (12) നാലാംദിനം ലീച്ച് ബൗള്‍ഡാക്കിയിരുന്നു. ഇതോടെ അവസാനദിനം ഇന്ത്യക്ക് ജയിക്കാന്‍ 381 റണ്‍സ് വേണമെന്നായി. 39/1 എന്ന നിലയില്‍ അഞ്ചാംദിനം ആരംഭിക്കുമ്പോള്‍ ശുഭ്‍മാന്‍ ഗില്ലും (15*), ചേതേശ്വർ പൂജാരയുമായിരുന്നു (12*) ക്രീസില്‍. പൂജാരയെ 15 റണ്‍സില്‍ നില്‍ക്കേ സ്റ്റോക്‌സിന്‍റെ കൈകളില്‍ ലീച്ച് എത്തിച്ചു. പിന്നാലെ അര്‍ധ സെഞ്ചുറിയുമായി ഗില്‍ സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 27-ാം ഓവറില്‍ ജിമ്മി ഇരട്ട ഇന്‍-സ്വിങര്‍ കെണിയൊരുക്കി. 

രണ്ടാം പന്തില്‍ ഗില്ലും (50), അഞ്ചാം പന്തില്‍ രഹാനെയും (0) ബൗള്‍ഡ്. ആദ്യ ഇന്നിംഗ്‌സില്‍ അതിവേഗം സ്‌കോര്‍ കണ്ടെത്തിയ റിഷഭ് പന്തിനെ 33-ാം ഓവറിലെ മൂന്നാം പന്തില്‍ കവര്‍‌ഡ്രൈവിന് ക്ഷണിച്ച് റൂട്ടിന്‍റെ കൈകളില്‍ എത്തിച്ചു സ്റ്റാര്‍ പേസര്‍. പന്തിന്‍റെ സമ്പാദ്യം 11 റണ്‍സ്. തൊട്ടടുത്ത ഓവറില്‍ ബെസ്, സുന്ദറിനെ (0) വിക്കറ്റിന് പിന്നില്‍ ബട്‌ലറുടെ കൈകളില്‍ എത്തിച്ചതോടെ ഇന്ത്യ 117-6 എന്ന പരുങ്ങലിലായി. വിരാട് കോലി-രവിചന്ദ്ര അശ്വിന്‍ സഖ്യത്തിലാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷ.

ആദ്യ ഇന്നിംഗ്സില്‍ 241 റണ്‍സിന്‍റെ  വമ്പന്‍ ലീഡുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് 178 റണ്‍സില്‍ നാലാംദിനം പുറത്തായി. 419 റണ്‍സിന്‍റെ ആകെ ലീഡാണ് ഇന്ത്യക്ക് മുന്നില്‍ ഇംഗ്ലണ്ട് പടുത്തുയർത്തിയത്. ഇന്ത്യക്കായി സ്‍പിന്നർ രവിചന്ദ്ര അശ്വിന്‍ 61 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്‍ത്തി.   

അശ്വിന്‍ വീശിയടിച്ചു, പക്ഷേ!

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട അശ്വിന്‍ തന്നെയാണ് അവസാന വിക്കറ്റും വീഴ്‍ത്തിയത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ റോറി ബേണ്‍സിനെ (0) മടക്കി അശ്വിന്‍ തുടങ്ങി. പിന്നാലെ ഡൊമിനിക് സിബ്ലി (16), ബെന്‍ സ്റ്റോക്‌സ് (7) എന്നിവരും അശ്വിന്റെ തിരിപ്പിന് മുന്നില്‍ കീഴടങ്ങി. വാലറ്റത്ത് ഡൊമിനിക് ബെസ്സും(25), ജോഫ്ര ആർച്ചറും(5), ജയിംസ് ആന്‍ഡേഴ്‍സണും(0) കീഴടങ്ങിയതും അശ്വിന് മുന്നില്‍. 

ആക്രമിച്ച് കളിച്ച നായകന്‍ ജോ റൂട്ട് (32 പന്തില്‍ 40) ആണ് രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറർ. ജസ്പ്രീത് ബുമ്ര റൂട്ടിന്‍റെ നിർണായക വിക്കറ്റ് നേടി. ഡാനിയേല്‍ ലോറന്‍സിനെ 18ല്‍ നില്‍ക്കേ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇശാന്ത് ശർമ്മ മൂന്നൂറാം ടെസ്റ്റ് വിക്കറ്റ് തികച്ചത് ഇന്ത്യക്ക് ആശ്വസിക്കാം. ഓലി പോപ്(28), ജോസ് ബട്‍ലർ(24) എന്നിവരെ നദീം പുറത്താക്കി. എന്നാല്‍ രണ്ടാം ഇന്നിംഗ്സിലെ കൂട്ടത്തകർച്ചയിലും ഇംഗ്ലണ്ടിന് ആത്മവിശ്വാസമാകുന്നതായിരുന്നു ആദ്യ ഇന്നിംഗ്സിലെ മികച്ച ലീഡ്. 

സുന്ദര്‍, ഇന്ത്യയുടെ സുന്ദര ഹീറോ

നേരത്തെ, ആദ്യ ഇന്നിംഗ്‍സില്‍ ഇംഗ്ലണ്ടിന്‍റെ 578 റണ്‍സിനെതിരെ ഇന്ത്യ 337ന് എല്ലാവരും പുറത്തായിരുന്നു. ബെസ്സ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ പൂജാര, പന്ത്, സുന്ദര്‍ എന്നിവരുടെ ബാറ്റിംഗാണ് വമ്പന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ഓപ്പണർമാരായ രോഹിത് ശർമ്മയേയും (6), ശുഭ്‍മാന്‍ ഗില്ലിനേയും (29) പുറത്താക്കി ആർച്ചർ തുടക്കത്തിലേ ഭീഷണി സൃഷ്ടിച്ചു. എന്നാല്‍ പൂജാര (143 പന്തില്‍ 73), സുന്ദര്‍ (138 പന്തില്‍ 85*), പന്ത് (88 പന്തില്‍ 91) എന്നിവര്‍ രക്ഷകരായി. ഇതില്‍ വാലറ്റത്തെ കൂട്ടുപിടിച്ചുള്ള സുന്ദറിന്‍റെ ബാറ്റിംഗ് അതിനിര്‍ണായകമായി. 

നായകന്‍ വിരാട് കോലി 11നും ഉപനായകന്‍ അജിങ്ക്യ രഹാനെ ഒന്നിനും പുറത്തായി. വാലറ്റത്ത് അശ്വിന്‍ 31 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ബെസ്സിന്‍റെ നാലിന് പുറമേ ആന്‍ഡേഴ്‍സണും ആർച്ചറും ലീച്ചും രണ്ട് വീതവും വിക്കറ്റ് നേടി. എന്നാല്‍ ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുക എന്ന തന്ത്രം ഇംഗ്ലണ്ട് പയറ്റി.  

വേരുറച്ച റൂട്ട്

നൂറാം ടെസ്റ്റ് കളിക്കുന്ന നായകന്‍ ജോ റൂട്ടിന്‍റെ ഇരട്ട സെഞ്ചുറിയുടെ (377 പന്തില്‍ 218) കരുത്തിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‍സില്‍ 578 എന്ന കൂറ്റന്‍ സ്കോർ പടുത്തുയർത്തിയത്. ലങ്കയിലെ മിന്നും ഫോം ഇന്ത്യയിലും തുടരുകയായിരുന്നു റൂട്ട്. ഡൊമനിക് സിബ്ലി 87 ഉം ബെന്‍ സ്റ്റോക്സ് 82 ഉം ഓലി പോപും ഡൊമനിക് ബെസ്സും 34 വീതവും റോറി ബേണ്‍സ് 33 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ബുമ്രയും അശ്വിനും മൂന്ന് വീതവും നദീമും ഇശാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 

ഇയാന്‍ ബെല്ലിന്റെ പ്രവചനം പാടെ തെറ്റി; അല്ല, റിഷഭ് പന്ത് തെറ്റിച്ചു

Follow Us:
Download App:
  • android
  • ios