Asianet News MalayalamAsianet News Malayalam

തിരിച്ചുവരാന്‍ ഉമേഷ് യാദവ്; ഫിറ്റ്നസ് പരീക്ഷ ഉടനെന്ന് റിപ്പോര്‍ട്ട്

ഉമേഷ് ഫിറ്റ്‌നസ് തെളിയിച്ചാല്‍ അഹമ്മദാബാദില്‍ 24-ാം തിയതി ആരംഭിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ കളിക്കും എന്നാണ് റിപ്പോര്‍ട്ട്.

India vs England 3rd Test Umesh Yadav fitness test likely to happen couple of days report
Author
Ahmedabad, First Published Feb 20, 2021, 11:56 AM IST

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന് ഫിറ്റ്‌നസ് പരീക്ഷ. ആദ്യ രണ്ട് ടെസ്റ്റും പരിക്കുമൂലം നഷ്‌ടമായ ഉമേഷ് ഫിറ്റ്‌നസ് തെളിയിച്ചാല്‍ അഹമ്മദാബാദില്‍ 24-ാം തിയതി ആരംഭിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ കളിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ സാധ്യതയുള്ള ഏക മാറ്റം ഉമേഷിന്‍റേതാണ്. 

ഉമേഷിന്‍റെ ഫിറ്റ്‌നസ് പരീക്ഷ ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും എന്നും ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ മെല്‍ബണില്‍ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെയാണ് ഉമേഷിന് പരിക്കേറ്റത്. 

ചെന്നൈയില്‍ ഓരോ ടെസ്റ്റുകള്‍ ജയിച്ച് ഇരു ടീമും 1-1ന് പരമ്പരയില്‍ സമനില പാലിക്കുകയാണ് നിലവില്‍. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് 227 റണ്‍സിന് ജയിച്ചെങ്കില്‍ രണ്ടാം മത്സരത്തില്‍ 317 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി കോലിപ്പട പകരംവീട്ടി. നവീകരിച്ച മൊട്ടേറ സ്റ്റേഡിയത്തിലാണ് മൂന്നും നാലും ടെസ്റ്റുകള്‍ നടക്കുക. 24ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് പകലും രാത്രിയുമായി പിങ്ക് പന്തിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് യോഗ്യത നേടാന്‍ പരമ്പര 2-1നോ 3-1നോ ഇന്ത്യ നേടേണ്ടതുണ്ട്.  

ഐപിഎല്ലില്‍ ഉമേഷ് വീണ്ടും ഡല്‍ഹിയില്‍

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ താരലേലത്തില്‍ ഉമേഷിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒരു കോടി രൂപയ്‌ക്ക് സ്വന്തമാക്കിയിരുന്നു. മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സ്(ഡെയര്‍ഡെവിള്‍ഡ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കായി താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഇതുവരെ 121 മത്സരങ്ങള്‍ കളിച്ച ഉമേഷിന് 8.51 ഇക്കോണമിയില്‍ 119 വിക്കറ്റാണ് സമ്പാദ്യം.  

മൂന്നാം ടെസ്റ്റിനായി ഇന്ത്യ-ഇംഗ്ലണ്ട് ടീമുകള്‍ അഹമ്മദാബാദിലെത്തി

Follow Us:
Download App:
  • android
  • ios