മൂന്നാം ടി - 20യും മഴ മുടക്കുമോ; കാലാവസ്ഥ പ്രവചനമിങ്ങനെ ..

By Web TeamFirst Published Sep 22, 2019, 2:41 PM IST
Highlights

മഴയ്‌ക്ക് സാധ്യതകളെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക രണ്ടാം ടി20ക്ക് മുന്‍പ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്‍റണ്‍ ഡികോക്ക് പങ്കുവെച്ചിരുന്നു

ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ആശങ്കയായി കാലാവസ്ഥ മുന്നറിയിപ്പ്. മത്സരം നടക്കുന്ന ബെംഗളൂരുവില്‍ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ പ്രവചനങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. 

മഴയ്‌ക്ക് സാധ്യതകളെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക രണ്ടാം ടി20ക്ക് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്‍റണ്‍ ഡികോക്ക് പങ്കുവെച്ചിരുന്നു. ധരംശാലയില്‍ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്ന് മത്സരങ്ങളുടെ ഈ പരമ്പര രണ്ട് മത്സരങ്ങള്‍ മാത്രമായി ചുരുങ്ങി. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി പരമാവധി മത്സരങ്ങള്‍ കളിക്കാനാണ് ശ്രമമെന്നും മൊഹാലിയില്‍ ഡികോക്ക് പറഞ്ഞു. 

ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ മൊഹാലി ടി20യില്‍ ഏഴ് വിക്കറ്റിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. പരമ്പര ജയത്തിനായാണ് മൂന്നാമത്തെയും അവസാനത്തെയും ടി20ക്കായി ടീം ഇന്ത്യ ബെംഗളൂരുവില്‍ ഇറങ്ങുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. 

മഴയുടെ ആശങ്കകള്‍ക്കിടയിലും ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസം പകരുന്നതാണ്. മഴ പെയ്താല്‍ പെട്ടന്ന് ഗ്രൗണ്ടിലെ നനവ് നീക്കാനുള്ള സൗകര്യം ഇന്ത്യയിലെ മറ്റേത് സ്റ്റേഡിയത്തേക്കാളും ചിന്നസ്വാമിയിലുണ്ട്. അതുകൊണ്ട് വൈകിയാലും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

click me!