
മുംബൈ: ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പര തേടി ഇന്ന് പൂനെയിലിറങ്ങുകയാണ് ഇന്ത്യ. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നത് മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് സഞ്ജു ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുന്നില്ല. 2024ല്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച തലമുറ മാറ്റത്തിനാണ് ടീം മാനേജ്മെന്റ് ശ്രമിക്കുന്നത്. ഹാര്‍ദിക് ഇന്ത്യയുടെ സ്ഥിരം ടി20 നായകനാവാനും സാധ്യതയേറെയാണ്.
രണ്ടാം ടി20യില്‍ മാറ്റങ്ങളുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജുവിന് പകരം രാഹുല്‍ ത്രിപാഠി ടീമിലെത്താനാണ് സാധ്യത. അതുമല്ലെങ്കില്‍ റിതുരാജ് ഗെയ്കവാദിനെ പരിഗണിക്കും. ബാറ്റിംഗ് ലൈനപ്പില്‍ ആകെ ഉണ്ടാവാകുന്ന മാറ്റം ഇതുതന്നെയാണ്. അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറായി നിലനിര്‍ത്തും. കൂടെ ഇഷാന്‍ കിഷനും തുടരും. സൂര്യകുമാര്‍ നാലാമനായി ക്രീസിലെത്തും. നായകനും ഓള്‍റൗണ്ടറുമായി ഹാര്‍ദിക് പാണ്ഡ്യ അഞ്ചാമനായി കളിക്കാനെത്തും. കഴിഞ്ഞ മത്സരത്തിലെ ഹീറോ, ദീപക് ഹൂഡയ്ക്കും സ്ഥാനമുറപ്പാണ്.
രണ്ട് സ്പിന്നര്‍മാര്‍ ടീമിലുണ്ടാവും. രവീന്ദ്ര ജേഡജയുടെ അഭാവത്തില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ സ്ഥാനം നിലനിര്‍ത്തും. കഴിഞ്ഞ മത്സരത്തില്‍ റണ്‍ വഴങ്ങിയ യൂസ്‌വേന്ദ്ര ചാഹലിന് സ്ഥാനം നഷ്ടമാവും. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്താന്‍ സാധ്യതയേറെ. വാലറ്റത്ത് ബാറ്റിംഗ് കരുത്ത് കൂട്ടുമെന്നുള്ളത് സുന്ദറിനെ പരിഗണിക്കാന്‍ ഗുണം ചെയ്യും. കഴിഞ്ഞ മത്സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്ക് എന്നീ പേസര്‍മാര്‍ സ്ഥാനം നിലനിര്‍ത്തും. അര്‍ഷ്ദീപ് സിംഗ് തിരിച്ചെത്തിയാല്‍ ഹര്‍ഷലിന് സ്ഥാനം നഷ്ടമാവും. ഹാര്‍ദിക്കിന്റെ രണ്ടോ മൂന്നോ ഓവറുകള്‍ മത്സരത്തില്‍ നിര്‍ണായകമാവും. പേസര്‍ മുകേഷ് കുമാര്‍ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്ക്.
ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രജപക്സ, ദസുന്‍ ഷനക, ചാമിക കരുണാരത്നെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ലാഹിരു കുമാര, കശുന്‍ രജിത.
കാല്‍മുട്ടിന് പരിക്ക്, സഞ്ജുവിന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നഷ്ടം; ജിതേശ് ശര്‍മ ടീമില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!